ഉരുൾദുരന്ത പുനരധിവാസം കട്ടപ്പുറത്ത്
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽ മല ഉരുൾ ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതി കട്ടപ്പുറത്ത്. രണ്ടു എസ്റ്റേറ്റുകൾ ഏറ്റെടുത്ത് 1000 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ടൗൺഷിപ് പുനരധിവാസ പദ്ധതിയാണ് ദുരന്തം നടന്ന് മൂന്നുമാസം തികയാറാകുമ്പോഴും അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിയമപ്രശ്നങ്ങളും കേന്ദ്ര സർക്കാർ ദുരന്ത ഫണ്ട് അനുവദിക്കാത്തതും പുനരധിവസിപ്പിക്കേണ്ടവരുടെ കാര്യത്തിലുള്ള തർക്കവുമുൾപ്പെടെയുള്ള കാരണങ്ങൾ പദ്ധതി അവതാളത്തിലാക്കുകയാണ്.
ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ, എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകളും ഭൂപരിഷ്കരണ നിയമപ്രകാരം എസ്റ്റേറ്റിൽ സർക്കാറിന്റെ അവകാശമുന്നയിച്ച് കലക്ടർ ഡി.ആർ. മേഘശ്രീയും കോടതിയെ സമീപിച്ചതോടെ, ഭൂമി ഏറ്റെടുക്കൽ തന്നെ പ്രതിസന്ധിയിലായി. എൽസ്റ്റൺ എസ്റ്റേറ്റിന്റെ കല്പറ്റ ബൈപാസിനോട് ചേര്‍ന്ന പുല്പാറ ഡിവിഷനിലെ 78.73 ഏക്കറും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കര്‍ ഭൂമിയുമാണ് ടൗണ്‍ഷിപ് പദ്ധതിക്കായി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, ഉത്തരവ് റദ്ദാക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുത്താൽ മതിയായ നഷ്ടപരിഹാരം ലഭിക്കില്ലെന്നും എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരു എസ്റ്റേറ്റ് ഉടമകളും ഹൈകോടതിയെ സമീപിച്ചത്. ഹരജി വാദം കേൾക്കൽ നവംബർ നാലിലേക്ക് മാറ്റിയിരിക്കുകയാണ്. ഉടമകൾ കോടതിയെ സമീപിച്ചതോടെ, പാട്ടക്കരാർ വ്യവസ്ഥയിൽ രണ്ടു എസ്റ്റേറ്റുകളിലും സർക്കാറിന് അവകാശമുണ്ടെന്ന് കാണിച്ച് വയനാട് ജില്ല കലക്ടർ സുൽത്താൻ ബത്തേരി കോടതിയിൽ സിവിൽ കേസും ഫയൽ ചെയ്തു. ഇതോടെ, ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമാകാൻ തന്നെ വർഷങ്ങളെടുക്കുമെന്നാണ് ദുരിതബാധിതരുടെ ആശങ്ക.
ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ ആലോചനകളോ ചർച്ചയോ നടത്താതെ ഉദ്യോഗസ്ഥതലത്തിൽ മാത്രം നടപടി നീക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. പുനരധിവാസ പദ്ധതിക്കായി കണ്ടെത്തിയ കൽപറ്റയിലെ ഭൂമി സുരക്ഷിതമല്ലെന്ന ആരോപണവും നിലനിൽക്കുന്നു. കൂടാതെ, തൊഴിലാളി തർക്കത്തിലുള്ള എസ്റ്റേറ്റ് കൂടിയാണിത്.
കേന്ദ്രസർക്കാർ ഉരുൾ ദുരന്തബാധിതരെ സഹായിക്കുന്നതിന് ഫണ്ട് അനുവദിക്കാത്തതിനാൽ പുനരധിവാസ പദ്ധതിക്കാവശ്യമായ തുക എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 10ന് ദുരന്തമേഖലയും ദുരന്തബാധിതരെയും സന്ദർശിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്താണ് തിരിച്ചുപോയതെങ്കിലും പിന്നീട്, തിരിഞ്ഞുനോക്കിയിട്ടില്ല. നിരവധി സംഘടനകളും വ്യക്തികളും വീട് നിർമിച്ചുനൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കാര്യമായ തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് വിവരം. ടൗൺഷിപ്പുകളിൽ താൽപര്യമില്ലാത്ത നിരവധിപേർ ദുരന്ത മേഖലയിലുണ്ട്.
കരട് പട്ടിക പ്രസിദ്ധീകരിച്ചില്ല
കൽപറ്റ: പുനരധിവാസത്തിനായുള്ള ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കണമെന്ന ദുരന്തബാധിതരുടെ ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. പട്ടിക കലക്ടർ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ദിവസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രി നിയമ സഭയിൽ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിയന്തര സഹായവും നിത്യവൃത്തിക്കുള്ള തുകയും ലഭിക്കാത്ത 131 പേര് ഇപ്പോഴും ദുരന്തബാധിത പ്രദേശങ്ങളിലുണ്ടെന്നാണ് പ്രദേശത്തുകാർ ആരോപിക്കുന്നത്. പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായും ദുരന്തബാധിതർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.