പോത്തുകല്ലിനും രക്ഷാപ്രവർത്തകർക്കും ബിഗ് സല്യൂട്ട്
text_fieldsപോത്തുകല്ല്: താങ്ങാവുന്നതിലും കൂടുതൽ പെയ്തിറങ്ങിയ മഴയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ കവളപ്പാറ മുത്തപ്പൻകുന്ന് നിലംപതിച്ചിട്ട് അഞ്ചുവർഷം ആകുമ്പോൾ, വീണ്ടും പ്രളയസമാന അവസ്ഥയിലൂടെ കടന്നുപോവുകയാണ് പോത്തുകല്ല് നിവാസികൾ. 2019 ആഗസ്റ്റ് എട്ടിനായിരുന്നു കവളപ്പാറ ദുരന്തം. 59 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ചാലിയാർ കരകവിഞ്ഞ് നിരവധി വീടുകളിലാണ് അന്ന് ചളി നിറഞ്ഞത്.
വയനാട് മടിക്കൈ ദുരന്തം കിലോമീറ്ററുകൾ അപ്പുറത്താണെങ്കിലും മൃതദേഹങ്ങൾ കൂടുതലും അടിഞ്ഞത് പോത്തുകല്ല് പഞ്ചായത്തിലെ ചാലിയാറിന്റെ തീരങ്ങളിലാണ്. ഇതറിഞ്ഞതുമുതൽ രക്ഷാപ്രവർത്തനത്തിനായി വിവിധ നാടുകളിൽനിന്ന് ചാലിയാറിന്റെ തീരത്തേക്ക് എത്തുന്നവർക്ക് എല്ലാവിധ സഹായങ്ങളും നൽകുകയാണ് ഈ നാട്ടുകാർ. സർവതും നഷ്ടപ്പെട്ട ചാലിയാറിന്റെ തീരത്തുള്ളവർക്ക് അന്ന് കൈത്താങ്ങായത് കേരളത്തിന്റെ വിവിധ ഇടങ്ങളിൽനിന്ന് എത്തിച്ചേർന്നവരായിരുന്നു. വീടുകളും കിണറുകളും ശുചീകരിച്ച് അവർ മടങ്ങിയപ്പോൾ വല്ലാത്ത ആത്മനിർവൃതിയിലായിരുന്നു ഇവിടത്തുകാർ. ഇപ്പോൾ ദുരന്തം വയനാട്ടിലാണെങ്കിലും അന്നത്തേതിന് സമാനമായി ആംബുലൻസുകളും ഫയർഫോഴ്സ് വാഹനങ്ങളും മറ്റു രക്ഷാപ്രവർത്തന സജ്ജീകരണങ്ങളും വീണ്ടും പോത്തുകല്ലിനെ അതേ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.
എല്ലാം അർപ്പിച്ച് നാട്ടുകാർ
വയനാട്ടിലെ ദുരന്തം ഉണ്ടായതു മുതൽ പലരും ഇതുവരെ പണിക്ക് പോകാതെയും ജോലിയിൽ അവധി എടുത്തും തങ്ങളാൽ കഴിയുന്ന വിധത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ നാടുകളിൽനിന്ന് എത്തിപ്പെട്ടവർക്ക് എല്ലാ നിർദേശങ്ങളും നൽകുന്നുമുണ്ട്. ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം ഒരുക്കിനൽകാനും സർവം മറന്ന് ഈ നാട് ഒത്തൊരുമിച്ചിരിക്കുകയാണ്.
നിലമ്പൂർ മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ കീഴിലുള്ള രക്ഷാപ്രവർത്തകർ ആരുടെയും ഉത്തരവുകൾക്ക് കാത്തുനിൽക്കാതെതന്നെ ചാലിയാറിന്റെ തീരത്തേക്ക് എത്തുകയായിരുന്നു. കൈയിൽ കിട്ടിയ ഉപകരണങ്ങളുമായി മുൻപരിചയം ഒന്നുമില്ലാത്ത കൊടുംകാട്ടിലൂടെ ദിവസങ്ങളോളം ഇവർ കാഴ്ചവെച്ച പ്രവർത്തനം എത്രതന്നെ പ്രശംസിച്ചാലും മതിയാവില്ല. മുണ്ടേരി കൃഷി ഫാമിന്റെ ഗേറ്റ് കടന്നാൽ പിന്നെ ദുർഘടംപിടിച്ച പാതകളിലൂടെയാണ് സഞ്ചാരം.
