ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാര്‍
text_fieldsചൂരൽമല: ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടര്‍മാരെ കൂടി നിയോഗിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകള്‍ക്കും കൗണ്‍സലര്‍മാര്‍ക്കും പുറമേയാണിത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
വ്യക്തിഗത-ഗ്രൂപ് കൗണ്‍സലിങ്ങാണ് നല്‍കിവരുന്നത്. തിങ്കളാഴ്ച മാത്രം 100 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 222 പേര്‍ക്ക് ഗ്രൂപ് കൗണ്‍സലിങ്ങും 386 പേര്‍ക്ക് സൈക്കോ സോഷ്യല്‍ ഇന്റര്‍വെന്‍ഷനും 18 പേര്‍ക്ക് ഫാര്‍മക്കോ തെറപ്പിയും നല്കി. ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ടീം ഇതുവരെ 1592 വീടുകള്‍ സന്ദര്‍ശിച്ച് പരിചരണം ഉറപ്പാക്കി. 12 ഹെല്‍ത്ത് ടീമുകള്‍ 274 വീടുകള്‍ സന്ദര്‍ശിച്ചു. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. ഇന്ഫെക്ഷന് കണ്ട്രോള് പ്രോട്ടോകോള്‍ പ്രധാനമായും ശ്രദ്ധിക്കും. ആരോഗ്യ- വനിത- ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തും. ആയുഷ് മേഖലയിലെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 91 ഡി.എന്‍എ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.