ഉരുൾ മായ്ച്ച ഭൂപടം
text_fieldsഫോട്ടോ: പി. സന്ദീപ്
അർധരാത്രി കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ മണ്ണിൽ പുതഞ്ഞ ജീവനുകൾ. പരിക്കേറ്റവർ, ജീവനുവേണ്ടി വിലപിക്കുന്നവർ, ഉറ്റവരെയും ഉടയവരെയും നഷ്ടമായവർ. വയനാട്ടിലെ മുണ്ടക്കൈയും ചൂരൽമലയും ഇപ്പോൾ ഒരു ദുരന്തഭൂമിയാണ്. ഒറ്റ രാത്രിയിൽ ഒരു നാടൊന്നാകെ ഇല്ലാതായിരിക്കുന്നു. പൊലിഞ്ഞ 300ലധികം ജീവനുകളിൽ കുരുന്നുകളും മുതിർന്നവരും. ഇവിടെയുണ്ടായിരുന്നത് 500 വീടുകളാണ്, അവശേഷിക്കുന്നതാകട്ടെ വെറും 30 മാത്രവും.കുത്തിയൊലിച്ചെത്തിയ ചളിയും മണ്ണും മരങ്ങളും പാറയുമെല്ലാം ഒരു ഗ്രാമത്തെയൊന്നാകെ മൂടി. ഉറക്കത്തിലായിരുന്നവരിൽ പലരും ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ കഴുത്തറ്റം ചളിയിൽ പുതഞ്ഞുനിന്നു. ഏറെപ്പേർ കുത്തൊഴുക്കിൽ ഒലിച്ചുപോയി, മണ്ണിൽ പുതഞ്ഞവർ ഒട്ടേറെ. സ്വന്തം ജീവൻ മാത്രം കൈയിൽപ്പിടിച്ച് നിരവധിപേർ പലയിടങ്ങളിലേക്കും കുതറിയോടി. നാടിന് കരുത്തായി നിന്ന വിദ്യാലയം നിന്നയിടം ഒരു പുഴയായി മാറി. കൺമുന്നിൽ ഉറ്റവർ ഒഴുകിപോകുന്നത് കണ്ട് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നവർ, വിലപിക്കാൻ പോലുമാകാതെ മനസ്സ് മരവിച്ചിരിക്കുന്നു. ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോയ ഒരു കൂട്ടം മനുഷ്യർ ഇപ്പോൾ മരിച്ചവരും മരവിച്ചവരുമായിരിക്കുന്നു.2018ലെ പ്രളയത്തിനുശേഷം വീണ്ടും ഒരു വലിയ ദുരന്തത്തിന് സാക്ഷിയായി കേരളം. ഒരു നാടൊന്നാകെ വീണ്ടും കൈകോർത്ത്, രക്ഷാപ്രവർത്തനത്തിന് ഒരുമിച്ചിറങ്ങി. കേന്ദ്ര -സംസ്ഥാന സർക്കാർ സംവിധാനങ്ങളും സൈന്യവും നാട്ടുകാരുമെല്ലാം ഉണർന്നു പ്രവർത്തിച്ചു ഒരു നാടിനുവേണ്ടി, നിരവധി ജീവനുവേണ്ടി...
