ഉരുൾദുരന്തം: 300 രൂപ ആനുകൂല്യം തുടരാൻ കേന്ദ്രം അനുവദിക്കണം –സി.പി.എം
text_fieldsകൽപറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്ക് ഉപജീവനമാർഗമായി ദിവസം 300 രൂപവീതം നൽകുന്നത് രണ്ടുമാസത്തേക്കുകൂടി നീട്ടാൻ കേന്ദ്രസർക്കാർ അനുവാദം നൽകണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇതിനകം സംസ്ഥാന സർക്കാർ 1694 പേർക്ക് 30 ദിവസത്തേക്ക് 300 രൂപവീതം നൽകി. 1.52 കോടി രൂപയാണ് ഈ ഇനത്തിൽ വിനിയോഗിച്ചത്.
സംസ്ഥാന ദുരന്തനിവാരണ നിയമപ്രകാരം ഒരുമാസത്തേക്ക് സഹായം നൽകാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. മൂന്നു മാസത്തേക്ക് ഈ സഹായം നൽകാൻ അനുവാദം വേണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഉരുൾപൊട്ടലുണ്ടായി ദിവസങ്ങൾക്കുള്ളിൽ ഈ ആവശ്യം ഉന്നയിച്ചതാണ്. കേന്ദ്രത്തിന് നൽകിയ വിശദമായ നിവേദനത്തിലും മൂന്നുമാസത്തേക്ക് ധനസഹായം നൽകാനുള്ള അനുവാദം സംസ്ഥാനം ചോദിച്ചിരുന്നു.
എന്നാൽ, ദുരന്തത്തിൽ ഇതുവരെ സഹായം നൽകാത്ത കേന്ദ്രം സംസ്ഥാനം സ്വന്തം നിലയിൽ നൽകുന്ന സഹായത്തിനും അനുവാദം നൽകാതെ തടസ്സം നിൽക്കുന്നത് ദൗർഭാഗ്യകരമാണ്.
ദുരന്തബാധിതരുടെ പുനരധിവാസത്തിനുൾപ്പെടെ എത്രയുംവേഗം പ്രത്യേക ധനസഹായം അനുവദിക്കണം. സംസ്ഥാനം ഇതുവരെ 12 കോടിയോളം രൂപ ദുരന്തബാധിതർക്കായി നൽകി. മുഴുവൻ കുടുംബങ്ങളെയും താൽക്കാലികമായി പുനരധിവസിപ്പിച്ചു.
സ്ഥിരം പുനരധിവാസത്തിനും ടൗൺഷിപ്പിനുമായുള്ള സ്ഥലങ്ങൾ നിർണയിച്ചു. ഇത് എറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ഗുണഭോകതാക്കളുടെ പട്ടിക തയാറാകുകയുമാണ്.
ഇതെല്ലാം തടസ്സപ്പെടുന്ന വിധമാണ് കേന്ദ്രനിലപാടുകൾ. അർഹതപ്പെട്ട കേന്ദ്രസഹായം നൽകണം.
ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാനത്തിന് ആവശ്യമായ അനുവാദം എത്രയും വേഗം നൽകണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.