വയനാടിന് സഹായം; സമ്മർദം തുടരാൻ കേരളം
text_fieldsതിരുവനന്തപുരം: ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം വയനാട്ടിലേത് ‘അതിതീവ്രദുരന്ത’മായി (ഡിസാസ്റ്റർ ഓഫ് സിവിയർ നേച്വർ) പരിഗണിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രത്തോട് സമ്മർദം തുടരാൻ സംസ്ഥാന സർക്കാർ. സർക്കാറിന്റെ മെമ്മോറാണ്ടത്തിലും നടപടിക്രമങ്ങളിലും വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ സഹായപ്രഖ്യാപനങ്ങൾ വൈകുന്നതിന് സാങ്കേതിക കാരണങ്ങളല്ല, അവഗണന തന്നെയാണെന്നുമാണ് സർക്കാർ കരുതുന്നത്.
ആഗസ്റ്റ് 14ന് ദേശീയ ദുരന്തനിവാരണ സമിതി നിർദേശിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് ഉൾപ്പെടെ കേരളം തയാറാക്കിയിരുന്നു. 17ന് മെമ്മൊറാണ്ടം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും പ്രധാനമന്ത്രിയെ കണ്ട് സഹായം അഭ്യർഥിച്ചിരുന്നു.
കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസ് നിരന്തരം കേന്ദ്രമന്ത്രിമാരെ കണ്ടു. ഒരുഘട്ടത്തിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടില്ലെന്നും വിഷയം കോടതിയുടെ മുമ്പിൽ വന്നപ്പോഴും കേന്ദ്ര അഭിഭാഷകർ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കുന്നു.
കേന്ദ്രം അവഗണന തുടരുമ്പോഴും പുനരധിവാസ ദൗത്യവുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. 1300 കോടിയുടെ നഷ്ടമാണ് ഉരുള്പൊട്ടലിലുണ്ടായതെങ്കിലും പുനനിര്മാണത്തിന് 2262 കോടി ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതേസമയം കേന്ദ്ര സഹായത്തിൽ പ്രതീക്ഷ കൈവിട്ടിട്ടുമില്ല.
ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിന്റെ (ഐ.എം.സി.ടി) പരിശോധനക്ക് ഇത്രയേറെ കാലതാമസം ഉണ്ടാകുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന വിമർശനമുള്ളപ്പോഴും ഈസംഘം വീണ്ടും പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.