മറക്കരുത് ഓരോ ദുരന്തങ്ങളും
യിലുമുണ്ടായ ഉരുൾപൊട്ടലിന് സമാനമാണ് മുണ്ടക്കൈയിലും ചൂരൽ മലയിലും ഉണ്ടായ ദുരന്തം. എന്നാൽ, ദുരന്തത്തിന്റെ വ്യാപ്തി പതിന്മടങ്ങാണ്. 2019ൽ കവളപ്പാറ-പുത്തുമല മേഖലകളിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്ന് രണ്ടോ മൂന്നോ കിലോമീറ്റർ ദൂരം മാത്രമുള്ള സ്ഥലത്താണ് നിലവിൽ ദുരന്തം ഉണ്ടായിരിക്കുന്നത്. ദുർബലമായ പ്രദേശവുമാണ് ഇവിടം. നിർത്താതെ പെയ്ത മഴയാണ് ഈ ദുരന്തങ്ങളുടെ പ്രധാന കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് മേഖലകളിൽ സാധാരണ ഒരാഴ്ചയിൽ ലഭിക്കുന്നതിനേക്കാൾ 50 മുതൽ 70 ശതമാനം വരെ കൂടുതൽ മഴ ലഭിച്ചിരുന്നു. ഒരുപാട് മുറിവേൽക്കേണ്ടിവന്ന പശ്ചിമഘട്ട ഭൂപ്രകൃതിയിൽ വലിയ അളവിൽ മഴ കൂടി ലഭിക്കുന്നതോടെ ദുരന്തത്തിന്റെ ആഴം കൂടും. 20 ഡിഗ്രിക്ക് മുകളിൽ ചരിവുള്ള പശ്ചിമഘട്ടത്തിന്റെ പല മേഖലകളും നശിച്ചുകഴിഞ്ഞു. മഴയുടെ സ്വഭാവം മാറി കൂമ്പാര മേഘങ്ങളെപ്പോലെ കൂടുതൽ കനത്ത മേഘങ്ങളുണ്ടാകുന്നു. മഴ കനത്തു പെയ്യുന്നതോടെ ദുരന്തങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പണ്ട് പ്ലാന്റേഷനായി വെട്ടിനശിപ്പിച്ചിരുന്ന അമ്പതും നൂറും വർഷങ്ങൾ പഴക്കമുള്ള വലിയ മരങ്ങളുടെ വേരുകൾ മണ്ണിനടിയിൽ ഉണ്ടാകാം. ആഴങ്ങളിലേക്കിറങ്ങിയ ഇത്തരം വേരുകൾ നശിക്കുന്നതോടെ അതുവഴി വെള്ളമിറങ്ങും. ആ വെള്ളത്തിന്റെ കൂടി മർദം ദുരന്തങ്ങളുടെ ആക്കം കൂട്ടും.
ചിത്രങ്ങൾ: ബിമൽ തമ്പി
അമ്പതു വർഷങ്ങൾക്കുമുമ്പ് തന്നെ പ്ലാന്റേഷൻ പശ്ചിമഘട്ടമേഖലയെ കീഴടക്കിക്കഴിഞ്ഞു. അതിനായി മരങ്ങളും മലകളും കുന്നുകളുമെല്ലാം നശിപ്പിക്കുകയും നികത്തുകയും ചെയ്തു. തേയില, കാപ്പി, ഏലം തുടങ്ങിയ കൃഷികളെല്ലാം ഇത്തരത്തിൽ വളർത്തിയെടുത്തവയായിരുന്നു. സാമ്പത്തികമായി ലാഭം ലഭിക്കുന്ന കൃഷി സമ്പ്രദായത്തിലേക്ക് നമ്മൾ പോകരുത് എന്ന് പറയാനും കഴിയില്ല. മണ്ണിനെ പാറയുമായി ഉറപ്പിച്ചുനിർത്തുന്നത് വലിയ മരങ്ങളുടെ വേരുകളിലൂടെയാണ്. അതെല്ലാം വെട്ടുന്നതോടെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമെല്ലാം സാധ്യതയും കൂടും.
