പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെ തിരച്ചിൽ നിർത്തുന്നു
text_fieldsമുണ്ടക്കൈ (വയനാട്): കേരളം വിറങ്ങലിച്ച മഹാദുരന്തത്തിന് ഒരാഴ്ച പൂർത്തിയാകുമ്പോഴും നാടിന്റെ ഉറ്റവരായ ഇരുന്നൂറിലേറെപേർ കാണാമറയത്തുതന്നെ. കണ്ണിൽനിന്നകന്ന 209 പേർക്കായി തുടർച്ചയായ ആറാം ദിവസവും തിരച്ചിൽ നടത്തി. ഉരുൾ നെടുകെ പിളർത്തിയ മുണ്ടക്കൈയിലും ചൂരൽമലയിലും സംയുക്ത സേനകളുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. രാവിലെ 11.10ന് ചൂരൽമലയിൽനിന്ന് ഒരു പുരുഷ മൃതദേഹം കിട്ടി. ചൂരൽമല ബെയ്ലി പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. മുണ്ടക്കൈയിലും ചൂരൽമലയിലും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കിയാണ് പരിശോധന നടത്തിയത്. ഞായറാഴ്ച ഒഴിവുദിനം കണക്കിലെടുത്ത് ‘കാഴ്ചക്കാർ’ എത്തുന്നത് തടയാൻ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. മേപ്പാടിയിൽനിന്ന് മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് പോകുന്ന മുഴുവൻ വാഹനങ്ങളും പൊലീസ് പരിശോധന നടത്തിയാണ് വിട്ടയച്ചത്.
തെളിഞ്ഞ അന്തരീക്ഷം സൗകര്യമായി
മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഞായറാഴ്ച. തിരച്ചിലിന് ഏറെ സൗകര്യമായിരുന്നു തെളിഞ്ഞ കാലാവസ്ഥയെന്ന് പൊലീസും സൈനികരും അഗ്നിരക്ഷസേനയും ഉൾപ്പെടുന്ന സംഘം പറഞ്ഞു. പാതി തകർന്ന വീടുകളും കെട്ടിടങ്ങളുമാണ് ഞായറാഴ്ചയും പൊളിച്ചുനീക്കി പരിശോധന നടത്തിയത്. ഇവർക്ക് സഹായവുമായി വിവിധ സന്നദ്ധസംഘടന പ്രതിനിധികൾ സജീവമായി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ഈ സന്നദ്ധപ്രവർത്തകർ.
പുഞ്ചിരിമട്ടത്തെ തിരച്ചിൽ നിർത്തുന്നു
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെ തിരച്ചിൽ നിർത്തുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാവും. പ്രദേശത്ത് കുറെ വീടുകൾ ഉണ്ടായിരുന്നെങ്കിലും കുടുങ്ങിക്കിടക്കുന്നവർ ആരുമുണ്ടാവില്ലെന്ന നിഗമനത്തിലാണ് തിരച്ചിൽ സംഘം. തിരച്ചിൽ ഏഴാം ദിനത്തിലേക്ക് കടക്കുമ്പോഴും ഉറ്റവരും ഉടയവരുമായവർ കൺമുന്നിലെവിടെയോ ഉണ്ടെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ അങ്ങിങ്ങായി നിൽക്കുന്ന കാഴ്ചയാണ് ഇന്നലെയും ദുരന്തമേഖലയിൽ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.