വിട പറയും നേരം...
text_fieldsമേപ്പാടി: ജനിച്ചുവളർന്ന മണ്ണടക്കം ഉരുളും മലവെള്ളപ്പാച്ചിലുമെടുത്തതോടെ വീട്ടുവളപ്പുകൾക്കുപകരം നിരവധി പേർക്ക് അന്ത്യനിദ്ര മേപ്പാടി പൊതുശ്മശാനത്തിൽ. ഉറ്റവരുടെ മുഖം അവസാനമായി കാണാനെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ കൂട്ടനിലവിളി മാത്രമാണ് ശ്മശാനത്തിൽ ഇടവേളകളില്ലാതെ മുഴങ്ങുന്നത്. വ്യാഴാഴ്ച വൈകീട്ടുവരെ 40 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, മലവെള്ളപ്പാച്ചിൽ സംഹാര താണ്ഡവമാടിയ ചൂരൽമല എന്നിവിടങ്ങളിലുള്ളവരുടെ മൃതദേഹമാണ് ഇവിടെ സംസ്കരിക്കുന്നത്. ബന്ധുക്കളുടെ വേർപാടിൽ കരഞ്ഞ് കണ്ണുകലങ്ങിയ ഭാര്യമാരെയും അമ്മമാരെയും മക്കളെയുമെല്ലാം ചേർത്തുപിടിച്ച് വിങ്ങിപ്പൊട്ടുന്ന പുരുഷന്മാരുടെ കാഴ്ചയും ദയനീയമാണ്. മരിച്ചവരെ ബന്ധുക്കൾ അവസാനമായി കാണുന്നത് ഈ ശ്മശാനത്തിൽ വെച്ചാണ്. മണ്ണിനടിയിൽനിന്ന് ലഭിച്ച മൃതദേഹങ്ങളിൽ പലതും മുഖമടക്കം വികൃതമായതിനാൽ പലർക്കും അന്ത്യചുംബനം നൽകാൻപോലും കഴിഞ്ഞിട്ടില്ല.
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽവെച്ച് ബന്ധുക്കൾ തിരിച്ചറിയുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം നേരെ മേപ്പാടി ശ്മശാനത്തിലേക്ക് എത്തിക്കുകയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിനടിയിൽനിന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയാണ് സംസ്കാരം. 24 മണിക്കൂറും സംസ്കാര ചടങ്ങുകൾ നടത്താവുന്ന തരത്തിലാണ് ശ്മശാനത്തിന്റെ പ്രവർത്തനം സജ്ജീകരിച്ചത്. ഒരേസമയം 12 ചിതയിൽ സംസ്കാരം നടത്താനുള്ള താൽക്കാലിക സൗകര്യമാണ് ടാർപോളിൻ ഷീറ്റുകളടക്കം വലിച്ചുകെട്ടി ഒരുക്കിയത്.
ഐവർമഠം പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. തുടർന്ന് ചിതാഭസ്മം ബന്ധുക്കൾക്ക് നൽകുന്നുമുണ്ട്. അടിയന്തര സാഹചര്യം മുൻനിർത്തി വിറക്, ചിരട്ട, ഗ്യാസ് അടക്കമുള്ളവ ഇവിടേക്ക് കൂടുതൽ എത്തിക്കുകയായിരുന്നു. മരണാനന്തര കർമങ്ങൾക്കുള്ള സാധനങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ടെന്ന് ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിലൊരാളായ പി.സി. രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.