താല്‍ക്കാലിക പുനരധിവാസം; സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ അഞ്ചംഗ സമിതി
text_fieldsകൽപറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപവത്കരിച്ചു. തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളും വൈത്തിരി തഹസില്‍ദാര്‍ കണ്‍വീനറുമായ സമിതിയാണ് രൂപവത്കരിച്ചത്.
താല്‍ക്കാലിക പുനരധിവാസത്തിന് തദ്ദേശ വകുപ്പ് 41 കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പ് 24 കെട്ടിടങ്ങളും കണ്ടെത്തിയതായി മന്ത്രിസഭ ഉപസമിതി അംഗങ്ങളായ കെ. രാജന്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, ഒ.ആര്. കേളു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അറ്റകുറ്റപ്പണിക്കുശേഷം ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വാടക നല്കി ഉപയോഗിക്കാവുന്ന 286 വീടുകള്‍ തദ്ദേശ സ്ഥാപനങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്.
എന്നാല്‍ മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കല്പറ്റ, അമ്പലവയല്‍, മുട്ടില്‍ എന്നിങ്ങനെ ആറു തദ്ദേശ സ്ഥാപനങ്ങളിലായി വാടകവീടുകള്‍ കണ്ടെത്താനാണ് തീരുമാനം. കെട്ടിടങ്ങള്‍ താമസയോഗ്യമാണോ ആവശ്യമായ വീട്ടുപകരണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും.
വാടക സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഹാരിസണ്‍ മലയാളം കമ്പനി 102 തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കും. ഇവിടങ്ങളിലെ സൗകര്യങ്ങൾ സമിതി പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കും. താല്‍ക്കാലിക പുനരധിവാസത്തിന് വിശദമായ രൂപരേഖ തയാറാക്കും. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷമുള്ള പ്രദേശത്തെ അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല എന്നീ പ്രദേശങ്ങള്‍ ആഗസ്റ്റ് 19ന് സന്ദര്‍ശിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
ദുരന്തത്തെ തുടര്‍ന്ന് ഇതുവരെ 229 മരണം സ്ഥിരീകരിച്ചു. 198 ശരീരഭാഗങ്ങള്‍ കണ്ടെത്തി. മൂന്നു മൃതദേഹവും ഒരു ശരീരഭാഗവും ശനിയാഴ്ച സംസ്കരിച്ചു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി 119 രക്തസാമ്പിളുകള്‍ ശേഖരിച്ചു.
ജനകീയ തിരച്ചില്‍ ഇന്നും തുടരും
മുണ്ടക്കൈ: ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ ഞായറാഴ്ചയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറു സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തിരച്ചില്‍. എട്ടുമണിയോടെ തിരച്ചില്‍ ആരംഭിക്കും. ഒമ്പതിനകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തിരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. സുരക്ഷ പരിഗണിച്ചാണിത്. തിങ്കളാഴ്ച പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1798 പേര്
കൽപറ്റ: കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 604 കുടുംബങ്ങളില്‍ നിന്നായി 685 പുരുഷന്മാരും 672 സ്ത്രീകളും 441 കുട്ടികളും ഉള്‍പ്പെടെ 1798 പേര് ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി 14 ക്യാമ്പുകളും കാലവര്‍ഷക്കെടുതിയുടെ ഭാഗമായി കടച്ചിക്കുന്ന് തേന്‍ സംഭരണ കേന്ദ്രത്തില്‍ ആരംഭിച്ച ഒരു ക്യാമ്പുമാണ് നിലവില്‍ ജില്ലയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.