അതിജീവനത്തിന്റെ പാഠവുമായി മേപ്പാടി സ്കൂള്‍ തുറന്നു
text_fieldsമേപ്പാടി (വയനാട്): ഉരുൾ ദുരന്തത്തിന്റെ സങ്കടങ്ങള്‍ നിറഞ്ഞ ക്ലാസ് മുറികളില്‍ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ക്ക് തുടക്കമായി. ദുരിതബാധിതര്‍ക്കും ഉറ്റവര്‍ക്കുമായി ആഴ്ചകളായി തുറന്നിട്ട മേപ്പാടി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലാണ് ചൊവ്വാഴ്ച അധ്യയനം പുനരാരംഭിച്ചത്. മേപ്പാടി ജി.എല്‍.പി, യു.പി, ഹൈസ്കൂള്‍ ഹയർ സെക്കന്‍ഡറി ക്ലാസ് മുറികളാണ് മുണ്ടക്കൈ, ചൂരല്‍മല ഉരുൾ ദുരന്തത്തിന്റെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളായിരുന്നത്. ദുരന്തമേഖലയില്‍ നിന്നും നിരവധി കുടുംബങ്ങളാണ് ഈ ക്യാമ്പില്‍ കഴിഞ്ഞത്. ഉറ്റവരെയും അയല്‍വാസികളെയുമെല്ലാം ദുരന്തത്തില്‍ നഷ്ടമായവര്‍ക്കുള്ള തണലായി മാറുകയായിരുന്നു ഈ പാഠശാല. കഴിഞ്ഞ ദിവസത്തോടെ, ഇവിടെയുണ്ടായിരുന്ന മുഴുവനാളുകളും താത്കാലിക താമസസ്ഥലങ്ങളിലേക്ക് മാറിയിരുന്നു.
637 കുട്ടികളുള്ള മേപ്പാടി ഹയർ സെക്കന്‍ഡറി സ്കൂള്‍ പഠനത്തിനായി വീണ്ടും തുറന്നപ്പോൾ കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ അവരോടൊപ്പമില്ല. പ്ലസ് വണ്‍ വിഭാഗത്തിലെ രണ്ടു കൂട്ടൂകാരും പ്ലസ്ടു വിൽനിന്നുള്ള ഒരു കൂട്ടുകാരിയുമാണ് നാടിനെ നടുക്കിയ ഉരുള്‍ ദുരന്തത്തിന്റെ നൊമ്പരമായി മാറിയത്. അവർക്കും ദുരന്തത്തില്‍ മാഞ്ഞുപോയ മറ്റെല്ലാവര്‍ക്കുമായി സ്കൂള്‍ അസംബ്ലിയില്‍ അനുശോചനം രേഖപ്പെടുത്തി. അതുവരെയും അധ്യയനത്തിന്റെ മാത്രം പാഠശാലയായിരുന്ന വിദ്യാലയം പരസ്പരം കൈകോര്‍ത്ത് ഇനിയും മുന്നേറാനുള്ള ജീവിത പാഠത്തിന്റെയും ഗുരുകുലമാവുകയായിരുന്നു.
പൊലീസ് വിഭാഗത്തിന്റെ പ്രത്യേക കൗണ്‍സലിങ്ങും വിദ്യാലയത്തില്‍ നടന്നു. ഉച്ചതിരിഞ്ഞ് വിദ്യാഭ്യാസ അധികൃതരും അധ്യാപകരും യോഗം ചേര്‍ന്ന് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മുണ്ടക്കൈ, വെള്ളാര്‍മല ക്ലാസ് മുറികള്‍ മേപ്പാടിയില്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള ഒരുക്കവും വിലയിരുത്തി. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാര്‍മല സ്കൂളുകളിലെ വിദ്യാർഥികൾക്കായി മേപ്പാടിയിൽ സെപ്റ്റംബര്‍ രണ്ടിന് താത്കാലിക ക്ലാസുകൾ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.