നടന്ന് കൊതിതീരാതെ അവൾ പോയി; അനാഥമായി ആ കുഞ്ഞുചെരിപ്പുകൾ
text_fieldsപോത്തുകല്ല് (മലപ്പുറം): സ്കൂൾ തുറന്നപ്പോൾ അവൾക്ക് വാങ്ങിയ പുത്തൻ ചെരിപ്പായിരിക്കണം. ഒരഞ്ചു വയസ്സുകാരിയുടേതെന്ന് കരുതുന്ന മെറൂണും ക്രീം വൈറ്റും നിറമുള്ള വള്ളിച്ചെരിപ്പുകളിലൊന്ന് ചാലിയാർ പുഴയോരത്ത് അങ്ങനെ അനാഥമായി കിടന്നു.
ഒരു കുടുംബത്തിന്റേതെന്ന് തോന്നിപ്പിക്കുംവിധം ഒപ്പം മുതിർന്നവരുടെ ഒരു കൂട്ടം ചെരിപ്പുകളും. ഉരുൾപൊട്ടൽ ദുരന്തം കവർന്ന നിരവധി ജീവനുകളിലൊന്നായി ഹതഭാഗ്യയായ ആ അഞ്ചു വയസ്സുകാരിയും. പുത്തനുടുപ്പും പുത്തൻ ബാഗും കുടയുമേന്തി സ്കൂളിൽ പോയിത്തുടങ്ങിയ കുട്ടി.
പൂവിനോടും പൂമ്പാറ്റയോടും കഥ പറഞ്ഞ് നടന്നവൾ. ക്ലാസ് മുറിയിലിരുന്ന് അക്ഷരങ്ങൾ എഴുതിത്തുടങ്ങുമ്പോഴേക്കും കുഞ്ഞുസ്വപ്നങ്ങളെല്ലാം തകിടംമറിച്ച് മലവെള്ളം അവളുടെ പ്രാണനെടുത്തു. ഒന്നും ബാക്കിവെക്കാതെ ഉരുൾ കുതിച്ചുപാഞ്ഞപ്പോൾ കല്ലിനും മരങ്ങൾക്കുമൊപ്പം ചാലിയാറിലൂടെ മൃതശരീരമായി കിലോമീറ്ററുകൾ ഒഴുകാനായിരുന്നു വിധി. നിസ്സഹായതയുടെയും സങ്കടത്തിന്റെയും നേർക്കാഴ്ചകളിലൊന്ന്.
വയനാട് ദുരന്തത്തിന്റെ ഇരകളായ നിരവധി മൃതദേഹങ്ങൾ വഹിച്ച് കലിതുള്ളിയൊഴുകിയ ചാലിയാർ ഇപ്പോൾ ശാന്തമാണ്. ഉരുൾപൊട്ടി രൗദ്രതയോടെ കുതിച്ചുപാഞ്ഞ ചാലിയാർ തീരങ്ങളിൽ ബാക്കിയാക്കിയത് ചെരിപ്പുകളും ഉടുപ്പുകളും വീട്ടുപകരണങ്ങളുമടക്കം ഒരു നാടിന്റെ സമ്പാദ്യവും ശേഷിപ്പുകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.