വയനാട്ടിൽ ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനം തടഞ്ഞു; ദീർഘദൂര സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി
text_fieldsകല്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും സാമ്പത്തിക സഹായം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. യു.ഡി.എഫും എൽ.ഡി.എഫുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വൈകുന്നേരം ആറു വരെ നടത്തുന്ന ഹർത്താലിന് വിവിധ സംഘടനകളുടെയും പിന്തുണയുണ്ട്. ദുരന്തത്തിന്റെ അതിജീവിതരുടെ കൂട്ടായ്മയായ ജനകീയ സമിതിയുടെ പിന്തുണയും ഹർത്താലിനുണ്ട്. കടകൾ അടഞ്ഞു കിടക്കുകയാണ്.
അതേസമയം, ലക്കിടിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പുലർച്ചെ വയനാട് ചുരം ഇറങ്ങുന്ന ബസുകൾ ഒഴികെ ഓടില്ലെന്നും പിന്നീട് വൈകുന്നേരം ആറിനു ശേഷം മാത്രമേ ബസുകൾ ഓടൂവെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. എന്നാൽ, ദീർഘദൂര സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തും.
തെരഞ്ഞെടുപ്പ് ഔദ്യോഗിക വാഹനങ്ങൾ, ഉദ്യോഗസ്ഥർ, ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ല ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ പി.ടി. ഗോപാലക്കുറുപ്പ് എന്നിവർ അറിയിച്ചു.
രാവിലെ കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസിലേക്ക് യു.ഡി.എഫിന്റെ മാർച്ചും കൽപറ്റയിലടക്കം എൽ.ഡി.എഫിന്റെ പ്രതിഷേധ പ്രകടനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.