മുണ്ടക്കൈ ഉരുൾപൊട്ടൽ: പുനരധിവാസ ഭൂമി നിയമക്കുരുക്കിൽ
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ അതിജീവിതരുടെ പുനരധിവാസത്തിന് സർക്കാർ പരിഗണിക്കുന്ന ഭൂമി സംബന്ധിച്ച പ്രശ്നം കോടതി കയറി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ കല്പറ്റ ബൈപാസിനോട് ചേര്‍ന്ന പുല്പാറ ഡിവിഷനിലെ 78.73 ഏക്കറും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കര്‍ ഭൂമിയുമാണ് ടൗണ്‍ഷിപ് പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കുമെന്ന് ഉത്തരവിറക്കിയത്. എന്നാൽ, ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരു എസ്റ്റേറ്റ് ഉടമകളും ഹൈകോടതിയെ സമീപിച്ചു. ഹരജി സ്വീകരിച്ച കോടതി വാദം കേൾക്കൽ നവംബർ നാലിലേക്ക് മാറ്റി.
ദുരന്തനിവാരണ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിൽ തങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കിട്ടില്ലെന്നും ഇതിനാൽ എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. ഇതുപ്രകാരമായാൽ സർക്കാറിന്റെ ന്യായവിലയെക്കാൾ രണ്ടിരട്ടിയിലധികം തുകയും ഭൂമിയിലെ കൃഷി, കെട്ടിടം തുടങ്ങിയ മറ്റു സ്വത്തുക്കൾക്ക് വെവ്വേറെ നഷ്ടപരിഹാരവും ലഭിക്കും. ഉടമകൾ കോടതിയിലെത്തിയതോടെ, ഇരു എസ്റ്റേറ്റുകളിലും സർക്കാറിന് അവകാശമുണ്ടെന്ന് വാദിച്ച് വയനാട് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ സുൽത്താൻ ബത്തേരി കോടതിയിൽ സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന വിദേശ കമ്പനികൾ അവരുടെ ഭൂസ്വത്തുക്കൾ ഇന്ത്യൻ സർക്കാറിന് കൈമാറണമെന്നാണ് നിയമം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഹാരിസൺ അടക്കമുള്ള വിവിധ കമ്പനികളുടെ നിക്ഷിപ്ത ഭൂമി സംബന്ധിച്ച കമീഷനുകളെ നിയമിച്ചത്. ഇത്തരം കേസുകളിൽ അതത് പ്രദേശത്തെ സിവിൽ കോടതികളിൽ കേസ് ഫയൽ ചെയ്ത് നടപടികൾ സ്വീകരിക്കുകയെന്നതാണ് സർക്കാറിന്റെ നിലവിലെ തീരുമാനം. ഇതനുസരിച്ചാണ് കലക്ടറുടെ നിയമനടപടി. കലക്ടർ കേസ് പിൻവലിച്ചാലാണ് ഇനി ഭൂമി വിലക്കു വാങ്ങാനാകുക. ഭൂമി സർക്കാറിന്റേതല്ലെന്ന് സമ്മതിക്കലാകും അത്. കേസുമായി മുന്നോട്ടുപോയാൽ സുപ്രീംകോടതി വരെ എത്താനും പ്രശ്നം അനന്തമായി നീളാനും സാധ്യതയുണ്ടെന്നും നിയമവിദഗ്ധർ പറയുന്നു.
പാട്ടക്കാലാവധി കഴിഞ്ഞതും സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടതുമായ ഭൂമി വിലകൊടുത്ത് വാങ്ങുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സി.പി.ഐ-എം.എല്‍ ജില്ല കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശത്തിലുള്ള ഭൂമി വര്‍ഷങ്ങള്‍ മുമ്പ് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടതാണെന്ന് സർക്കാർ നിയോഗിച്ച സജിത് ബാബു, ജസ്റ്റിസ് മനോഹരന്, നിവേദിത പി. ഹരന് കമീഷനുകൾ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഒടുവില്‍ എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ടും ഇക്കാര്യം ശരിവെച്ചു. ഇരു എസ്റ്റേറ്റുകളും നിയമ-തൊഴിൽ പ്രശ്നങ്ങളുള്ള ഭൂമിയാണെന്നതു സംബന്ധിച്ച് സെപ്റ്റംബർ 30ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
ഭൂമി ഏറ്റെടുക്കൽ നടപടികൾ സംബന്ധിച്ച് കൂട്ടായ ചർച്ച നടത്താതെ ഉദ്യോഗസ്ഥതലത്തിൽ മാത്രം നടപടി നീക്കിയതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പ്രശ്നം കോടതി കയറിയതിൽ ആശങ്കയുണ്ടെന്നും ജില്ല കലക്ടറെ ശനിയാഴ്ച കാണുമെന്നും അതിജീവിതരുടെ ജനകീയ സമിതി കൺവീനർ ജെ.എം.ജെ. മനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.