ജീവിതത്തിലേക്ക് തിരികെയെത്തിച്ച അയല്‍വാസിയെക്കുറിച്ച് വിവരമില്ല...
text_fieldsകൊണ്ടോട്ടി: വയനാട് മേപ്പാടിയിലെ ചൂരല്‍മല തന്നെ തുടച്ചുനീക്കിയ ഉരുള്‍പൊട്ടലിന് തൊട്ടുമുമ്പ് അയല്‍വാസിയായ യുവാവിന്റെ നിര്‍ബന്ധത്തില്‍ താമസം മാറി ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഇനിയും വിശ്വസിക്കാനായിട്ടില്ല എസ്.ആര് എസ്റ്റേറ്റിലെ റാണിക്ക്. നടക്കാന്‍ പ്രയാസമുള്ള ഭര്‍ത്താവ് മഹാദേവനും പിതാവ് മാധവ് ഷെട്ടിക്കുമൊപ്പം ചൂരല്‍മലയില്‍ താമസിച്ചിരുന്ന വീട് ഇന്നില്ല. മഴ കനക്കുകയും പുഴയില്‍ വെള്ളമുയരുകയും ചെയ്തപ്പോള്‍ ഭര്‍ത്താവിന് സുഖമില്ലാത്തതിനാല്‍ ആശുപത്രി പാടിയിലെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. ഇതിനിടെ എത്തിയ അയല്‍വാസിയായ പ്രവീണ്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറി താമസിച്ചത്. പ്രവീണും സുഹൃത്തുക്കളും കാറുമായെത്തി തിങ്കളാഴ്ച രാത്രി എട്ടോടെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു. ഇപ്പോള്‍ പ്രവീണിനെ കുറിച്ച് വിവരമൊന്നുമില്ല... ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ട റാണിയുടെ കണ്ണുകള്‍ നിറയുകയും കണ്ഠമിടറുകയും ചെയ്തു.
ഹെലികോപ്ടറില്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച റാണിയും കുടുംബവും കൊണ്ടോട്ടിയിലെ താലൂക്ക് ഗവ. അശുപത്രിയിലാണിപ്പോള്. കണ്‍മുന്നിലുണ്ടായ ദുരന്ത കാഴ്ചകള്‍ വിവരിക്കുമ്പോള്‍ എസ്റ്റേറ്റ് തൊഴിലാളിയായ റാണിയുടെ നടുക്കം മാറിയിട്ടുണ്ടായിട്ടില്ല. അയല്‍ക്കാരെല്ലാം വീടുകളൊഴിഞ്ഞു പോയശേഷമാണ് റാണിയും കുടുംബവും പ്രവീണിന്റെ സഹായത്തോടെ എസ്റ്റേറ്റ് ആശുപത്രിയില്‍ എത്തിയത്. രാത്രി ഒരു മണിക്കു ശേഷം വെള്ളം ഇരച്ചെത്തുന്ന വലിയ ശബ്ദം കേട്ടു. മൂന്ന് മണിയോടെ വന്‍ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ശബ്ദവും ആളുകളുടെ നിലവിളികളുമെല്ലാം വീണ്ടും കേട്ടു. - റാണി പറഞ്ഞു നിര്‍ത്തി. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിപ്പോള്‍ ആകെയുള്ളതെന്ന് റാണിയും കുടുംബവും പറയുന്നു. കൂടെയുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തതിന്റെ ആധിയിലാണ് മഹാദേവനും മാധവ ഷെട്ടിയും. കര്‍ണാടകയിലെ ചാമരാജ നഗറിലാണ് ഇവരുടെ കുടുംബാംഗങ്ങളുള്ളത്. ഇനി അങ്ങോട്ട് പോകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.