‘ഒലിച്ചുപോയത് 27 വർഷത്തെ പ്രവാസ ജീവിതത്തിന്റെ അധ്വാനം’
text_fieldsപുഞ്ചിരിമട്ടം (വയനാട്): പുഞ്ചിരിമട്ടത്ത് ജനകീയ തിരച്ചിൽ നടക്കുമ്പോൾ പാറപ്പുറത്തിരുന്ന് ഒരു മനുഷ്യൻ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖം കണ്ടാൽ വായിച്ചെടുക്കാമായിരുന്നു ആ മനസ്സിനുള്ളിലെ ഉരുൾപൊട്ടൽ. നിങ്ങളെ വീട് ഇവിടെയായിരുന്നോ എന്ന ഒറ്റ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ‘ആ ഒലിച്ചുപോയതെല്ലാം എന്റെ വിയർപ്പും 27 വർഷത്തെ പ്രവാസ ജീവിതത്തിലെ അധ്വാനവുമാണെ’ന്നാണ്. നാടിനെ വിഴുങ്ങിയ ദുരന്തവാർത്ത കേട്ട് കഴിഞ്ഞ ദിവസമാണ് പുഞ്ചിരിമട്ടം കുരിക്കൾ വീട്ടിൽ അബ്ദുൽ ലത്തീഫ് കുവൈത്തിൽനിന്നെത്തിയത്. വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച് പടുത്തുയർത്തിയ പുതിയ വീട് ഒരൊറ്റ രാത്രികൊണ്ട് ഒഴുകിമറിഞ്ഞത് ഈ മനുഷ്യന് ഇനിയും വിശ്വസിക്കാനായിട്ടില്ല.
വിമാനത്താവളത്തിലിറങ്ങി നേരെ വന്നത് മേപ്പാടി ക്യാമ്പിലേക്കാണ്. പിന്നീട് വീട് നിന്ന സ്ഥലത്തെത്തി ഉള്ളുലഞ്ഞ് ഇരിക്കാനേ കഴിഞ്ഞുള്ളു. ലത്തീഫിന്റെ വീട്ടുകാർ രക്ഷപ്പെട്ടെങ്കിലും ദുരന്തത്തിൽ കുടുംബത്തിലെ നിരവധിപേർ മരിച്ചിട്ടുണ്ട്. അതിൽ മിക്കവരുടെയും മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുമ്പാണ് ലത്തീഫ് നാട്ടിൽനിന്നുപോയത്. ദുരന്തം അറിഞ്ഞിട്ടാണ് താൻ നാട്ടിലെത്തിയതെന്നും ഭാര്യയുടെ കുടുംബത്തിൽനിന്ന് മാത്രം ഒമ്പതുപേർ മരിച്ചെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. അവരുടെ കുടുംബത്തിൽ രണ്ട് കുട്ടികൾ മാത്രമാണ് ബാക്കിയായത്. മൃതദേഹങ്ങളെങ്കിലും ലഭിച്ചാൽ, ഇവിടെയാണ് നിങ്ങളുടെ കുടുംബത്തെ മറവ് ചെയ്തത് എന്നെങ്കിലും കുട്ടികളോട് പറയാമായിരുന്നുവെന്നും ലത്തീഫ് സങ്കടത്തോടെ പറഞ്ഞുവെച്ചു. അധികം ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹത്തിന് വാക്കുകളില്ലായിരുന്നു. മഴ കനത്തപ്പോൾ ലത്തീഫിന്റെ വീട്ടിലുള്ളവർ തലേദിവസം മാറിയതിനാൽ മാത്രമാണ് മഹാദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.