വീടും കുടുംബാംഗങ്ങളെയും ഉരുളെടുത്തു; ജീവൻ ബാക്കിയായ ആശ്വാസത്തിൽ ഗഫൂർ
text_fieldsവൈത്തിരി: ചൂരൽമലയിലെ പലചരക്കു കടയുടമയായ പുതിയപറമ്പത്ത് അബ്ദുൽ ഗഫൂറിനും കുടുംബത്തിനും ബാക്കിയായത് ഉടുതുണി മാത്രം. നഷ്ടപ്പെട്ടത് വീടും കടയും മാത്രമല്ല, ഉറ്റവരായ ഒമ്പതു പേരും.
ചൂരൽമല മദ്റസയുടെ അടുത്തടുത്താണ് ഗഫൂറിന്റെ വീടും കടയും. കനത്ത മഴയെത്തുടർന്ന് വൈകീട്ട് ആറു മണിക്കുതന്നെ കടയടച്ചു. ഈ സമയം ധാരാളം പേർ കടയിലുണ്ടായിരുന്നതായി ഗഫൂർ പറയുന്നു. എന്നാൽ, അവരിൽ മിക്കവരും ദുരന്തത്തിൽ ഇല്ലാതെയായി. ഭാര്യയും രണ്ടു പെൺമക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാത്രി ഒരു മണി കഴിഞ്ഞ സമയത്താണ് വലിയ ശബ്ദം കേട്ടത്.
ഉണർന്നപ്പോഴേക്കും വാതിലിൽ ശക്തിയായി വെള്ളം വന്നടിക്കുന്ന ശബ്ദം കേട്ട് പുറത്തേക്കിറങ്ങാൻ നോക്കുമ്പോൾ വാതിൽ തുറക്കാനായില്ല. ജനൽ തുറന്ന് വീടിന്റെ വശത്തുകൂടി ഭാര്യയെയും കുടുംബത്തെയും കൂട്ടി മുകളിലെത്തി. മുകളിലെ അമ്പലക്കുന്നിൽ ആ സമയത്ത് പലരും എത്തിയിരുന്നു. ഈ സമയത്തു മൂന്നാമത്തെ പൊട്ടലും കഴിഞ്ഞിരുന്നെന്ന് ഗഫൂർ ഓർക്കുന്നു. ഭൂമി മൊത്തം കുലുങ്ങിയ അനുഭവമുണ്ടായി. നേരം വെളുത്തതോടെ എല്ലാവരും മദ്റസയിലെത്തി. ഭാര്യയുടെ ഉപ്പയും ഉമ്മയുമടക്കം ഒമ്പതു പേർ ദുരന്തത്തിൽപെട്ടു.
മദ്റസയുടെ അടുത്തുള്ള പലചരക്കുകട വീടിനൊപ്പം നഷ്ടപ്പെട്ടു. ഒന്നുമില്ലാത്ത അവസ്ഥയിൽ ഇപ്പോൾ ചുണ്ടേൽ ശ്രീപുരത്ത് ഭാര്യാസഹോദരന്റെ വീട്ടിലാണ് താമസം. ഗഫൂറിന്റെ ഇളയമകൾ തസ്ലിയ കടുത്ത മാനസിക സമ്മർദത്തിലാണ്. മദ്റസയിലും സ്കൂളിലും കൂടെ കളിച്ചുനടന്ന ഷുഹൈബ്, അഫ്ലഹ, അൽഫിനാസ്, നിഹാൽ, അംജത്, ഫർഹാൻ തുടങ്ങിയ കൂട്ടുകാരൊക്കെ ദുരന്തത്തിൽ ഇല്ലാതായതോടെ മകൾ രാത്രിയിൽ ഉറങ്ങാറേയില്ലെന്ന് ഗഫൂർ പറയുന്നു. ഗഫൂറിന്റെ ഭാര്യാപിതാവ് മുഹമ്മദ്, മാതാവ് ബിയ്യ, ഇവരുടെ മക്കളായ ജാഫർ, ശംസുദ്ദീൻ, റംലത്ത്, ഷബ്ന, പേരക്കുട്ടികളായ മുഹമ്മദ് ആമേൻ, സംഹ പർവീൻ, റാണ റസ്ല എന്നിവരെല്ലാം ദുരന്തത്തിനിരയായി. ഇതിൽ അഞ്ചുപേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.