മൺമറയിലുള്ളവരെ തിരഞ്ഞ് ‘യന്ത്രക്കൈകൾ’
text_fieldsമുണ്ടക്കൈ (വയനാട്): ഉരുൾപൊട്ടലിന്റെ നാലാം നാളിൽ അമ്പതോളം യന്ത്രക്കൈകളാണ് തിരച്ചിലിനുള്ളത്. സൈന്യം ബെയ്ലി പാലം നിർമിക്കുകയും മറ്റു സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തതിനു പിന്നാലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിൽ അതിവേഗത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. പുഴ ഗതിമാറിയൊഴുകിയ വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ ഭാഗങ്ങളിൽ മണ്ണ് മാറ്റി നടത്തിയ തിരച്ചിലിൽ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവിടെയും സൈന്യം നിർമിച്ച പാലത്തിന് താഴെയുമായി പത്ത് മണ്ണുമാന്തി യന്ത്രങ്ങളാണ് രക്ഷാ ദൗത്യത്തിനുള്ളത്.
വെള്ളിയാഴ്ച രാവിലെ മുതലാണ് പല ഭാഗങ്ങളായി തിരിച്ച് മണ്ണും കല്ലും മാറ്റി തിരച്ചിൽ ആരംഭിച്ചത്. മുണ്ടക്കൈ അങ്ങാടിയോട് ചേർന്നും താഴെ ഭാഗത്ത് പാടികൾ നിലനിന്നിരുന്ന ഭാഗത്തും വീടുകളുണ്ടായിരുന്ന പ്രദേശത്തും പുഞ്ചിരി മുട്ടം ഭാഗത്തും തിരച്ചിൽ തുടരുന്നുണ്ട്. കരസേനയുടെ റഡാർ സംവിധാനങ്ങളുമുണ്ട്.
സൈന്യത്തിന്റെ നിർദേശ പ്രകാരം മണ്ണും മരങ്ങളും മാറ്റി തിരച്ചിൽ നടത്തേണ്ട ഭാഗങ്ങൾ തണ്ടർബോൾട്ട്, എൻ.ഡി.ആർ.എഫ് എന്നിവരാണ് മുൻകൂട്ടി സ്പോട്ട് ചെയ്യുന്നത്. വീടുകളുണ്ടായിരുന്ന സ്ഥലങ്ങൾ നിജപ്പെടുത്തിയാണ് സ്പോട്ടുകൾ നിശ്ചയിക്കുന്നത്.വയനാടിനു പുറമെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നാണ് കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങൾ ട്രക്കുകളിൽ എത്തിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ അടക്കം മണ്ണുമാന്തി യന്ത്രങ്ങൾ വേറെയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.