ദുരന്തമുഖത്തെ നടുക്കുന്ന ഓർമകളുമായി ബഷീറും ശിഹാബും
text_fieldsഓമശ്ശേരി: മുണ്ടക്കൈ ഉരുൾപൊട്ടൽ സ്ഥലത്തെ നടുക്കുന്ന ഓർമകളുമായി ഓമശ്ശേരി കർമ സന്നദ്ധ പ്രവർത്തകരായ കെ.പി. ബഷീറും പി.പി.ശിഹാബും. ദുരന്തമറിഞ്ഞ ഉടൻ തന്നെ ചൂരൽ മലയിലെത്തിയ ഇരുവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഏഴുദിവസങ്ങളിലായി ചളിയിൽനിന്നും കണ്ടെടുത്തത് 33 മൃതദേഹങ്ങൾ. ചൂരൽമല വില്ലേജ് ഭാഗം കേന്ദ്രീകരിച്ചു തുടക്കത്തിൽ പ്രവർത്തിച്ച ഇവർ ആദ്യം കണ്ട കാഴ്ചകൾ മറക്കാൻ കഴിയില്ലെന്നു പറയുന്നു. മരത്തടികൾക്കിടയിൽ തങ്ങിനിൽക്കുന്ന ധാരാളം മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ഇവ എടുത്തു കരയിലെത്തിച്ചു. ചളിയിൽ ആണ്ടു കിടക്കുന്നവയെ പുറത്തെടുത്തു. ഇവ ചുമന്നു ആംബുലൻസുകളിലെത്തിച്ചതും നടുക്കുന്ന ഓർമകളാണ്. ഒന്നര വയസ്സുള്ള കുട്ടിയുടേതടക്കമുള്ള മൃത ശരീരങ്ങൾ ഇവയിൽ ഉണ്ടായിരുന്നു.
ചാലിയാറിൽ കൂളിമാട് മുതൽ നിലമ്പൂർ പോത്ത്കല്ലു വരെയുള്ള തിരച്ചിലിലും ഇവർ അംഗങ്ങളായി ഉണ്ടായിരുന്നു. നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കു കൊണ്ട ഇവർ മുക്കം അഗ്നിരക്ഷസേനയുടെ സിവിൽ ഡിഫൻസ് വിഭാഗം അംഗങ്ങളാണ്. കർണാടകയിൽ കാണാതായ അർജ്ജുനു വേണ്ടി നടന്ന തിരച്ചിലിനു ഓമശ്ശേരിയിൽനിന്ന് ബഷീർ, ശിഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പോയിരുന്നു. മലയോര മേഖലയിൽ ഇരുവഴിഞ്ഞി പുഴയിലുണ്ടാവുന്ന എല്ലാ അപകടങ്ങളിലും ഇരുവരും സജീവമായി രംഗത്തുണ്ടാവുക പതിവു കാഴ്ചയാണ്. ഓമശ്ശേരിയിൽ ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റിൽ നടന്ന ചടങ്ങിൽ ബഷീർ, ശിഹാബ് മേപ്പാടിയിൽ മോർച്ചറിയിൽ സേവനം അനുഷ്ടിച്ച ഷാഹിന ടീച്ചർ ഐ.ആർ.ഡബ്ല്യു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ സി.ടി. സുബൈർ എന്നിവരെ ആദരിച്ചു. എം.കെ. ജസീം,നൗഫൽ, നൂർജഹാൻ, സെലിൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.