ഉരുൾപൊട്ടലിൽ മരണം 339 ആയി; ചാലിയാറിൽ നിന്ന് കിട്ടിയത് 172 മൃതദേഹങ്ങൾ
text_fieldsമേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾ ദുരന്തത്തിൽ മരണം 339 ആയി. ദുരന്തത്തിൽപ്പെട്ട 284 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരിൽ 29 പേർ കുട്ടികളാണ്.
ചാലിയാറിൽ നിന്ന് 172 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 133 ശരീരഭാഗങ്ങളും തിരച്ചിലിൽ കണ്ടെത്തി. 140 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ആകെ 119 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.
207 മൃതദേഹങ്ങളുടെയും 134 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 62 മൃതദേഹങ്ങൾ ജില്ലാ ഭരണകൂടത്തിനും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയ 27 മൃതദേഹങ്ങൾ ബന്ധുക്കൾക്കും കൈമാറിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 74 മൃതദേഹങ്ങളും തിരിച്ചറിയാത്ത ശരീരഭാഗങ്ങളും പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ദുരന്തത്തിൽപ്പെട്ട 273 പേരെയാണ് വിവിധ ആശുപത്രികളിൽ എത്തിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ 84 പേർ ചികിത്സയിലുണ്ട്. 187 പേർ ആശുപത്രി വിട്ടു.
അതിനിടെ, പടവെട്ടിക്കുന്നിലെ രക്ഷാപ്രവർത്തനത്തിനിടെ ഒരു കുടുംബത്തിലെ നാലുപേരെ കണ്ടെത്തി. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്. കുടുങ്ങി കിടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ വീടിനുള്ളിൽ നാലു പേരെ കണ്ടെത്തുകയായിരുന്നു. ഇവരെ ബന്ധുവിന്‍റെ വാഹനമെത്തിച്ച് പുത്തുമല വഴി എലവയലിലേക്ക് മാറ്റി.
അതേസമയം, അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) പരിശോധനയിൽ മണ്ണിനടിയിൽ ജീവന്‍റെ സിഗ്നൽ കണ്ടെത്തി. മുണ്ടക്കൈ അങ്ങാടിയിൽ നടത്തിയ റഡാർ പരിശോധനയിലാണ് 50 മീറ്റർ ചുറ്റളവിൽ രണ്ടു തവണ സിഗ്നൽ ലഭിച്ചത്. സിഗ്നൽ കാണിച്ച വീടും കടയും ചേർന്ന കെട്ടിടം നിലന്നിരുന്ന സ്ഥലത്ത് മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റി പരിശോധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.