ജീവിതം തിരിച്ചുപിടിക്കാൻ...
text_fieldsകൽപറ്റ: ആർത്തലച്ചുവന്ന മലവെള്ളത്തെ തോൽപിക്കുന്ന സഹജീവി സ്നേഹത്താൽ ലോകം വയനാടിനെ ചേർത്തുപിടിക്കുമ്പോൾ തന്നെ ജീവിതം ഒന്നിൽ നിന്നു തുടങ്ങാൻ മുണ്ടക്കൈ, ചൂരൽമല നിവാസികൾ. ഇതിനിടെ, കാണാതായവരുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. റേഷൻ കാർഡ്, ബാങ്ക് രേഖകൾ, പാചകവാതക കണക്ഷനുമായി ബന്ധപ്പെട്ട രേഖകൾ, ഹരിത മിത്രം ആപ്, കെ.എസ്.ഇ.ബി, തൊഴിൽ വകുപ്പ്, ഡി.ടി.പി.സി, അംഗൻവാടികൾ ഉൾപ്പെടെയുള്ളവയുടെ രേഖകൾ എന്നിവയാണ് ഇതിന് ഉപയോഗിക്കുന്നത്.
തകർന്ന മുണ്ടക്കൈ എൽ.പി സ്കൂളും ചൂരൽമലയിലെ വെള്ളാർമല ജി.വി.എച്ച്.എസ്.എസും തൽക്കാലം മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കും. ക്യാമ്പിലും മറ്റുമായി കഴിയുന്ന നൂറുകണക്കിനാളുകളുടെ ജീവിതം ഇനി ഒന്നിൽ നിന്നുതുടങ്ങണം. ദുരന്തത്തെ അതിജീവിച്ചവരുടെ മിക്ക രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാം തിരികെ കിട്ടാനുള്ള നടപടികൾ ഊർജിതമാണ്.
ക്യാമ്പിലുള്ളവർക്ക് ഇടക്കാല പുനരധിവാസം
ക്യാമ്പുകളിലുള്ളവർക്ക് ഇടക്കാല പുനരധിവാസത്തിന് സംവിധാനം ഒരുക്കും. ഇതിനായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ മേപ്പാടിയിലെ സർക്കാർ-സർക്കാറേതര കെട്ടിടങ്ങളുടെ വിവരശേഖരണം ഒരാഴ്ചക്കകം പൂർത്തിയാക്കും. ഈ കെട്ടിടങ്ങൾ ലഭ്യമാകുന്ന മുറക്ക് ക്യാമ്പിലുള്ളവരെ താൽക്കാലികമായി അങ്ങോട്ട് മാറ്റും. ദുരന്തത്തിന്റെ ഭാഗമായി 352 വീടുകൾ പൂർണമായും 122 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 17 ക്യാമ്പുകളിലായി 701കുടുംബങ്ങളിലെ 2551 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. നിരവധിപേർ ബന്ധുവീടുകളിലുമുണ്ട്.
സ്കൂൾ രേഖകള്‍ വീണ്ടെടുക്കാം
ദുരന്തത്തില്‍ നഷ്ടമായ വിദ്യാഭ്യാസ രേഖകള്‍ ലഭ്യമാക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്കൂള്‍ പ്രധാനാധ്യാപകന്റെ ഓഫിസിലാണ് നൽകേണ്ടത്. വെള്ളപേപ്പറിൽ വിവരങ്ങളും ഫോൺനമ്പറും നൽകിയാൽ മതി. ജില്ല വിദ്യാഭ്യാസ ഓഫിസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളിലും വിവരം നൽകാം. ഫോണ്‍ 8086983523, 9496286723, 9745424496, 9447343350, 9605386561. സർട്ടിഫിക്കറ്റുകൾ വീണ്ടെുക്കാൻ പ്രത്യേക അദാലത് നടത്താനാണ് സാധ്യത.
ധനകാര്യസ്ഥാപനങ്ങൾ
ദുരന്തബാധിതരുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച നടത്താൻ അടുത്തയാഴ്ച കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരാൻ സാധ്യതയുണ്ടെന്ന് വയനാട് ലീഡ് ബാങ്ക് മാനേജർ പി.എം. മുരളീധരൻ പറഞ്ഞു. റിസർവ് ബാങ്ക് പ്രതിനിധികളടക്കം പങ്കെടുക്കുമെന്നും ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ച് റിസർവ് ബാങ്കിന്റെ മാർഗരേഖകളനുസരിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതമേഖലയിലെ നിരവധിപേർ കെ.എസ്.എഫ്.ഇയുടെ മേപ്പാടി ശാഖയിലെ ഇടപാടുകാരാണ്. ഇവരുടെ കണക്കെടുപ്പ് അടക്കം നടത്തുമെന്നും അർഹമായ സഹായനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.എഫ്.ഇ എം.ഡി ഡോ. എസ്.കെ. സനിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉരുൾപൊട്ടലിൽ കേരള ഗ്രാമീൺ ബാങ്കിന്റെ വെള്ളരിമല ബ്രാഞ്ചും കേരള ബാങ്ക് ശാഖയും പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. എന്നാൽ, രേഖകൾ ഡിജിറ്റലൈസ് ചെയ്തിരുന്നതിനാൽ ആശങ്കയില്ല. നഷ്ടപ്പെട്ട എല്ലാ രേഖകളുടെയും പകർപ്പ് നൽകാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് നൽകും
മേപ്പാടിയിലെ 44, 46 നമ്പര്‍ റേഷന്‍ കടക്ക് കീഴിലാണ് ദുരന്തബാധിതപ്രദേശങ്ങൾ. ഇതിന് കീഴിലുള്ള മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശ വകുപ്പുകള്‍ക്ക് കൈമാറിയെന്ന് ജില്ല സപ്ലൈ ഓഫിസര്‍ പറഞ്ഞു.
പരിശോധന പൂര്‍ത്തിയാകുന്നതോടെ, ഉടമയുടെ പേര്, കാര്‍ഡിലുള്‍പ്പെട്ടവര്‍, വീട്ടുപേര്, ആധാര്‍-ഫോണ്‍ നമ്പറുകള്‍ അടങ്ങിയ വിവരങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സപ്ലൈ ഓഫിസ് മുഖേന റേഷന്‍ കാര്‍ഡ് പകര്‍പ്പിന്റെ പ്രിന്റ് എടുത്ത് നല്‍കും. ഈ രണ്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം മേപ്പാടിയില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
പാചകവാതക സിലിണ്ടർ
ദുരന്തത്തിൽ നിരവധി കുടുംബങ്ങൾക്കാണ് ഗ്യാസ് സിലിണ്ടര്‍, റെഗുലേറ്റര്‍, പാസ്ബുക്ക് എന്നിവ നഷ്ടമായത്. ഇവ ലഭ്യമാക്കുന്നതിന് ചെറിയതോട്ടം, കബനി, കണിയാമ്പറ്റ ഗ്രാമീണ്‍ ഇൻഡേൻ, കൊക്കരാമൂച്ചിക്കല്‍ തുടങ്ങിയ ജില്ലയിലെ ഗ്യാസ് ഏജന്‍സികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.