കേരളത്തിന്റെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ കഴിഞ്ഞ പത്തുവർഷമായി നടന്നുകഴിഞ്ഞു. അത് വളരെ പ്രത്യക്ഷത്തിൽതന്നെ അനുഭവിക്കാൻ കഴിയുന്നുണ്ട്. പ്രകൃതിദുരന്തങ്ങൾ ഇപ്പോൾ അതിന്റെ ഉഗ്രരൂപത്തിൽ നേരിട്ടുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പറയുമ്പോൾ കേരളത്തിൽ കഴിഞ്ഞ മേയിൽ ലഭിച്ച കനത്ത ചൂടും ഇപ്പോൾ ലഭിക്കുന്ന മഴയെയുംപറ്റി മാത്രമേ നമ്മൾ സംസാരിക്കുന്നുള്ളൂ. എന്നാൽ 2015 മുതൽ തുടർച്ചയായി ഇത്തരം ദുരന്തങ്ങളിലൂടെ കേരളം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. 2015-16ൽ വരൾച്ചയായിരുന്നു. 2017ൽ ഓഖി, 2018ലും 2019ലും പ്രളയം -കവളപ്പാറ, പുത്തുമല തുടങ്ങിയവ. 2020ൽ പെട്ടിമുടി, 2021ൽ കൂട്ടിക്കൽ, കൊക്കയാർ, കഴിഞ്ഞ രണ്ടു വർഷങ്ങളായി കണിച്ചാർ, കൊളയാട്, 2024ൽ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ ദുരന്തങ്ങൾ. നമ്മൾ എപ്പോഴും അടുത്ത കാലത്തുണ്ടായ അപകടങ്ങളെക്കുറിച്ച് മാത്രമേ ചർച്ചചെയ്യാറുള്ളൂ. വർഷങ്ങളായി ഇത്തരം ദുരന്തങ്ങൾ ഇവിടെ ആവർത്തിക്കുന്നുണ്ട്. അടുത്ത ഒരു അപകടമുണ്ടാകുന്നതോടെ ഈ ദുരന്തവും ഓർമിക്കാതെയാകും.
അത്ര എളുപ്പമല്ല ഉരുൾപൊട്ടലിന്റെ പ്രവചനം. ഒരേ അളവിലുള്ള മഴ രണ്ട് മൂന്ന് പഞ്ചായത്തുകളിൽ കിട്ടുന്നുണ്ട്. എന്നാൽ, ഇതിന്റെ ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമാണ് ഈ ദുരന്തം ഉണ്ടാകുന്നത്. അതിനാൽ ഉരുൾപൊട്ടൽ എവിടെ സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല. അതത് പ്രദേശവാസികളെയും തദ്ദേശവാസികളെയും ഉൾപ്പെടുത്തി വിപുലമായ ഒരു കൂട്ടായ്മ രൂപവത്കരിച്ച് ഇതിനെ മുൻകൂട്ടി മനസ്സിലാക്കി മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണ് ചെയ്യാൻ കഴിയുന്ന കാര്യം. അതിനായി മഴയെക്കുറിച്ച് പ്രവചിക്കുന്നവർ, മണ്ണിനെക്കുറിച്ച് അറിയുന്നവർ, ജിയോളജി -ജിയോമോർഫോളജി വിഭാഗങ്ങളിലെ ആളുകളെ ആവശ്യമായിവരും. മാത്രമല്ല, മഴ അളക്കാനും മുൻകൂട്ടി പ്രവചിക്കാനുമുള്ള സെൻസറുകൾ ദുർബലമായ പ്രദേശങ്ങളിൽ സ്ഥാപിക്കണം. വലിയൊരു മൾട്ടിലെവൽ ഇന്റഗ്രേഷൻ നടന്നാൽ മാത്രമേ 40 -50 ശതമാനം എങ്കിലും ഉരുൾപൊട്ടൽ ദുരന്തം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കൂ. അതത്ര എളുപ്പമല്ലെങ്കിലും ഈ രീതിയിലൊരു ചർച്ച ഇനി നടക്കേണ്ടിയിരിക്കുന്നു.
