ഗിരീഷും രജനിയും ഇനി ഓർമ, പേരക്കുട്ടി ദീപ്തിയോ?
text_fieldsചൂരൽമല (വയനാട്): ഗിരീഷും രജനിയും ഇനി ഓർമകളിൽ. അപ്പോഴും അവരുടെ പേരക്കുട്ടിയായ ദീപ്തിയോ... ദുരന്തത്തിൽ കാണാതായ ആ കുരുന്നിനെയെങ്കിലും തിരിച്ചുകിട്ടണേയെന്ന പ്രാർഥനയിലാണ് നാട്. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട പൊഴുതന മൈലമ്പാത്തി സ്വദേശികളായ ഗിരീഷിന്റെയും കുടുംബത്തിന്റെയും വിയോഗമാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയത്. രാവിലെ 10ഓടെയാണ് പൊതുദർശനത്തിനായി പൊഴുതന റഷാ ഓഡിറ്റോറിയത്തിൽ വൻജനാവലിയെ സാക്ഷിയാക്കി ഇവരുടെ വിറങ്ങലിച്ച മൃതദേഹങ്ങൾ എത്തിച്ചത്.
ഹാരിസൺ മലയാളം പ്ലാന്റേഷനിലെ ഫീൽഡ് ഓഫിസറായ ഗിരീഷും ഭാര്യയും രണ്ടു മക്കളും മരുമകളും കുഞ്ഞുമടങ്ങുന്ന കുടുംബം ചൂരൽമല ഫാക്ടറിക്ക് സമീപം എസ്റ്റേറ്റ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. അച്ചൂർ എസ്റ്റേറ്റ് ജീവനക്കാരനായ ഗിരീഷ് ഏതാനും വർഷങ്ങൾക്കുമുമ്പാണ് ചൂരൽമല ഡിവിഷനിലേക്ക് മാറ്റം ലഭിച്ചുപോയത്. ചൊവ്വാഴ്ച രാത്രി അതിശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന്, ഇവർ താമസിച്ച ക്വാർട്ടേഴ്സ് പൂർണമായി തകർന്നു. തിരച്ചിലിൽ ഗിരീഷ് (51), ഭാര്യ രജനി (47), മകൻ സരൻ എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. മൂത്ത മകൻ സരിൻ, സരിന്റെ ഭാര്യ പവിത്ര, ഇവരുടെ രണ്ട് വയസ്സ് പ്രായമുള്ള മകൾ ദീപ്തി എന്നിവരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.