വിടരാ സ്വപ്നങ്ങളുടെ ഓർമക്ക്...
text_fieldsചൂരൽമല (വയനാട്): നീണ്ട വള്ളിയിൽ ‘ഫോറെവർ യങ്’ എന്നെഴുതിയ ഒരു കുഞ്ഞു ബാഗ് വലിയ കരിമ്പാറകളിലൊന്നിനു മുകളിൽ കിടപ്പുണ്ട്. വെളുത്ത വലിയ പൂവിനൊപ്പം കുറേ കുഞ്ഞുപൂക്കളുള്ള മനോഹരമായ ബാഗ്. മറ്റുള്ളവരുടെ ഓർമകളിൽ എന്നും ചെറുപ്പമായി പാതിവഴിയിൽ മറഞ്ഞ ആരുടേതോ ആയിരിക്കുമത്. മലവെള്ളപ്പാച്ചിലിൽ മഹാദുരന്തം കഴുകിയെടുത്തിട്ടും അതിലെഴുതിയ അക്ഷരങ്ങളിൽ ആരോ ചവിട്ടിയരച്ചുപോയ ചളി പറ്റിക്കിടപ്പുണ്ട്. ആ ബാഗിനരികെ വെള്ളത്തിൽ കുതിർന്ന രണ്ടു കടലാസുകഷണങ്ങൾ.. അതിൽ വടിവൊത്ത അറബി അക്ഷരങ്ങളിൽ അക്കമിട്ട് എഴുതി നിരത്തിയത് നൂറിലേറെ തവണ ഒരേ വാക്കുകൾ.. ബിസ്മില്ലാഹിർ റഹ്മാനിർറഹീം (പരമകാരുണികനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തിൽ). മുഹർറം മാസത്തിന്റെ തുടക്കത്തിൽ സൗഖ്യങ്ങൾക്കായി പ്രാർഥന നേർന്നെഴുതിയ വാക്കുകളാവാം അത്.
‘ഇവിടെ മാത്രം നൂറു വീടുകൾ’
ദുരന്തം പാതി പിളർത്തിയ ചൂരൽമല ടൗണിനോട് തൊട്ടുചേർന്ന് വെള്ളാർമല സ്കൂളിനരികെ നിരന്ന സ്ഥലത്ത് 100 വീടുകളുണ്ടായിരുന്നുവെന്ന് ചൂരൽമല മഹല്ല് പ്രസിഡന്റ് മുഹമ്മദ്കുട്ടി വേളക്കാട് ‘മാധ്യമ’ത്തോട് പറഞ്ഞു. അവയൊക്കെയും തകർന്നിരിക്കുന്നു. പാതിയിൽ ബാക്കിയായ, വിരലിലെണ്ണാവുന്ന ചിലതിൽ ഇനി ജീവിതം അസാധ്യവും. അവയിലൊന്ന് മുഹമ്മദ് കുട്ടിയുടേത് തന്നെയാണ്. കാൽനൂറ്റാണ്ടിലേറെയായ പ്രവാസത്തിന്റെ വിയർപ്പിൽ പടുത്തുയർത്തിയ ഇരുനില വീട്ടിനു മുന്നിൽനിന്ന് ദൈവം രക്ഷയുടെ കരുണാകടാക്ഷം നീട്ടിയതിൽ ആശ്വാസം കൊള്ളുകയാണ് അദ്ദേഹം. ഒപ്പം, ഹൂങ്കാരവം മുഴക്കിയെത്തിയ മഹാദുരന്തം കൺമുന്നിൽ മരണതാണ്ഡവമാടുമ്പോൾ മുകൾനിലയിലേക്ക് നാൽപതോളം അയൽക്കാരെക്കൂടി കൈപിടിച്ചു കയറ്റിയതിന്റെ സന്തോഷവും.
