കൈവിട്ടവരെയോർത്ത് കണ്ണീർ വാർത്ത് സുഹൈൽ
text_fieldsമഞ്ചേരി: ‘‘കണ്ണടച്ചു തുറക്കും മുമ്പേ മുണ്ടക്കൈ എന്ന ഞങ്ങളുടെ ഗ്രാമം മണ്ണിനടിയിലായി. നാട്ടുകാരായ നിരവധി പേരെ മണ്ണെടുത്തു.’’ ഉരുൾപൊട്ടലിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട പടിക്കപ്പറമ്പിൽ സുഹൈലിന്റെ (24) വാക്കുകളാണിത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി കിടക്കയിൽ കിടക്കുമ്പോഴും ദുരന്തത്തിന്റെ ഞെട്ടൽ ഈ യുവാവിന് മാറിയിട്ടില്ല. കുടുംബത്തിലെ ചിലരെയെങ്കിലും രക്ഷിക്കാനായി എന്ന ആശ്വാസം മാത്രമാണ് ഇവർക്കുള്ളത്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതാണ് സുഹൈലിന്റെ 10 അംഗ കുടുംബം. രാത്രി മഴ ശക്തമായതോടെ മാതാവ് റാബിയയുടെ സഹോദരി പുഞ്ചിരിമട്ടത്ത് താമസിക്കുന്ന റൂബിയയും രണ്ട് മക്കളും സുഹൈലിന്റെ വീട്ടിലെത്തിയിരുന്നു. ഒരു മണിയോടെ ഭീകര ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. ഇതിനിടെ മണ്ണും കല്ലും ഒലിച്ചെത്തി പ്രദേശമാകെ മൂടി. സുഹൈലിന്റെ ഭാര്യ ഷഹല, മാതാവ് റാബിയ, സഹോദരൻ ഇസ്ഹാഖ് (17), മാതാവിന്റെ സഹോദരി റൂബിയ, മകൻ സുബിൻ എന്നിവരെ സുഹൈൽ രക്ഷപ്പെടുത്തി. മറ്റൊരു സഹോദരൻ സിനാനെ (23) രക്ഷപ്പെടുത്താനായില്ല.
ഇതിനിടെ പിതാവ് അബ്ദുൽ നാസർ, മാതാവിന്റെയും പിതാവിന്റെയും ഉപ്പമാരായ ബാപ്പുട്ടു, മൊയ്തീൻകുട്ടി, റൂബിയയുടെ മറ്റൊരു മകൻ ഷുഹൈബ് എന്നിവരും മണ്ണിലേക്ക് മറഞ്ഞു. ഇവരെയും കണ്ടെത്താനായിട്ടില്ല. വീട്ടിൽനിന്ന് ഒലിച്ചുപോയ മാതാവിനെ 20 മീറ്റർ മാറി പള്ളിയുടെ അടുത്തുനിന്നാണ് സുഹൈൽ രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.