ദുരന്തമുഖത്ത് നോവിന്റെ അലച്ചിലായി വളർത്തുമൃഗങ്ങൾ
text_fieldsചൂരൽമല: ‘‘എന്റെ കിച്ചു പൂച്ചയെ തിരക്കി വന്നതാ... എവിടെയും കാണാനില്ലല്ലോ’’ -ദുരന്തഭൂമിയായ ചൂരൽമലയിലെ തകർന്ന വീടുകൾക്കിടയിൽ പ്രതീക്ഷയോടെ തിരച്ചിൽ നടത്തുന്ന യുവാവിനോട് എന്താണ് നോക്കുന്നതെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്. അപ്രതീക്ഷിത ദുരന്തത്തിൽ അനാഥമായ വളർത്തുമൃഗങ്ങളെ തേടി ഇതുപോലെ നിരവധി പേർ ദുരന്തമുഖത്തെത്തുന്നുണ്ട്. ദുരന്തത്തിൽ നോവിന്റെ അലച്ചിലായി പലയിടത്തും ഓമനമൃഗങ്ങൾ ഉടമസ്ഥരെയും കാത്ത് ലക്ഷ്യംതെറ്റി നടക്കുകയാണ്. ചൂരൽമലയിൽനിന്ന് ബെയ്ലി പാലം കടന്ന് 100 മീറ്റർ സഞ്ചരിച്ചപ്പോൾ തേയിലത്തോട്ടത്തിലൂടെ രണ്ട് പശുകിടാങ്ങൾ അമ്മയെ തേടി കരഞ്ഞുനടക്കുന്ന കാഴ്ച ദയനീയമായിരുന്നു. വിശന്നൊട്ടിയ വയറുമായി അവ ഭക്ഷണം തേടി നിരാശയോടെ നടക്കുകയാണ്. കൂട്ടിനാരുമില്ലാതെ, എന്താണ് സംഭവിച്ചതെന്നറിയാതെ പശുക്കിടാങ്ങൾ അലയുകയായിരുന്നു. കുറച്ച് മുന്നോട്ടുപോയപ്പോൾ ഒഴിഞ്ഞുകിടന്ന പാടിക്കു മുന്നിൽ ഉടമകളെയും കാത്ത് പൂച്ചയും പശുക്കിടാവും സങ്കടം പറഞ്ഞിരിക്കുന്നപോലെ തോന്നി. മുണ്ടക്കൈയിലെത്തിയപ്പോൾ ഒരുമണി അരിയെങ്കിലും കിട്ടുമോയെന്ന് നോക്കി ചളിയിലൂടെ നാലുപാടും ഓടിനടക്കുന്ന കോഴികളെയും കണ്ടു. തങ്ങൾക്ക് ഭക്ഷണം തരുന്ന കൈകളെ കാണാതെ, കൂടറിയാതെ മണ്ണിനു മുകളിലൂടെ പാറിനടക്കാനായിരുന്നു അവയുടെ വിധി. ചൂരൽമലയിലെ അപകടസ്ഥലത്ത് എത്തിയപ്പോൾ വീട്ടുകാരെ തേടി നടക്കുന്ന വളർത്തുനായ്ക്കളും സങ്കടക്കാഴ്ചയായി.
ഹൃദയസ്പർശിയായ മറ്റൊരു കാഴ്ച കണ്ടത് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്താണ്. അവിടെ മണ്ണെടുത്തുപോയ ഒരു വീട് നിന്ന സ്ഥലത്ത് കാണാൻ കൗതുകമുള്ള തവിട്ടുനിറത്തിലുള്ള ഒരു കുഞ്ഞിപ്പൂച്ച സങ്കടവും ഭയവും നിറഞ്ഞ മുഖവുമായി പതിയിരിക്കുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തകരെ കണ്ടപ്പോൾ വീടിന്റെ സമീപത്ത് അവശേഷിച്ച കോഴിക്കൂടിന് പിന്നിൽ ഓടിയൊളിക്കുകയായിരുന്നു ആ പൂച്ചക്കുട്ടി. ഇതുപോലെ നൂറുകണക്കിന് വളർത്തുമൃഗങ്ങളെയാണ് ദുരന്തമേഖലയിൽ കാണാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.