അച്ഛനും അമ്മയും പോയി; പുതിയ റേഷൻ കാർഡിൽ ഇനി വൈഷ്ണ മാത്രം ബാക്കി
text_fieldsമേപ്പാടി: മുണ്ടക്കൈ കരുണസരോജം വീട്ടിൽ നന്ദയുടെ പേരിലുള്ള പുതിയ റേഷൻ കാർഡിൽ ഇനി മകൾ വൈഷ്ണ മാത്രം. ഉരുൾപൊട്ടി ദുരന്തം കുത്തിയൊലിച്ചപ്പോൾ മുണ്ടക്കൈയിലെ വീട്ടിലുണ്ടായിരുന്ന നന്ദയും ഭർത്താവ് പാർത്ഥനും രണ്ടു പെൺമക്കളെ തനിച്ചാക്കിയാണ് ജീവിതത്തിൽ നിന്ന് മൺമറഞ്ഞുപോയത്. വീടിനൊപ്പം അച്ഛനും അമ്മയും നഷ്ടപ്പെട്ട സങ്കടവാർത്ത അപ്രതീക്ഷിയമായാണ് മക്കളെ തേടിയെത്തിയത്. ദുരന്ത സമയത്ത് മകൾ വൈഷ്ണ വിദേശത്തായിരുന്നു. റേഷൻ കാർഡിൽ പേരില്ലാത്ത മറ്റൊരു മകൾ ഹർഷയും നാട്ടിലില്ലായിരുന്നു. നാട്ടിലെ മഹാദുരന്തവും മാതാപിതാക്കളുടെ വേർപാടും നോവിന്റെ ഓർമകളായി ഇനി അവരുടെ മനസ്സുകളിൽ തളം കെട്ടിനിൽക്കും. ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡ് വിതരണം ചെയ്തപ്പോൾ ഗൃഹനാഥ നന്ദയുടെ പേരിലുള്ള കാർഡ് മകൾക്കായി കൈമാറി. മകൾ വൈഷ്ണയുടെ അസാന്നിധ്യത്തിൽ നന്ദയുടെ ഭർതൃസഹോദരൻ പ്രഭാത് ആണ് മന്ത്രി മുഹമ്മദ് റിയാസിൽ നിന്ന് ബുധനാഴ്ച പുതിയ റേഷൻ കാർഡ് ഏറ്റുവാങ്ങിയത്.
ക്യാമ്പുകളിൽ കഴിയുന്ന ആളുകളിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ പുഞ്ചിരിമട്ടത്തെ മൂന്ന് പേർക്കും ചൂരൽമല നിവാസികളായ അഞ്ചുപേർക്കുമാണ് റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ പുതിയ കാർഡുകൾ വിതരണം ചെയ്തത്. മേപ്പാടി സെൻറ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ല സപ്ലൈ ഓഫിസർ ടി.ജെ. ജയദേവ്, ഭക്ഷ്യ കമീഷൻ അംഗം വിജയലക്ഷ്മി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.