ഉരുൾപൊട്ടൽ: വ്യാപാര മേഖലയിൽ 25 കോടിയുടെ നഷ്ടമെന്ന് ഏകോപന സമിതി
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മാത്രം 25 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. ചൂരൽമല ടൗണിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ തകർന്നത് 78ഓളം വ്യാപാര സ്ഥാപനങ്ങളാണ്. ചിലത് പൂർണമായും ചിലത് ഭാഗികമായും തകർന്നു. പല കടകളിലും ഉണ്ടായിരുന്ന ചരക്കുകൾ നശിച്ചു. സമിതി ജില്ല കമ്മിറ്റി നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
ടൗണിലെ മണ്ണും ചളിയും വ്യാപാരികളും സന്നദ്ധ പ്രവർത്തകരും നീക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനുശേഷം ചൂരൽമല ടൗണിന്റെ ഒരു ഭാഗം തുറന്ന് പ്രവർത്തിപ്പിക്കാൻ സംവിധാനമുണ്ടാവണം. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം. നിരവധി വ്യാപാരികളും ഇവരെ ആശ്രയിച്ച് കഴിയുന്ന വിവിധ മേഖലകളിലെ തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. ദുരന്തത്തിൽ ആറ് വ്യാപാരികൾ മരിച്ചു. വ്യാപാരികളുമായി ബന്ധപ്പെട്ട നിരവധി പേരും ഇരകളായി.
വിവിധ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ വ്യാപാരികൾക്ക് വൻ കടബാധ്യതയാണുള്ളത്. അവ എഴുതിത്തള്ളണം. വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുള്ള ജില്ലയിലെ ടൂറിസത്തെ ബാധിക്കാത്ത നിലയിൽ സർക്കാർ ഇടപെടണം.
ജില്ല പ്രസിഡൻറ് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, അഷ്റഫ് മേപ്പാടി, എ.പി ശിവദാസ്, പി.വി. അജിത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.