ആ പിഞ്ചുപൈതൽ
മനസ്സ് വിറങ്ങലിച്ചുപോവുന്ന കാഴ്ചകളാണ് ചുറ്റിലും. വമ്പൻ പാറക്കൂട്ടങ്ങൾക്കിടയിൽ ഉണ്ടാവുമെന്നുറപ്പുള്ള ഉറ്റവരെത്തേടാൻ കഴിയാതെ നിസ്സഹായരായ ബന്ധുജനങ്ങൾ. ഇനിയെന്തു ചെയ്യാൻ എന്ന അന്ധാളിപ്പിൽ സന്നദ്ധ പ്രവർത്തകർ. യന്ത്രക്കൈകളിൽ കോരിയെടുക്കാൻ പറ്റുന്ന അവശിഷ്ടങ്ങൾക്കിടയിൽ മാത്രം തിരച്ചിലുകളൊതുക്കാനേ കഴിയുന്നുള്ളൂ. ആ യന്ത്രക്കൈകളിൽ വെള്ളാർമല സ്കൂളിന് മുന്നിൽ നിന്നുമാത്രം ഇന്നലെ ലഭിച്ചത് ആറു പേരുടെ ജീവനറ്റ ശരീരങ്ങൾ. അതിലൊന്ന് ഒരു പിഞ്ചു പൈതലിന്റേത്.
പാറിക്കളിക്കുന്ന കുഞ്ഞുടുപ്പുകൾ
നോട്ടങ്ങളെത്തുന്നിടത്തൊക്കെയും കണ്ണീർകാഴ്ചകളാണ്. വീടിന്റെ അടിത്തറകൾ വരെ മാന്തിത്തകർത്തുപോയ മഹാദുരന്തം. കുന്നിന്റെ അരികോട് ചേർന്ന ഒരു വീടിന്റെ തറയുടെ കുറച്ചു ഭാഗങ്ങൾ മാത്രം ബാക്കിയുണ്ട്. അപ്പോഴും അതിനുമുകളിലായി കാറ്റിൽ പാറിപ്പോകാതിരിക്കാൻ ക്ലിപ്പുകളുടെ സഹായത്തോടെ ഉണങ്ങാനിട്ട കുഞ്ഞുടുപ്പുകളടക്കം അയയിൽ അതുപോലെയുണ്ട്. ചളിനിറഞ്ഞ് തൂർന്നു പോയ കിണറുകൾക്കരികെ പാറക്കൂട്ടങ്ങൾക്കിടയിൽ കിടക്കുന്ന മോട്ടോറുകൾ ഇനി ആർക്കും ദാഹജലം പകരാനിടയില്ല.
ആ നാണയങ്ങളെല്ലാം പോയി
നാണയത്തുട്ടുകളിട്ടുവെക്കുന്ന പച്ച നിറമുള്ള പ്ലാസ്റ്റിക് പാത്രം മുച്ചൂടും തകർന്ന വീടിന്റെ സ്ഥാനത്ത് ഒരു തുണിയോട് ചേർന്നുനിൽക്കുന്നുണ്ട്. പിളർന്നുപോയ ആ പാത്രത്തിലെ സമ്പാദ്യമെല്ലാം ഒലിച്ചുപോയിട്ടുണ്ടാവണം. കാറും ജീപ്പും ബൈക്കുമൊക്കെ പാറക്കൂട്ടങ്ങളും ചളിയും മലവെള്ളപ്പാച്ചിലും ചേർന്ന് ഇനിയൊരു യാത്രപോകാൻ കഴിയാത്ത വിധം ഞെരിച്ചുടച്ചു കളഞ്ഞിരിക്കുന്നു.
യജമാനനെ തേടുന്നവർ
ഒരു സന്നദ്ധ സേവകൻ പൊമറേനിയൻ നായയെ കയറിൽ കുരുക്കി കൊണ്ടുപോകുന്നുണ്ട്. ദുരന്തത്തിൽ മരണക്കയത്തിലേക്ക് എടുത്തെറിയപ്പെട്ട ആരോ അരുമയോടെ വളർത്തിയതാണവനെ. അവനിനി പുതിയ യജമാനനൊപ്പം ജീവിക്കും. മൂന്നു വളർത്തുനായ്ക്കൾ ആ പാറക്കൂട്ടങ്ങൾക്കിടയിലൂടെ അപ്പോഴും ആരെയോ തിരഞ്ഞ് നടക്കുന്നതുപോലെ. അതിൽ വെളുത്ത ഒരുവൻ എല്ലാവരുടെ അടുത്തേക്കും വാലാട്ടി ചെല്ലുന്നുണ്ട്. ഒരു വളന്റിയർ നൽകിയ ഭക്ഷണം പാതികഴിച്ച് അവൻ വീണ്ടും തകർന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ നടപ്പു തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.