ഒരേ മനസ്സോടെ...
text_fieldsപോത്തുകല്ല്: ഒത്തൊരുമയുടെയും സഹജീവി സ്നേഹത്തിന്റെയും അടയാളപ്പെടുത്തലായി ചാലിയാറിലെ മെഗാ തിരച്ചിൽ. മുണ്ടേരി ഫാം മുതൽ സൂചിപ്പാറ വെള്ളച്ചാട്ടം വരെയുള്ള വനാന്തരങ്ങളിൽ പുഴയോരം കേന്ദ്രീകരിച്ചായിരുന്നു 300ഓളം യുവതീ-യുവാക്കൾ നേരിട്ടിറങ്ങിയുളള അന്വേഷണം. ജില്ലയുടെ നാനാദിക്കുകളിൽ നിന്നെത്തിയ സന്നദ്ധ സംഘങ്ങൾ, ദുരന്തത്തിന്റെ ഇരകളോടുള്ള ഐക്യദാർഢ്യവുമായി ദുർഘടമായ കാട്ടുവഴികൾ താണ്ടുകയായിരുന്നു. ഉരുൾപൊട്ടലിൽ മൃതിയടഞ്ഞവരായി ആരെങ്കിലും മറഞ്ഞുകിടക്കുന്നുണ്ടെങ്കിൽ അവരുടെ മൃതശരീരങ്ങൾ വീണ്ടെടുക്കുകയെന്ന ദൗത്യമാണ് യുവ കൂട്ടായ്മക്കുണ്ടായിരുന്നത്.
ജില്ല ഭരണകൂടത്തിന്റെ ആഹ്വാനപ്രകാരം ഞായറാഴ്ച അതിരാവിലെ തന്നെ സന്നദ്ധസംഘങ്ങളുടെ വാഹനങ്ങൾ ഫാം ലക്ഷ്യമാക്കി വന്നുതുടങ്ങിയിരുന്നു. വിവിധ സർക്കാർ ഏജൻസികളും എസ്.പിയടക്കം ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഏഴരയോടെ തിരച്ചിലിന് ഒരുങ്ങിയെത്തിയ സന്നദ്ധപ്രവർത്തകരാൽ ഫാം പരിസരം നിറഞ്ഞു. ഭക്ഷണവും വെള്ളവും റോപ്പും മറ്റ് ഉപകരണങ്ങളുമായി ദൗത്യസംഘങ്ങൾ കാട്ടിലേക്ക് നീങ്ങിത്തുടങ്ങി. പുഴയുടെ ഇരുവശങ്ങളിലൂടെയുമാണ് തിരച്ചിൽ സംഘങ്ങൾ നീങ്ങിയത്. സംഘാംഗങ്ങൾ കൈകോർത്തുപിടിച്ചാണ് ഓളങ്ങൾ ഭേദിച്ച് മറുകരയിലെത്തിയത്. പകൽ മഴ മാറിനിന്ന് വെയിൽ പരന്നത് ദൗത്യസംഘത്തിന്റെ തിരച്ചിലിന് സൗകര്യമായി.
അതിദുർഘടം വനപാത
ഇരുട്ടുകുത്തിയും വാണിയമ്പുഴയും തലപ്പാലിയും കടന്ന് ദുഷ്കരവഴികൾ താണ്ടിയായിരുന്നു വനയാത്ര. വഴിനീളെ കുണ്ടും കുഴികളും പാറക്കല്ലുകളും. കൈവഴികളുടെ കുത്തൊഴുക്ക്. മലവെള്ളപ്പാച്ചിലിൽ ചാലിയാർ പല വഴികളായി തിരിഞ്ഞിരിക്കുന്നു. പുഴമധ്യേ പുതിയ മാടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പുഴ നിറയെ ഒഴുകിയെത്തിയ മരങ്ങൾ. തൊലിയടർന്ന് ചുവപ്പു നിറമായ മരങ്ങൾ ചീയുന്നതിന്റെ ഗന്ധം. പലേടത്തും വളർത്തുമൃഗങ്ങളുടെയും മീൻ ചത്തുപൊങ്ങിയതിന്റേയും മണവും. ഇരുട്ട് മൂടിയ കാട്ടുവഴികളിലൂടെ, ചോലകൾ മുറിച്ചുകടന്നും പാറക്കെട്ടുകൾ താണ്ടിയുമായിരുന്നു ദൗത്യസംഘത്തിന്റെ പ്രയാണം. പലരും പാറക്കല്ലുകളിൽ വഴുതി തെന്നിവീണു. കാലിന് ചെറിയ മുറിവേറ്റവരുമുണ്ട്.
ഭീതി നിറച്ച് ആനച്ചൂര്
തരിപ്പപൊട്ടിയും പി.സി.കെയും പിന്നിട്ട് യാത്ര കുമ്പളപ്പാറയോടടുത്തു. ഇടതൂർന്ന കാടുകളിൽ വഴികൾ നേർത്തതായി. വള്ളിപ്പടർപ്പുകളും അടിക്കാടുകളും കാഴ്ചയെ മറയ്ക്കുന്നു. ചവിട്ടുവഴികളിലൂടെ അൽപം നടന്നുനീങ്ങിയപ്പോൾ ആനച്ചൂര് പരക്കുന്നു. ആനത്താരയാണെന്ന് വനംവകുപ്പ് വാച്ചർമാർ പറഞ്ഞു. സംഘാംഗങ്ങൾ ഒരുമിച്ച് നീങ്ങണമെന്ന് നിർദേശം വന്നു. പുഴയോരത്തെ പാറക്കല്ലുകൾ നിറഞ്ഞ വഴിയിലേക്ക് നീങ്ങി. അൽപം കഴിഞ്ഞപ്പോൾ ആനച്ചൂര് അകന്നുപോയി. വീണ്ടും ചെങ്കുത്തായ കാട്ടുവഴികളിലൂടെ പരപ്പൻപാറ ലക്ഷ്യമാക്കി യാത്ര.
