വയനാട് ദുരന്തം; പുനരധിവാസത്തിനായി രണ്ടിടത്ത് മോഡൽ ടൗൺഷിപ്
text_fieldsതിരുവനന്തപുരം: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് രണ്ട് മോഡൽ ടൗൺഷിപ് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കൽപറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ് നിർമിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വൈത്തിരി താലൂക്കിലെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഭൂമിയാണ് ഏറ്റെടുക്കുക. ടൗൺഷിപ്പിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടു സ്ഥലങ്ങളുടെയും പൊസഷൻ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഭൂമി ഏറ്റെടുക്കലിന്റെ നിയമപ്രശ്നങ്ങളിൽ അഡ്വക്കറ്റ് ജനറലിന്റെ അടക്കം വിദഗ്ധോപദേശം തേടിയിരുന്നു. സ്ഥലം വേഗം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത്. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും.
വാസയോഗ്യമല്ലാതായ സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് കലക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി.
14 കുട്ടികൾക്ക് ധനസഹായം; ശ്രുതിക്ക് സർക്കാർ ജോലി
അർജുന്റെ കുടുംബത്തിന് ഏഴു ലക്ഷം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ചു ലക്ഷം രൂപ വീതവും നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പാണ് തുക നൽകുക. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പിന്നീട് അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
കേന്ദ്രസഹായം ലഭിച്ചില്ല; നൽകിയത് ദുരന്ത പ്രതികരണ നിധിയിൽനിന്നുള്ള അഡ്വാൻസ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രത്തിൽനിന്ന് ഇതുവരെ പ്രത്യേക ധനസഹായമൊന്നും ലഭിച്ചിട്ടില്ലെന്നും അർഹമായ തുക വേഗത്തിൽ അനുവദിക്കാൻ വീണ്ടും അഭ്യർഥിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി. ഫലപ്രദമായ സഹായം കേന്ദ്ര സർക്കാറിൽനിന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്രവിഹിതം കൂടാതെ, 219.2 കോടി രൂപ ആണ് അടിയന്തര ദുരിതാശ്വാസ സഹായമായി അഭ്യർഥിച്ചത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതമായ 291.2 കോടി രൂപയുടെ ആദ്യ ഗഡുവായ 145.6 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഗഡുവായ 145.6 കോടി രൂപ അഡ്വാൻസായി ഇപ്പോൾ അനുവദിച്ചതായാണ് മനസ്സിലാക്കുന്നത്. ഇതു സാധാരണ നടപടിക്രമം മാത്രമാണ്. ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായമല്ല. വയനാട് ദുരന്ത ഘട്ടത്തിലും തുടർന്നും സംസ്ഥാനത്തിന് സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നെന്നും എന്നാൽ, ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.