മുണ്ടക്കൈ ഉരുൾ ദുരന്തത്തിന് ഒരു മാസം; വൈകുമോ സ്ഥിരം പുനരധിവാസം?
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തത്തിന് ഒരു മാസം തികയുമ്പോൾ ഇനി സംസ്ഥാന സർക്കാറിന് മുന്നിലുള്ളത് സ്ഥിരം പുനരധിവാസമെന്ന വൻ വെല്ലുവിളി. ജൂലൈ 30നാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്തെ വെള്ളരിപ്പാറയിലുണ്ടായ അതിഭീകര ഉരുൾപൊട്ടൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ തുടച്ചുനീക്കിയത്. 273 പേർ മരിക്കുകയും 77 പേരെ കാണാതാവുകയും ചെയ്തു.
ഇന്നലെയോടെ 42 ജനിതക പരിശോധന ഫലം കൂടി വന്നതോടെയാണ് കാണാതായവരുടെ എണ്ണം കുറഞ്ഞത്. ആകെ നഷ്ടം 1200 കോടിയുടേതാണ്. 340 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്. സ്ഥിരം പുനരധിവാസത്തിന് വേണ്ടത് 2200 കോടിയാണ്. 2000 കോടി ആവശ്യപ്പെട്ട് നേരത്തേ തന്നെ നിവേദനം നൽകിയിരുന്നുവെങ്കിലും അടിയന്തരസഹായം പോലും കേന്ദ്രം നൽകിയിട്ടില്ല. ദുരന്തഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തിയത് ഏറെ പ്രതീക്ഷ നൽകിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനം വിശദ മെമ്മോറണ്ടം നൽകിയതോടെ വൈകാതെ കേന്ദ്രസർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
അതിജീവിതരായ 728 കുടുംബങ്ങളിലെ 2569 പേരെയാണ് വിവിധ ക്യാമ്പുകളിൽ താമസിപ്പിച്ചിരുന്നത്. ഇവർക്കെല്ലാം കഴിഞ്ഞ ദിവസത്തോടെ വാടകവീടുകളിലും മറ്റുമായി സർക്കാർ ഇടക്കാല പുനരധിവാസം നൽകി. മാസം 6000 രൂപയാണ് വാടകയായി സർക്കാർ നൽകുക. അടിയന്തരസഹായമായ 10,000 രൂപ ഇതുവരെ 822 കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്. സ്ഥിരം പുനരധിവാസത്തിന് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ് പദ്ധതി മേപ്പാടിയിലോ സമീപപ്രദേശങ്ങളിലോ വേണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. നിലവിൽ സർക്കാർ കണ്ടെത്തിയ വാടകവീടുകൾ ദൂരെ സ്ഥലങ്ങളിലായതിനാൽ പലരും സ്വന്തം നിലക്ക് കണ്ടെത്തിയ വീടുകളിലാണ് കഴിയുന്നത്. സ്ഥിരം പുനരധിവാസത്തിന് പരിഗണിക്കുന്ന വൈത്തിരി താലൂക്കിലെ നാലുസ്ഥലങ്ങളിലെ സാങ്കേതിക പരിശോധന പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാറിന്റെ വിദഗ്ധ സംഘം മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ സുരക്ഷിത ഇടങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവിടേക്ക് വീണ്ടും ദുരന്തബാധിതരെ കൊണ്ടുവരില്ലെന്നാണ് സർക്കാർ നിലപാട്. നിലവിൽ 700ഓളം വീടുകൾ നിർമിച്ചുനൽകാമെന്ന് വിവിധ സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പുത്തുമല മാതൃകയിൽ സർക്കാർ കണ്ടെത്തുന്ന സ്ഥലത്ത് സംഘടനകൾ വീടുകൾ പണിതുനൽകുകയാണോ ചെയ്യുക എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. 2018ലെ പുത്തുമല ഉരുൾപൊട്ടൽ അതിജീവിതരെ പുനരധിവസിപ്പിച്ചിരിക്കുന്ന പൂത്തക്കൊല്ലിയിൽ അശാസ്ത്രീയ രൂപരേഖ കാരണം മിക്ക വീടുകളും ചോർന്നൊലിക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങളിൽ അതിജീവിതർക്ക് ആശങ്കയുണ്ട്. എന്നാൽ, എല്ലാ കാര്യങ്ങളും ജനങ്ങളുമായി ആലോചിച്ച് മാത്രമേ ചെയ്യൂവെന്നും ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നുമാണ് സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.