ആയുഷ്കാലത്തെ ഏക സമ്പാദ്യവും തട്ടിയെടുത്ത്...
text_fieldsചൂരൽമല (വയനാട്): അരപ്പതിറ്റാണ്ടു നീണ്ട എസ്റ്റേറ്റ് പാടി ജീവിതത്തിനിടയിൽ സ്വരുക്കൂട്ടിയ ചില്ലറകളും മകനെ വിദേശത്തേക്ക് പറഞ്ഞയച്ച് മിച്ചംവെച്ചതുമെല്ലാം കൂട്ടിവെച്ചാണ് മുണ്ടക്കൈയിലെ സുധാകരൻ സ്വന്തമായി ചെറിയൊരു വീടുവെച്ചത്. വീട് താമസത്തിന് മകന്റെ വരവും കാത്തിരുന്ന സുധാകരന് പക്ഷേ, ഒരുദിവസംപോലും അവിടെ താമസിക്കാനുള്ള ഭാഗ്യമുണ്ടായില്ല. ഉരുൾപൊട്ടലിൽ സുധാകരന്റെ സ്വപ്നവീടും തരിപ്പണമായി.
തകർന്നുവീഴാറായ എസ്റ്റേറ്റ് പാടിയിലെ ഇടുങ്ങിയ മുറിക്കുള്ളിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുമ്പോഴാണ് നിനച്ചിരിക്കാതെ ഉരുൾപൊട്ടുന്ന വലിയ ശബ്ദം കേൾക്കുന്നത്. ശബ്ദത്തോടൊപ്പം പാടി അപ്പാടെ കുലുങ്ങുന്നുണ്ടായിരുന്നു. ഉടനെ ഭാര്യയെയും കൂട്ടി തോട്ടത്തിലേക്ക് ഓടി. 60കാരനായ സുധാകരന് വീണു പരിക്കേറ്റെങ്കിലും പ്രാണരക്ഷാർഥമുള്ള ഓട്ടത്തിനിടെ അതൊന്നും കാര്യമാക്കിയില്ല. തോട്ടത്തിൽനിന്ന് ദുരെയുള്ള ബംഗ്ലാവിലേക്ക് ഇവർ മാറുമ്പോഴേക്കും മലമുകളിൽനിന്ന് ചളിയും കൂറ്റൻ മരങ്ങളും വലിയ പാറകളും നിറഞ്ഞ മലവെള്ളപ്പാച്ചിൽ സുധാകരൻ ഉൾപ്പെടെ ആറു കുടുംബങ്ങൾ താമസിക്കുന്ന പാടി തുടച്ചുനീക്കിയിരുന്നു. സുധാകരന്റെ കാണാതായ സഹോദരിയുടെ മകനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സഹോദരീ ഭർത്താവ് മരണത്തിന് കീഴടങ്ങി. 2019ലെ പുത്തുമല ദുരന്തത്തിൽ ഇവരുടെ ഒരു സഹോദരി നഷ്ടപ്പെട്ടിരുന്നു. പുത്തുമല ദുരന്തസമയത്ത് ഏറെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇത്തവണ കാര്യമായ മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നറിയാതെ മേപ്പാടി കോൺവെന്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സുധാകരൻ.
സന്നദ്ധ സേവനത്തിന് ആരാധനകേന്ദ്രങ്ങളും
മേപ്പാടി: ഒരു പ്രദേശത്തെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ ദുരന്തഭൂമിയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും സജീവം. അപകടമുണ്ടായ ചൊവ്വാഴ്ച രാവിലെ മുതൽ ചൂരൽമല ജുമാ മസ്ജിദിൽ സന്നദ്ധ പ്രവർത്തനം സജീവമായിരുന്നു. സന്നദ്ധ പ്രവർത്തകർക്കും മറ്റും ഭക്ഷണവും വെള്ളവുമെല്ലാം മസ്ജിദ് പരിസരത്ത് തയാറാക്കി. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും ഒരുക്കിയിരുന്നു. നൂറുകണക്കിന് വളന്റിയർമാരാണ് മസ്ജിദ് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തനത്തിനെത്തിയത്.
ചൂരൽമല ടൗണിലെ അമ്പലം മലവെള്ളപ്പാച്ചിലിൽ നാമാവശേഷമായി. ഈയടുത്താണ് അമ്പലം പുതുക്കിപ്പണിതത്. ഇപ്പോൾ അമ്പലം നിന്ന സ്ഥലം കുത്തിയൊലിച്ചൊഴുകുന്ന പുഴയായി. മേപ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ച് മതസംഘടനകൾ സജീവമായി രംഗത്തുണ്ട്. വിവിധ ചർച്ചുകളുടെ നേതൃത്വത്തിൽ സഹായങ്ങൾ സ്വീകരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്നു. ഇതിനായി പ്രത്യേക കൗണ്ടറുകളും തുടങ്ങിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾക്കൊപ്പം വിവിധ മതസംഘടനകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.