ഭീഭത്സം... ദുരന്തകാഴ്ചകൾ
text_fieldsചൂരൽമല (വയനാട്): ഇനിയൊന്നുമില്ല ഇവിടെ, ചൂരൽമല എന്ന പേരല്ലാതെ. എല്ലാം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരിക്കുന്നു. മുണ്ടക്കൈയിൽ ഉരുൾപൊട്ടി പുഴ ഗതിമാറി ജനവാസ മേഖലയിലൂടെ ഒഴുകിയതോടെ, മുന്നൂറിലേറെ വീടുകളാണ് പൂർണമായി നശിച്ചത്. ഇതിൽ ചുരുക്കം വീടുകളൊഴികെ ബാക്കിയേറെയും പൂർണമായി ഒലിച്ചുപോയിരിക്കുന്നു. വിവരാണാതീതമാണ് ഇവിടത്തെ കാഴ്ചകൾ. വലിയ പാറക്കല്ലുകളും കൂറ്റൻ മരത്തടികളുമാണ് എങ്ങും. ഒഴുകിയെത്തിയ കാറുകൾ അടക്കം നിരവധി വാഹനങ്ങളുമുണ്ട്. വീടുകൾ നിന്ന സ്ഥലം പോലും വ്യക്തമല്ല. ഒഴുകിയെത്തിയ ചളിക്കും മണ്ണിനുമടിയിൽ എത്രയാളുകളുണ്ടെന്നു പോലും വ്യക്തമല്ല.
ആനയോളം വലിയ ആയിരക്കണക്കിന് കല്ലുകൾ
ഉരുൾപൊട്ടി പുഴ ഗതിമാറിയൊഴുകിയ ഭാഗങ്ങളിൽ ഒലിച്ചെത്തിയത് ആയിരക്കണക്കിന് പാറക്കല്ലുകളാണ്. അതും ആനയോളം വലിപ്പമുള്ളവ. ഈ കല്ലുകൾ തട്ടിയാണ് ഇരുനിലകളുള്ളവയടക്കം ചൂരൽമലയിലെ നൂറിലേറെ വീടുകൾ അപ്രത്യക്ഷമായത്. ഈ കല്ലുകൾക്കൊപ്പം വലിയതോതിൽ മരത്തടികളും എത്തിയിട്ടുണ്ട്. കല്ലും മരവും ചുവരുകളിലിടിച്ചാണ് വെള്ളാമല സ്കൂളിന്റെ കെട്ടിടവും തകർന്നത്.
ഒഴുകിയെത്തിയത് കുന്നോളം മരത്തടികൾ
ഉരുൾപൊട്ടലിൽ കുന്നോളം മരത്തടികളാണ് ചൂരൽമല അങ്ങാടിയോട് ചേർന്നുള്ള ഭാഗങ്ങളിൽ അടിഞ്ഞത്. വെള്ളാർമല സ്കൂളിന്റെ ക്ലാസ് മുറികൾക്കുള്ളിലടക്കം മരത്തടികളാണ്. സ്കൂളിന്റെ സൺഷേഡിലുൾപ്പെടെ മരത്തടികൾ കുടുങ്ങിക്കിടക്കുന്നത് കാണുമ്പോഴാണ് മൂന്നാൾവരെ പൊക്കത്തിലാണ് ഇവിടെ മലവെള്ളപ്പാച്ചിലുണ്ടായതെന്ന ഭീകരത വ്യക്തമാവുക. മരത്തടികൾക്കും പാറക്കല്ലുകൾക്കുമിടയിൽ ഇനിയും മൃതദേഹങ്ങളുണ്ടാകുമെന്നാണ് സൂചന.
തകർന്നത് മുന്നൂറിലേറെ വീടുകൾ
ഉരുൾപൊട്ടിയ മുണ്ടക്കൈയിലും മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയുടെ താഴ്ഭാഗത്തും മുകൾ ഭാഗത്തുമായി മുന്നൂറിലേറെ വീടുകളാണ് പൂർണമായി നശിച്ചത്. ചൂരൽമല അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾ, വെള്ളാർമല സ്കൂൾ കെട്ടിടമടക്കമുള്ളവയുടെ നഷ്ടങ്ങൾ വേറെയാണ്. മറ്റുനിരവധി വീടുകൾക്കും കേടുപാടുണ്ട്.
പൂർണമായി തകർന്ന വീടുകളിൽ ഭൂരിഭാഗത്തിന്റെയും തറയടക്കം ഒലിച്ചുപോയി. ക്ഷേത്രം നിന്നിടത്ത് ആൽമരം മാത്രമാണ് ബാക്കിയുള്ളത്. പലവീടുകളും നിന്ന സ്ഥലംപോലും ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. റോഡും വീടുണ്ടായിരുന്ന സ്ഥലവും കൃഷിഭൂമിയുമെല്ലാം ഒലിച്ചുപോയി. ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുനില വീടുകൾ അടക്കമാണ് നശിച്ചത്. മുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും കാറുകളും അടക്കമുള്ള വാഹനങ്ങൾ പല ദിക്കുകളിലായി ഒലിച്ചുപോയനിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.