ദുരിതപ്പെയ്ത്ത് തോറ്റുപോയ സ്നേഹപ്പെയ്ത്ത്
text_fieldsമലപ്പുറം : എത്ര വേഗമാണ് ഈ മനുഷ്യരെല്ലാം മറന്നുപോയത്!, ഇന്നലെ വരെ ചർച്ച ചെയ്ത രാഷ്ട്രീയവും മതവും അഭിപ്രായവ്യത്യാസങ്ങളും ഒരു അർധരാത്രി കൊണ്ട് അവർ മറന്നു. കണ്ണടച്ച് തുറക്കുംമുമ്പ് സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് വിറങ്ങലിച്ചുനിൽക്കുന്ന ഒരു ജനതയുടെ കണ്ണീരൊപ്പാൻ കൈമെയ് മറന്നവർ ഒരുമിച്ചു. ഇതുവരെ കാണുക പോലും ചെയ്യാത്ത മനുഷ്യരുടെ ജീവനറ്റ ശരീരങ്ങൾ ഒഴുകി വരുന്നതും കാത്ത് ദുർഘട പാതകൾ താണ്ടി കുത്തിയൊഴുകുന്ന ചാലിയാറിനരികെ കണ്ണുംനട്ട് കാത്തിരുന്നൊരു ജനത. നാട്ടുവഴികളിലും നാൽക്കവലകളിലും ആ ജനതക്ക് വേണ്ടിയുള്ള കണ്ണീരും പ്രാർഥനകളും മാത്രം.
സഹായ വാഗ്ദാനങ്ങളുമായി കലക്ടറേറ്റിൽ സഹായമെത്തിച്ചത് നിരവധി പേരാണ്. ‘ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ കലക്ടറേറ്റിലേക്ക് സഹായങ്ങൾ എത്തിക്കേണ്ടതില്ലെന്ന്’ കലക്ടർക്ക് ഫേസ്ബുക്കിൽ കുറിക്കേണ്ടിവന്ന സഹായപ്പെയ്ത്താണ് ജില്ലയിലുണ്ടായത്.
ദുരന്തവാർത്തയെത്തിയ ചൊവ്വാഴ്ച തന്റെ കമ്പനിയിൽ ഉൽപാദിപ്പിച്ച മുഴുവൻ ബ്രഡുകളും ദുരന്തമുഖത്തേക്ക് കൊടുത്തയച്ച വളാഞ്ചേരി കാടാമ്പുഴയിലെ ബ്രഡ് കമ്പനി ഉടമയായ സിദ്ദീഖ്. തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് വസ്ത്രങ്ങളും ചെരുപ്പുകളും യഥേഷ്ടം എടുത്ത് കൊടുത്ത വ്യാപാരികളും സമാനതകളില്ലാത്ത ചേർത്തുപിടിക്കലിന്റെ ഉത്തമോദാഹരണങ്ങളാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ അവശ്യസാധനങ്ങൾ നിറച്ച നിരവധി ലോറികളാണ് ദുരന്തമുഖത്തേക്ക് ചുരംകയറിയത്. മുസ്ലിം ലീഗ്, സി.പി.എം, കോൺഗ്രസ്, വെൽഫെയർ പാർട്ടി, സമസ്ത, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളായ യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, എം.എസ്.എഫ്, എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി, എസ്.കെ.എസ്.എസ്.എഫ്, എസ്.എസ്.എഫ് പ്രവർത്തകരെല്ലാം ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നടന്ന് സാധനങ്ങൾ ശേഖരിച്ചു. ക്ലബുകളും കൂട്ടായ്മകളും കോളജ് യൂനിയനുകളും ഒരിക്കൽ കൂടി മാനവിക മൂല്യങ്ങളുടെ ഉണർത്തുവേദിയായി.
കുടിവെള്ളം, ഭക്ഷ്യധാന്യങ്ങള്‍, പഴം, പച്ചക്കറി, വസ്ത്രം, പുതപ്പുകള്‍, ശുചീകരണ ഉപകരണങ്ങള്‍ തുടങ്ങി ആവശ്യമായ മുഴുവന്‍ സാധനങ്ങളുമടങ്ങിയ വാഹനങ്ങൾ ഇനിയും പുറപ്പെടാനുണ്ട്. രോഗികളെയും മൃതദേഹങ്ങളും കയറ്റി സ്വന്തം വാഹനങ്ങളെ ആംബുലൻസാക്കിയവർ, ദുരന്ത മുഖത്ത് രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സന്നദ്ധ-മാധ്യമ പ്രവർത്തകർക്ക് ഭക്ഷണം തയാറാക്കി കൊണ്ടുപോയവർ, ദേഹം മുഴുവൻ ചളി നിറഞ്ഞ രക്ഷപ്രവർത്തകർക്ക് ഭക്ഷണം വാരിനൽകുന്ന പരസ്പരം പേര് പോലും അറിയാത്ത ഒരുപാട് പേർ. ഇവിടെ എല്ലാവർക്കും ഒരൊറ്റ പേരേയുള്ളൂ, മനുഷ്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.