മൊബൈലിന് റേഞ്ച് കുറവുള്ള ഇവിടങ്ങളിൽ ഏതു സമയവും വന്യമൃഗ ആക്രമണം ഉണ്ടായേക്കാം. ചളി പുതഞ്ഞുകിടക്കുന്ന പാതകളിലൂടെ നിരനിരയായി അവർ ചാലിയാറിന്റെ തീരത്തുകൂടെ തിരയുകയായിരുന്നു. ആദ്യദിവസങ്ങളിൽ കുടിവെള്ളംപോലും കിട്ടാതിരുന്നിട്ടും യാതൊരു പരാതിയും ആർക്കും ഉണ്ടായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ കുടിവെള്ളവും ഭക്ഷണവും മരുന്നും ഏകോപനവും എല്ലാം വലിയ കുഴപ്പമില്ലാതെ നടന്നു. ഫാമിനുള്ളിലെ തലപ്പാലി മുതൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് ഏതാനും ദൂരം അടുത്തേക്കുവരെ പലരും കാൽനടയായി മൃതദേഹങ്ങൾ കണ്ടെടുക്കാനായി എത്തിച്ചേർന്നു. ഏകദേശം 12 കിലോമീറ്റർ ഇത്തരത്തിൽ തിരച്ചിലിന് പലരും ജീവൻ പണയംവെച്ച് ഇറങ്ങി.
ഏതുസമയവും കുത്തിയൊലിച്ച് എത്താവുന്ന ചാലിയാറിന്റെ തീരത്തുകൂടെയും കൊടുംവനത്തിലൂടെയുമായിരുന്നു ആ ദൗത്യം. കിട്ടിയ മൃതദേഹാവശിഷ്ടങ്ങൾ മണ്ണിൽനിന്ന് മാന്തിയെടുത്ത് തുണിയിൽ പൊതിഞ്ഞ് തോളത്ത് വടിയിൽ കെട്ടി വാഹനസൗകര്യമുള്ളിടത്തേക്ക് എത്തിക്കുക എന്നത് വലിയ ദൗത്യമായിരുന്നു.
ചാലിയാറിന്റെ അക്കരെ ആദിവാസികൾ തിങ്ങിത്താമസിക്കുന്നിടത്ത് മൃതശരീരങ്ങൾ ഉണ്ടെന്ന് ആദ്യദിവസങ്ങളിൽതന്നെ തിരിച്ചറിഞ്ഞു. എൻ.ഡി.ആർ.എഫ് പോലുള്ള രക്ഷാപ്രവർത്തകർപോലും ചാലിയാറിന്റെ കുത്തൊഴുക്കിനെ മറികടക്കാൻ ഭയപ്പെട്ടു. എന്നാൽ, ജീവൻ പണയംവെച്ച് ചാലിയാറിനെ കവച്ചുവെച്ച് നീന്താൻ പല സന്നദ്ധ സംഘടന പ്രവർത്തകരും തയാറായി. അതുകൊണ്ടുതന്നെയാണ് അക്കരെനിന്ന് മൃതദേഹങ്ങൾ എത്തിക്കാൻ കഴിഞ്ഞത്.
ഇടവേളകളില്ലാത്ത രക്ഷാപ്രവർത്തനം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിയ രക്ഷാപ്രവർത്തകർ ഇടവേളകളില്ലാതെയാണ് ദൗത്യം നിറവേറ്റുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും കീഴിലുള്ള വളന്റിയർമാർ, ക്ലബുകൾ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിലുണ്ടായിരുന്നത്.
ആംബുലൻസുകൾ ക്രമീകരിക്കുന്നതും മൃതദേഹങ്ങൾ അതിവേഗം നിലമ്പൂർ ഗവ. ആശുപത്രിയിൽ എത്തിക്കാനും പോസ്റ്റ്മോർട്ടം നടപടികൾക്കും വയനാട്ടിലേക്ക് അതിവേഗം കൊടുത്തുവിടാനും സഹായകമാകുന്നതും ഈ സന്നദ്ധപ്രവർത്തകരാണ്.
തിരച്ചിലിനും മാതൃകകൾ
ചാലിയാറിന്റെ തീരത്ത് വന്നടിഞ്ഞ മണ്ണിന്റെ താഴെ മൃതദേഹങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നാട്ടുകാർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും തിരച്ചിൽ ആരംഭിച്ചു. പനങ്കയം കടവിൽനിന്ന് ഇത്തരത്തിൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തെർമൽ ഇമേജിങ് സിസ്റ്റം പോലുള്ള പദ്ധതികൾ നടപ്പാക്കിയാൽ കൂടുതൽ കാര്യക്ഷമമായി മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിയും. ഡോഗ് സ്ക്വാഡുകളെ ഉപയോഗിച്ചും തിരച്ചിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.