കുഞ്ഞാറ്റേ, എന്റെ പൊന്നു മോളേ.. നീയെവിടെ?
text_fieldsചൂരൽമല (വയനാട്): ‘‘ആദ്യമായാണ് അവൾ ഞങ്ങളെ വിട്ടുനിൽക്കുന്നത്. അവളെ കാണാതിരിക്കാൻ ഒട്ടും വയ്യാതിരുന്നിട്ടും രണ്ടു ദിവസം വിഡിയോകാൾ പോലും ചെയ്തില്ല. വിളിച്ചാൽ ഉപ്പയെയും ഉമ്മയെയും കാണാൻ വരണമെന്നുപറഞ്ഞ് കരഞ്ഞാലോ എന്ന് കരുതിയായിരുന്നു അത്’’ -കൊടുവള്ളി പന്നൂർ സ്വദേശി പി.കെ. റഊഫിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. മൂന്നു വയസ്സുള്ള കുഞ്ഞാറ്റ എന്നു വിളിക്കുന്ന മകൾ ജൂഹി മെഹകിനെ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായതോടെ ആകെ തകർന്നിരിക്കുകയാണ് ഈ പിതാവ്. പൊന്നുമോളുടെ മൃതദേഹമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ രണ്ടു ദിവസമായി ഈ ദുരന്തഭൂമിയിൽ നെഞ്ചുതകർന്ന് കാത്തിരിക്കുകയാണ് റഊഫ്.
മകൾക്കൊപ്പം റഊഫിന്റെ ഭാര്യയുടെ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 13 പേരാണ് മരണക്കയത്തിൽ ആണ്ടുപോയത്. ഇവരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. വൈത്തിരി തളിപ്പുഴയിലെ എം.എസ്. യൂസുഫിന്റെ മകൾ നൗഷിബയാണ് റഊഫിന്റെ ഭാര്യ. രണ്ടുമക്കളാണിവർക്ക്. മൂത്ത മകൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു.
കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ വിരുന്നുവന്ന ഭാര്യാപിതാവും മാതാവും കുഞ്ഞാറ്റയെ അവരുടെ കൂടെ വയനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആദ്യമായാണ് അവൾ ഉപ്പയും ഉമ്മയുമില്ലാതെ ചുരം കയറിയത്. ഒരു ദിവസം തളിപ്പുഴയിൽ താമസിച്ച ശേഷം പിറ്റേന്ന് ചൂരൽമലയിലുള്ള നൗഷിബയുടെ സഹോദരി റുക്സാനയുടെ വീട്ടിലേക്ക് ഉപ്പാപ്പക്കും ഉമ്മാമ്മക്കുമൊപ്പം വിരുന്നെത്തിയതായിരുന്നു കുഞ്ഞാറ്റ. സന്തോഷകരമായ നിമിഷങ്ങൾക്ക് നടുവിലാണ് ഉരുൾപൊട്ടൽ എല്ലാം തകർത്തെറിഞ്ഞത്. തറവാടിന് താഴെയുള്ള ഭാര്യാ സഹോദരൻ മുനീറും കുടുംബവും അവർക്കൊപ്പം ദുരന്തത്തിൽ മരണക്കയത്തിൽ മുങ്ങി. രണ്ടു വീടുകളുടെയും സ്ഥാനത്ത് ഇപ്പോൾ ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങൾ മാത്രം.
കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന റഊഫിന് പുലർച്ച മൂന്നോടെയാണ് ദുരന്തത്തിന്റെ വാർത്തയെത്തിയത്. ആദ്യം അത്ര ഗൗരവം തോന്നിയില്ല. അഞ്ചു മണിയായതോടെ വണ്ടിയെടുത്ത് ചൂരൽമലയിലെത്തിയതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്.
അതുമുതൽ മകളെ തിരയുകയാണ് റഊഫ്. ചാലിയാറിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങളിൽ മകളുണ്ടോയെന്നറിയാൻ നിലമ്പൂർ ആശുപത്രിയിലും ഇതിനിടയിൽ റഊഫ് എത്തിയിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.