മരണം റാഞ്ചി; ഉപ്പയുടെ കൈയിൽനിന്ന് മകളെയും മകളുടെ കൈയിൽനിന്ന് ഉമ്മയെയും
text_fieldsനിലമ്പൂർ: ചൂരൽമലയിലെ ഉരുൾപൊട്ടലിൽ 11കാരി സിയ നൗറിനെ മരണം തട്ടിയെടുത്തത് പിതാവ് ഉബൈദിന്റെ കൈയിൽനിന്ന്. സിയയുടെ വല്യുമ്മ മൈമൂനയെ വിധി റാഞ്ചിയതാകട്ടെ മകൾ നൗഷിദയുടെ പക്കൽനിന്നും. ആ സംഭവങ്ങളോർക്കുമ്പോൾ സിയയുടെ മാതൃസഹോദരൻ അഷ്റഫിന് തേങ്ങലടക്കാനാകുന്നില്ല. ചൂരൽമലയിലെ ആദ്യ ഉരുൾപൊട്ടലിലാണ് ചോലശ്ശേരി ഉബൈദിന്റെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയത്.
രക്ഷപ്പെടാൻ സമയം ഉണ്ടായിരുന്നില്ല. ഉബൈദ് നീട്ടിയ കൈയിൽ പിടിച്ചത് അരികിലുണ്ടായിരുന്ന ഇളയമകൾ ആറാം ക്ലാസുകാരി സിയ നൗറിൻ. ഉബൈദിന്റെ ഭാര്യ നൗഷിദയുടെ കൈയിൽ അവരുടെ മാതാവ് മൈമൂനയും പിടിച്ചു. സിയയുടെ സഹോദരി ഫാത്തിമ നൗഹറിൻ രക്ഷപ്പെടാനായി തൂങ്ങിപ്പിടിച്ചത് ഫാനിൽ. കുടുംബമൊന്നാകെ മരണത്തെ മുഖാമുഖം കണ്ട നിമിഷം. രക്ഷക്കായി ഒരുമിച്ച് വാവിട്ട് കരഞ്ഞു. അലറിവന്ന കുത്തൊഴുക്ക് പക്ഷേ നിമിഷനേരത്തിൽ സിയയെയും മൈമൂനയെയും തട്ടിയെടുത്ത് താഴേക്കു കുതിച്ചു.
മലവെള്ളപ്പാച്ചിലിൽ ഏറെനേരം ഉബൈദിനും നൗഷിദക്കും പിടിച്ചുനിൽക്കാനായില്ല. ഇരുവരും താഴേക്ക് ഒഴുകി. ഇടയിൽ ഇരുവർക്കും കൂറ്റൻമരത്തിൽ പിടികിട്ടി. കുത്തൊഴുക്ക് കുറഞ്ഞപ്പോൾ ഓടിക്കൂടിയ നാട്ടുകാർ കരച്ചിൽ കേട്ട് രണ്ടു പേരെയും രക്ഷപ്പെടുത്തി. ഫാനിൽ ഏറെ നേരം തൂങ്ങിയാടിയ ഫാത്തിമയും ഒഴുക്ക് കുറഞ്ഞതോടെ പുറത്തുചാടി സർവശക്തിയുമെടുത്ത് നീന്തിയും മരത്തടികളിൽ പിടിച്ചും കരപറ്റി. ഒഴുക്കിൽപെട്ട സിയയുടെ മൃതദേഹം ചാലിയാറിൽ മുണ്ടേരി കടവിൽനിന്ന് കണ്ടെത്തി. നിലമ്പൂർ ജില്ല ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ നിലമ്പൂർ മജ്മഅ് യിൽ മൃതദേഹപരിപാലനം നടത്തിയശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. മേപ്പാടി ടൗൺ പള്ളിയിൽ ഖബറടക്കി. സിയയുടെ വല്യുമ്മ മൈമൂനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.