എളുപ്പമല്ല, ദുരന്തഭൂമിയിലെ കുട്ടികളെ ദത്തെടുക്കൽ
text_fieldsമുണ്ടക്കൈ (വയനാട്): ‘ആ മക്കളെ തരൂ, ഞങ്ങൾ പൊന്നുപോലെ നോക്കാം...’ ഉരുൾപൊട്ടലിനിരയായ കുഞ്ഞുങ്ങളാരും അനാഥരാകരുതെന്ന് അവർ അത്രമേൽ ആഗ്രഹിക്കുന്നു. അതിനാലാണ് അമ്മയുടെ കരുതലും അച്ഛന്റെ സ്നേഹവും നൽകി അവരെ സ്വന്തം മക്കളായി വളർത്താമെന്ന് ആ നല്ല മനുഷ്യർ പറയുന്നത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അനാഥരായ കുട്ടികളെ ദത്തെടുക്കാൻ കുട്ടികൾ ഉള്ളതും ഇല്ലാത്തവരുമായ സ്വദേശത്തെയും വിദേശത്തെയും നിരവധിപേരാണ് രംഗത്തുവരുന്നത്. എന്നാൽ ദത്തെടുക്കൽ, പ്രത്യേകിച്ചും ഇത്തരം ദുരന്തങ്ങളുടെ ഇരകളായവരുടെ ദത്തെടുക്കുന്ന നടപടികൾ അത്ര എളുപ്പമല്ലെന്നാണ് അധികൃതർ പറയുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ കഴിഞ്ഞ ദിവസം സുധി എന്നൊരാൾ ഹൃദയംതൊടുന്ന കമന്റിട്ടിരുന്നു. ‘അനാഥർ ആയി എന്ന് തോന്നുന്ന മക്കൾ ഉണ്ടെങ്കിൽ എനിക്ക് തരുമോ... എനിക്ക് കുട്ടികൾ ഇല്ല. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’ എന്നായിരുന്നു ഇത്. കുവൈത്തിൽ രണ്ട് ആൺകുട്ടികളും ഭാര്യയുമായി കുടുംബസമേതം കഴിയുന്ന ബി.സി. സമീർ ഫേസ്ബുക്കിൽ ഇതേ ആഗ്രഹം പ്രകടിപ്പിച്ചത് നിരവധി പേരാണ് പങ്കുവെച്ചത്.
ഏറെ സങ്കീർണമായ നടപടികളാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ടുള്ളത്. മാതാപിതാക്കളില്ലാത്ത, ആരും സംരക്ഷിക്കാനില്ലാത്ത കുട്ടികളെ 2015ലെ കേന്ദ്ര ബാലനീതി നിയമം പ്രകാരം സർക്കാറാണ് ഏറ്റെടുക്കുക. നിയമപരമായ നടപടികളിലൂടെയാണ് ഇവരെ പരിചരണത്തിനും ദത്തെടുക്കലിനും നൽകുക. ഇതിനായി സി.എ.ആർ.എ(സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി)യിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽ ഈ വർഷം 1361 കുട്ടികളെയാണ് ഇതുവരെ ദത്ത് നൽകിയത്. ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് 34847 മാതാപിതാക്കൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്നുകുട്ടികൾ മാത്രമാണുള്ളത്. എന്നാൽ, ഇവരടക്കമുള്ള എല്ലാ കുട്ടികളും ബന്ധുക്കളുടെ കൂടെയാണുള്ളത്. ഒരു ബന്ധുവും ഇല്ലാത്ത ഒറ്റക്കുട്ടി പോലും ഇല്ലെന്ന് ജില്ല വനിത ശിശുവികസന വകുപ്പ് ജില്ല ഓഫിസർ ഹഫ്സത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. ദുരന്തത്തിൽ 30 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, 60ഓളം കുട്ടികൾ മരിച്ചുവെന്നാണ് വിവിധ സ്കൂൾ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.