ശരീരഭാഗങ്ങൾ വീണ്ടെടുത്ത് ദൗത്യം
പ്രതീക്ഷിച്ചതുപോലെ ചാലിയാറിൽ, ദുരന്തത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ ബാക്കി കിടക്കുന്നുണ്ടായിരുന്നു. പുഴയുടെ ഇരുവശങ്ങളിലൂടെയും നീങ്ങിയ ദൗത്യ സംഘാംഗങ്ങൾ, തീരം അരിച്ചുപെറുക്കി പരിശോധിച്ചാണ് മുന്നോട്ടുപോയത്. വീണുകിടക്കുന്ന മരങ്ങൾക്കിടയിലും മണ്ണിനടിയിലും മൃതദേഹ ഭാഗങ്ങൾ മറഞ്ഞുകിടന്നിരുന്നു. ഒരിടത്തുനിന്ന് കാലിന്റെ ഭാഗവും മറ്റിടങ്ങളിൽനിന്ന് മറ്റു ശരീരഭാഗങ്ങളും ലഭിച്ചു. കിട്ടിയ ശരീരഭാഗങ്ങൾ കവറിലാക്കി മരത്തിൽ തൂക്കിയിട്ട് അടയാളം വെച്ചാണ് ദൗത്യസംഘം മുകളിലേക്ക് തിരച്ചിൽ തുടർന്നത്. പരപ്പൻപാറയിൽനിന്ന് പെൺകുട്ടിയുടെ വയറിന് മുകളിലുള്ള ഭാഗം ലഭിച്ചു. തലക്ക് കാര്യമായ ക്ഷതമുണ്ടെങ്കിലും തിരിച്ചറിയാവുന്ന വിധമാണ്. കിലോമീറ്ററുകളോളം തുണിയിൽ കെട്ടി ചുമന്നാണ് സംഘാംഗങ്ങൾ മൃതദേഹം ഇരുട്ടുകുത്തിയിലെത്തിച്ചത്.
കുമ്പളപ്പാറയിൽ മണ്ണിൽ ആണ്ട നിലയിൽ കാൽ കണ്ടു. വ്യാപക തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് സംഘം ജില്ല അതിർത്തിയിലെത്തിച്ചേർന്നത്. അവിടെനിന്ന് 14 പേരടങ്ങുന്ന ഒരു സംഘം വയനാട് ഭാഗത്തേക്ക് തിരച്ചിൽ തുടർന്നു. ഇവർ ചെങ്കുത്തായ മലവാരം പിന്നിട്ട് കാന്തംപാറ വെള്ളച്ചാട്ടംവരെയെത്തി. ഇവിടെ വയനാട്ടിലെ വനപാലകരുമായി ചേർന്നു.
തിരച്ചിലിൽ കണ്ടെത്തിയ ശരീര ഭാഗങ്ങളുമായി ഹെലികോപ്റ്ററിൽ അവർ മേപ്പാടി ഭാഗത്തേക്ക് എത്തി. ദൗത്യസംഘത്തിലെ മറ്റുള്ളവർ വൈകീട്ട് മൂന്നോടെ തിരിച്ചിറങ്ങിത്തുടങ്ങി. പലയിടങ്ങളിലായി മരത്തിൽ കവറിലാക്കി കെട്ടി സൂക്ഷിച്ച ശരീരഭാഗങ്ങൾ ചുമന്നായിരുന്നു മടക്കം. വൈകീട്ട് മഴ ചെയ്തത് തിരിച്ചിറക്കം ദുഷ്കരമാക്കി. ഡിങ്കി ബോട്ടിലും ചങ്ങാടത്തിലുമാണ് മൃതദേഹ ഭാഗങ്ങൾ മറുകരയിലെത്തിച്ചത്. ഒരുക്കി നിർത്തിയ ആംബുലൻസുകളിൽ ഇവ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
തിരച്ചിൽ സംഘത്തിൽ വനിതകളും
ദുഷ്കര ദൗത്യത്തിൽ പങ്കാളിയായി വനിതകളും. വിവിധ സന്നദ്ധ സംഘടനകളിൽ അംഗങ്ങളായ സ്ത്രീകളാണ് ദുർഘടമായ വനപാതയിലൂടെ തിരച്ചിലിൽ പങ്കാളികളായത്.
പഞ്ചായത്തും ക്ലബുകളും ദൗത്യസംഘത്തിന് ഭക്ഷണവും വെള്ളവും ഒരുക്കിയിരുന്നു. പൊലീസും വനപാലകരും തണ്ടർബോൾട്ടും വനത്തിൽ ദൗത്യസംഘത്തിന് സുരക്ഷാ കവചമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.