മഹാദുരന്തത്തിന്റെ ദൃശ്യങ്ങളുണ്ടോ? ആ സി.സി.ടി.വിയിൽ പ്രതീക്ഷ
text_fieldsമുണ്ടക്കൈ: നാടിനെ നടുക്കിയ മഹാദുരന്തത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാകുമോ? ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ വീടുകളിലൊന്നിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് അധികൃതർ. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വീട്ടുകാർ വ്യാഴാഴ്ച സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കും മറ്റും കൈമാറിയിട്ടുണ്ട്.
പ്രവാസിയായ കോളശ്ശേരി സുൽഫിക്കറിന്റെ വീട്ടിലെ കാമറക്കണ്ണുകൾ തുറന്നിരുന്നത് മല പിളർന്ന് ദുരന്തം ആർത്തലച്ചെത്തിയ വഴികളിലേക്കായിരുന്നു. രണ്ടു കാമറകളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. ഉരുൾപൊട്ടലിൽ ഈ വീടിന്റെ മുൻവശങ്ങളിലുണ്ടായിരുന്ന മുഴുവൻ വീടുകളും നിശ്ശേഷം തകർന്നു. സുൽഫിക്കറും കുടുംബാംഗങ്ങളുമെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു. പുഞ്ചിരിമട്ടം റോഡിനരികെയുള്ള വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഈ പ്രദേശത്ത് സുൽഫിക്കറിന്റെ വീട്ടിൽ മാത്രമാണ് സി.സി.ടി.വി സ്ഥാപിച്ചിട്ടുള്ളത്. കാമറക്കും ഹാർഡ് ഡിസ്കിനും കേടുപാടുകളൊന്നുമുണ്ടായിട്ടില്ല. എന്നാൽ, ഉരുൾപൊട്ടലുണ്ടായതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വീട്ടിലെ ഇൻവെർട്ടറിൽ കാമറ കണക്ട് ചെയ്തിട്ടുണ്ടോ എന്നത് വീട്ടുകാർക്ക് ഉറപ്പില്ല. കാമറകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ വൈദ്യുതി ബന്ധം ലഭ്യമാവുന്നതുവരെ ഹാർഡ് ഡിസ്കിൽ ശേഖരിക്കപ്പെടും. ഇൻവെർട്ടറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ആ കണക്ഷൻ അവസാനിക്കുന്നതുവരെയുള്ള ദൃശ്യങ്ങളുണ്ടാകും. പൊലീസ് സൈബർ ടീം സി.സി.ടി.വി ഹാർഡ് ഡിസ്ക് പരിശോധിക്കുകയാണ്.
പ്രദേശത്ത് മുണ്ടക്കൈ പള്ളിയിലും സി.സി.ടി.വി കാമറ ഉണ്ടായിരുന്നു. ഉരുൾപൊട്ടലിൽ തകർന്ന പള്ളിയുടെ മുകളിൽ കാമറ ഇപ്പോഴുമുണ്ട്. എന്നാൽ, മുണ്ടക്കൈ എന്ന ഗ്രാമംതന്നെ ഒലിച്ചുപോയ ദുരന്തത്തിൽ പള്ളിയിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.