വയനാട് ഉരുൾപൊട്ടൽ: പി.പി.ഇ കിറ്റുകൾ എത്തിച്ചില്ല; നാലു മൃതദേഹങ്ങൾ വനത്തിൽതന്നെ
text_fieldsകൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ വൻ സജ്ജീകരണങ്ങളുമായി തിരച്ചിൽ നടക്കുമ്പോഴും സന്നദ്ധപ്രവർത്തകർ കണ്ടെത്തിയ നാലു മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ ഒരു ദിവസം മുഴുവൻ സമയം ലഭിച്ചിട്ടും അധികൃതർക്ക് സാധിച്ചില്ല. വെള്ളിയാഴ്ചയാണ് ചൂരൽമലയിൽനിന്ന് ആറു കിലോമീറ്ററോളം അകലെ സൂചിപ്പാറക്കും കാന്തൻപാറക്കും ഇടിയിലുള്ള ആനടികാപ്പിൽ നാലു മൃതദേഹങ്ങൾ കണ്ടത്. വനംവകുപ്പിന്റെ നിർദേശപ്രകാരം തിരച്ചിലിനെത്തിയ മേപ്പാടി സ്വദേശികളായ എസ്.ഡി.പി.ഐ വളന്റിയർമാരും ചാമ്പ്യൻസ് ക്ലബ് പ്രവർത്തകരുമാണ് വെള്ളിയാഴ്ച രാവിലെ 9.45ഓടെ ഇവ കണ്ടെത്തിയത്. മൂന്നു മുഴുവൻ ശരീരങ്ങളും പകുതി മാത്രമുള്ള മറ്റൊരു ശരീരവുമാണ് ലഭിച്ചത്. വെള്ളിയാഴ്ച സർവവിധ സന്നാഹങ്ങളുമായി അധികൃതർ ഉരുൾപൊട്ടൽ നടന്ന ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം.
മൃതദേഹങ്ങൾ കണ്ടയുടൻതന്നെ സന്നദ്ധപ്രവർത്തകർ അധികൃതരെ അറിയിച്ചു. ഉടൻ ഹെലികോപ്ടറിൽ മൃതദേഹങ്ങൾ എടുക്കാൻ എത്തുമെന്ന് അധികൃതർ അറിയിച്ചതനുസരിച്ച് ഇവർ വനത്തിൽ കാത്തുനിന്നു. 11 മണിക്ക് ഹെലികോപ്ടർ എത്തിയെങ്കിലും മൂന്നു കവറുകളും കൈയുറകളും മാത്രം നൽകി മൃതദേഹങ്ങൾ പൊതിഞ്ഞുകെട്ടാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ ഇത്തരത്തിൽ എളുപ്പത്തിൽ പൊതിഞ്ഞുകെട്ടാൻ ആകില്ലെന്നും പി.പി.ഇ കിറ്റ് വേണമെന്നും സന്നദ്ധപ്രവർത്തകർ അറിയിച്ചു. പിന്നീട് 4.30ഓടെ ഹെലികോപ്ടർ വീണ്ടുമെത്തി.
മൃതദേഹങ്ങൾ പൊതിഞ്ഞുകെട്ടിയിട്ടുണ്ടാകുമെന്ന ധാരണയിലായിരുന്നു ഇത്. പി.പി.ഇ കിറ്റിന്റെ കാര്യം പറഞ്ഞപ്പോൾ സന്നദ്ധപ്രവർത്തകരെ ഹെലികോപ്ടറിൽ കയറ്റി സുൽത്താൻ ബത്തേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെനിന്ന് അധികൃതർ ഏർപ്പാടാക്കിയ വാഹനത്തിലാണ് സന്നദ്ധപ്രവർത്തകർ മേപ്പാടിയിലേക്ക് തിരിച്ചുവന്നത്.
അതേസമയം, ദുർഘടമായ സ്ഥലമായതിനാലാണ് മൃതദേഹങ്ങൾ കൊണ്ടുവരാൻ കഴിയാത്തതെന്നും ശനിയാഴ്ച അവ പുറത്തെത്തിക്കുമെന്നുമാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.