വയനാട്ടിലെ നഷ്ടം തിട്ടപ്പെടുത്തൽ: സംസ്ഥാന സംഘത്തിനൊപ്പം കേന്ദ്രസംഘവും ചേരും
text_fieldsതിരുവനന്തപുരം: വയനാട് ദുരന്തം സൃഷ്ടിച്ച നാശനഷ്ടങ്ങൾ കണക്കാക്കുന്നത് കേന്ദ്രസംഘത്തിന്റെ കൂടി സഹകരണത്തോടെ. നിലവിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വകുപ്പു തിരിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം നിയോഗിക്കുന്ന സംഘം കൂടി എത്തുകയും സംയുക്തമായി നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യും. ഇതിനു ശേഷം കേന്ദ്ര പ്രതിനിധി സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കേന്ദ്രത്തിന് സമർപ്പിക്കേണ്ട മെമ്മോറാണ്ടം തയാറാക്കുക. നാശനഷ്ടം സംബന്ധിച്ച് കേന്ദ്രത്തിന് കൈമാറുന്ന കണക്കുകളിൽ കൂടുതൽ ആധികാരികതക്ക് വേണ്ടിയാണ് റിപ്പോർട്ട് തയാറാക്കലിൽ കേന്ദ്രസംഘത്തിന്റെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്നത്.
കേന്ദ്രസഹായം അനുവദിക്കുന്നതിന് മെമ്മോറാണ്ടം ലഭിക്കണമെന്ന ഉപാധിയില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. വാടകവീടുകൾ കണ്ടെത്തി ദുരന്തബാധിതരായ 728 കുടുംബങ്ങളുടെ താൽക്കാലിക പുനരധിവാസമടക്കം സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. വാടക വീടുകൾക്കായി 6000 രൂപവീതമാണ് നൽകുന്നത്.
വലിയ സാമ്പത്തിക ചെലവുകൾ ഈ ഘട്ടത്തിൽ ആവശ്യമായി വരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് റിപ്പോർട്ട് പരിഗണനകളില്ലാതെ ആദ്യ ഘട്ടമെന്ന നിലയിൽ സാമ്പത്തിക സഹായം അനുവദിക്കാം. പക്ഷേ, ദുരന്തമുണ്ടായി മൂന്നാഴ്ച പിന്നിടുമ്പോഴും ഇത്തരമൊരു നീക്കം കേന്ദ്രത്തിൽനിന്നുണ്ടായിട്ടില്ല. വയനാട്ടിലേത് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിലും കേന്ദ്രം മൗനം തുടരുകയാണ്. പെരുമണും സൂനാമിയും ഓഖിയുമടക്കം സംസ്ഥാനത്ത് നൂറിലേറെ പേർക്ക് ജീവൻ നഷ്ടമുണ്ടായത് ആറോളം ദുരന്തങ്ങളിലാണ്. ഇതിൽ ഏറ്റവും വലിയ ആൾനാശമാണ് വയനാട്ടിലേത്. ദുരന്തതീവ്രതക്ക് മറ്റൊരു പഠനത്തിന്റെ ആവശ്യമില്ലെന്നിരിക്കെ അതിനും കേന്ദ്രം മുതിർന്നിട്ടില്ല. ഒമ്പതംഗ കേന്ദ്ര പ്രതിനിധി സംഘത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത മേഖലയിൽ ഒരു പകൽ ചെലവഴിച്ച് സ്ഥിതിഗതികൾ തിരിച്ചറിഞ്ഞ് മടങ്ങിയിട്ട് 10 ദിവസത്തിലേറെയാകുന്നു.
മേഖലയുടെ പുനർനിർമാണത്തിന് 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രസംഘത്തിന് സംസ്ഥാനം ആദ്യ ഘട്ടത്തിൽതന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വീടുകളുടെയും കെട്ടിടങ്ങളുടെയും തകർച്ച, ഉപജീവന മാർഗങ്ങളുടെ നഷ്ടം, കൃഷിനാശം, വിദ്യാർഥികളുടെ പഠനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയടക്കം വിവിധ മേഖലകൾ പരാമർശിച്ചായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതു പരിഗണിച്ചിട്ടില്ലെന്നാണ് വിശദ മെമ്മോറാണ്ടം ആവശ്യപ്പെട്ട കേന്ദ്ര നടപടിയിലൂടെ വ്യക്തമായത്.
സർവകക്ഷി യോഗം 29ന്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. 29ന് വൈകീട്ട് 4.30ന് ഓൺലൈനായാണ് യോഗം.
ഉരുള്‍പൊട്ടല്‍: തിരച്ചിലിൽ ആറു ശരീരഭാഗങ്ങൾ കണ്ടെത്തി
മുണ്ടക്കൈ (വയനാട്): ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ഞായറാഴ്ച സൂചിപ്പാറ മേഖലയില്‍ നടത്തിയ പ്രത്യേക തിരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട്. തിങ്കളാഴ്ച തിരച്ചിൽ തുടരുമെന്ന് വനം വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തിരച്ചിലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റിൽ യോഗം ചേരും. തുടർന്ന് തിരച്ചിൽ നടത്തുന്ന പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.