മണ്ണിലുണ്ട് മനുഷ്യർ
text_fieldsതിരുവനന്തപുരം/ മുണ്ടക്കൈ/മലപ്പുറം: വയനാട്ടിൽ ഉരുൾദുരന്തത്തിൽപ്പെട്ട 206 പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ കണ്ടെടുത്തത് 219 മൃതദേഹങ്ങളാണ്. 90 സ്ത്രീകള്‍, 98 പുരുഷന്മാര്, 31 കുട്ടികള്‍ എന്നിങ്ങനെയാണിവ. ഇതില്‍ 119മൃതശരീരങ്ങള്‍ കൈമാറി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 206 പേരെ ഡിസ്ചാര്‍ജ് ചെയ്ത് ക്യാമ്പുകളിലേക്ക് മാറ്റി. 81 പേര് പരിക്കേറ്റ് ആശുപത്രികളില്‍ തുടരുകയാണ്.
93 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 10,042 പേരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേരും. 34 സ്ത്രീകളും 36 പുരുഷന്മാരും 11 കുട്ടികളുമാണിവർ. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്നും പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയവരെ കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവ സംസ്കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണ്. ഈ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ സര്‍വമത പ്രാർഥന നടത്തുന്നതിന് പഞ്ചായത്തുകള്‍ക്ക് മുന്‍കൈയെടുക്കാമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
അതിനിടെ, മുണ്ടക്കൈയെയും ചൂരൽമലയെയും പാടേ മായ്ച്ച ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 350 കടക്കുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ശനിയാഴ്ച നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒന്ന് മുണ്ടക്കൈയിൽനിന്നും മൂന്നെണ്ണം ചാലിയാറിൽനിന്നുമാണ്. ചാലിയാറിൽനിന്ന് 16 ശരീരഭാഗങ്ങളും കിട്ടി. കാണാതായവരെ കണ്ടെത്തുന്നതിനായി മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫി ഫോൾഡറും മിസിങ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ വിവരങ്ങളും ഒത്തുനോക്കും.
ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തിയായിരിക്കും ഇനിയുള്ള തിരച്ചിൽ. മേഖലയുടെ പഴയകാല ചിത്രവുമായി ഡ്രോൺ ചിത്രം താരതമ്യം ചെയ്യും. 152 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ എണ്ണം 147 ആണ്. 89 പേർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 209 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
മൃതദേഹങ്ങൾ ഒഴുകിയെത്തിയ ചാലിയാറിൽ അഞ്ചാം ദിവസവും തിരച്ചിൽ നടത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചു വരെ മൂന്നു പെൺകുട്ടികളുടെ മൃതദേഹങ്ങളും 16 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ ചാലിയാറിൽനിന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 71 ആയി. 134 ശരീരഭാഗങ്ങളും ചാലിയാറിൽനിന്നും വനത്തിൽനിന്നുമായി ലഭിച്ചു. മൃതദേഹങ്ങളിൽ 35 എണ്ണം പുരുഷൻമാരുടേതും 27 എണ്ണം സ്ത്രീകളുടേതും നാലെണ്ണം ആൺകുട്ടികളുടേതും അഞ്ചെണ്ണം പെൺകുട്ടികളുടേതുമാണ്. ശരീരഭാഗങ്ങൾ സംസ്കരിക്കാൻ നിലമ്പൂരിൽ തന്നെ സർക്കാർ സൗകര്യമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.