പുത്തുമല
2019 ആഗസ്റ്റ് എട്ടിന് വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തത്തിൽ ജീവൻ നഷ്ടമായത് 17 പേർക്ക്. 57 വീടുകൾ ഇല്ലാതായി. ഒരു ഗ്രാമം തന്നെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. കാണാതായ അഞ്ചുപേർ പുത്തുമലയിലെവിടെയോ മണ്ണിനുതാഴെ അന്ത്യവിശ്രമംകൊള്ളുന്നുണ്ട്. ഏക്കർ കണക്കിന് കൃഷിയിടങ്ങളും അനേകം പേരുടെ സ്വപ്നങ്ങളും ആ കുത്തൊഴുക്കിൽപെട്ട് മണ്ണിനടിയിലായി. ആരാധനാലയങ്ങൾ, വാസസ്ഥലങ്ങൾ, വാഹനങ്ങൾ, പാടികൾ... എല്ലാം ഓർമകൾ മാത്രമായി.
കവളപ്പാറ
2019 ആഗസ്റ്റ് എട്ടിന് നിലമ്പൂരിലെ കവളപ്പാറയെന്ന മലയോര മേഖലയെ ഉരുൾപൊട്ടലിന്റെ രൂപത്തിൽ ദുരന്തം വിഴുങ്ങി. മുത്തപ്പൻകുന്നിലുണ്ടായ ഉരുൾപൊട്ടലിൽ താഴ്വാരത്തുള്ള 45 വീടുകൾ മണ്ണിനടിയിൽ പുതഞ്ഞു. രാത്രി ഓടിരക്ഷപ്പെടാൻ പോലുമാകാതെ 59 ജീവനുകൾ മൺമറഞ്ഞു. ആഴ്ചകൾ നീണ്ട തിരച്ചിലിൽ 48 മൃതദേഹങ്ങൾ കണ്ടെടുത്തു. പത്തിലധികംപേർ ഇപ്പോഴും ആ മണ്ണിനുള്ളിൽ ആരുമറിയാതെ വിശ്രമിക്കുന്നുണ്ട്. പല കുടുംബങ്ങളും വേരോടെ പിഴുതെറിയപ്പെട്ടു. ഉറ്റവരും അധ്വാനിച്ചിരുന്ന മണ്ണും എല്ലാം ഒരു രാത്രികൊണ്ട് ഇല്ലാതായി. 45 വീടുകൾ ഈ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായെന്നാണ് വിവരം.
പെട്ടിമുടി
2020 ആഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പൊലിഞ്ഞത് എഴുപത് മനുഷ്യ ജീവനുകൾ. രക്ഷപ്പെടുത്താനായത് 12 പേരെ മാത്രം. നാലുപേർ ഇന്നും ആരുമറിയാതെ മണ്ണിനടിയിൽ അന്ത്യവിശ്രമംകൊള്ളുന്നു. മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെ കണ്ണൻ ദേവൻ കമ്പനിയുടെ പെട്ടിമുടി തേയില എസ്റ്റേറ്റിലേക്ക് രാത്രി 10.45നാണ് ഒരു ദുരന്തമായി ഉരുൾ ഒഴുകിയെത്തിയത്. 22 തൊഴിലാളി കുടുംബങ്ങളെയും അവർ സ്വരുക്കൂട്ടിയ സർവതിനെയും ആ പ്രളയം തുടച്ച് നീക്കി. ദുരന്തം പുറംലോകമറിയാൻ ഏറെ വൈകി. 12 പേരെ മാത്രമാണ് അന്ന് രക്ഷിക്കാനായത്.
കൂട്ടിക്കൽ ദുരന്തം
2021 ഒക്ടോബർ 16ന് കോട്ടയത്തെ കൂട്ടിക്കലിലും ഇടുക്കി ജില്ലയിലെ കൊക്കെയാറിലും ഉരുൾപൊട്ടി 21 പേർ മരിച്ചു. അതിരാവിലെ മുതൽ പെയ്ത മഴ മണിക്കൂറുകളോളം നീണ്ടുനിന്ന് പിന്നാലെ ദുരന്തമായി മാറി. നൂറിലധികം വീടുകൾ വാസയോഗ്യമല്ലാതായി. കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 44 പാലങ്ങൾ ഉരുൾ തകർത്തെറിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.