ദുരിതാശ്വാസ ക്യാമ്പിൽ നാളെ നിങ്ങളാണ് കഴിയേണ്ടതെങ്കിൽ പഴന്തുണി കിട്ടാനാണോ ആഗ്രഹിക്കുക? -മുരളി തുമ്മാരുകുടി
text_fieldsതിരുവനന്തപുരം: പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങളിലേക്ക് പെട്ടെന്ന് നശിക്കുന്ന ഭക്ഷയവസ്തുക്കളും ഉപയോഗിച്ച പഴന്തുണികളും കൊടുത്തയക്കരുതെന്ന് യു.എൻ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം മുൻ തലവൻ ഡോ. മുരളി തുമ്മാരുകുടി. ദൂരെ ദിക്കിൽ ദുരന്തം ഉണ്ടായാൽ വസ്തുവകകൾ അയക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒരാഴ്ച കഴിഞ്ഞാൽ കുറച്ചെങ്കിലും പണം ദുരന്തബാധിതരുടെ അടുത്ത് എത്തിക്കാനുള്ള വഴി നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
വേഗത്തിൽ ചെയ്യാമെങ്കിൽ പണം സ്വരൂപിക്കുക, ദുരന്തം നടന്നതിന് ഏറ്റവും അടുത്ത് ദുരന്തബാധിതം അല്ലാത്ത ടൗണുകളിലും നഗരങ്ങളിലും നിന്ന് ആവശ്യമായി വസ്തുക്കൾ വാങ്ങുക. കൂടുതൽ ധനസഹായം കൊടുക്കാൻ കഴിവും താല്പര്യവും ഉള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോ വിശ്വാസയോഗ്യമായ മറ്റു ഏജൻസികൾക്കോ പണമായി കൊടുക്കുക -തുമ്മാരുകുടി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വലിയ ദുരന്തങ്ങൾ ഉണ്ടായാൽ അവിടുത്തെ മൊത്തം സമ്പദ്‌വ്യവസ്ഥ നിശ്ചലമാകും. അതിന് ജീവൻ വക്കണമെങ്കിൽ ആ പ്രദേശത്തുള്ള കച്ചവടം നടക്കണം. അതിന് ആ നാട്ടിലേക്ക് പണം വരികയും വേണം വസ്തുക്കളുടെ ആവശ്യം ഉണ്ടാവുകയും വേണം. ഒരു നാട്ടിലേക്ക് അടുത്ത ആറു മാസത്തേക്ക് വേണ്ട അരിയും തുണിയും ഒക്കെ പുറമെ നിന്ന് എത്തിയാൽ ആ പ്രദേശങ്ങളിൽ ഉള്ള കച്ചവട രംഗത്ത് ഉള്ളവരുടെ കച്ചവടം പൂട്ടിപ്പോകുന്ന സ്ഥിതി ഉണ്ടാകും. ഇത് ലോകത്ത് അനവധി പ്രദേശങ്ങളിൽ കണ്ടത് കൊണ്ട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പക്ഷെ ദുരന്തം ഉണ്ടാകുമ്പോൾ നമ്മളും എന്തെങ്കിലും ചെയ്യണം എന്നും അത് പ്രകടമായി ചെയ്യണം എന്നുമുള്ള ആഗ്രഹം ആളുകളിൽ ഉണ്ടാകുന്നത് കൊണ്ട് കേരളത്തിലും ഇത്തരത്തിൽ ആവശ്യത്തിൽ കൂടുതലും ഉപയോഗിച്ച തുണികളും, കേടാവുന്ന വസ്തുക്കളും ഒക്കെ ലോറി കണക്കിന് അയക്കുന്ന രീതി പണ്ടും ഉണ്ടായിട്ടുണ്ട്. പക്ഷെ പൊതുവെ സമൂഹത്തിന് ഇക്കാര്യം ഓർമ്മിപ്പിക്കുന്നത് അത്ര ഇഷ്ടമല്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വയനാട്ടിൽ ആവശ്യത്തിൽ അധികം വസ്തുവകകൾ എത്തിയിട്ടുണ്ടെന്നും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു. അതിൽ പെട്ടെന്ന് കേടാവുന്ന പച്ചക്കറികളും ബേക്കറി ഐറ്റങ്ങളും ഉണ്ട്. എട്ടു ടൺ പഴയ തുണിയാണ് എത്തിയിരിക്കുന്നത്. ഇനി അത് ഡിസ്പോസ് ചെയ്യേണ്ട ഉത്തരവാദിത്തം കൂടി സർക്കാരിന് ഉണ്ട്. ഒരു കാരണവശാലും പഴയ വസ്തുക്കൾ കൊടുക്കാതിരിക്കുക. അത് ലഭിക്കുന്നവരുടെ അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്. നാളെ അപകടത്തിൽ പെടുന്നതും ക്യാമ്പിൽ ഇരിക്കുന്നതും നിങ്ങൾ ആണെന്ന് ചിന്തിക്കുക. അന്ന് ആരുടെയെങ്കിലും ഉപയോഗിച്ച തുണിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?’ -തുമ്മാരുകുടി ചോദിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ദുരിതാശ്വാസം, പഴയ തുണിയും പച്ചക്കറിയും.
ലോകത്തെവിടെയും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആ നാട്ടിൽ ഉള്ളവരും മറുനാട്ടിലുള്ളവരും ഒക്കെ അങ്ങോട്ട് സഹായങ്ങൾ അയക്കുന്ന ഒരു രീതി ഉണ്ട്. ഇത് തികച്ചും ശരിയും മനുഷ്യ സഹജവും ആണ്.
പക്ഷെ ഇത്തരം സഹായങ്ങൾ പലപ്പോഴും നൽകുന്നത് വസ്തു വകകൾ ആയിട്ടാണ്. ദുരന്തന്തിന്റെ ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രവും പുതപ്പും ഒക്കെ എത്തിച്ചു കൊടുക്കേണ്ടത് അത്യാവശ്യവുമാണ്. പക്ഷെ ദുരന്തത്തിന്റെ രീതിയും പ്രദേശവും അനുസരിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ അങ്ങോട്ട് വസ്തുവകകൾ അയക്കുന്നത് പല തരത്തിലും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്.
ഒന്നാമത് പല സ്ഥലങ്ങളിൽ നിന്നും വരുന്ന അനവധി വസ്തുക്കളുടെ ഇൻവെന്ററി, സ്റ്റോറേജ്, വിതരണം ഒക്കെ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. പല രാജ്യങ്ങളിലും എയർപോർട്ടിലെ റൺവേയുടെ ചുറ്റും തന്നെ ദുരിതാശ്വാസ വസ്തുക്കൾ കൂട്ടമായി കൂട്ടിയിട്ടിരിക്കുന്നതും ഇത്തരം സാഹചര്യങ്ങളിൽ സ്ഥിരം കാഴ്ചയാണ്.
രണ്ടാമത്തേത് ഇങ്ങനെ വരുന്ന പലതും ദുരന്തപ്രദേശത്ത് ആവശ്യം ഇല്ലാത്തതായിരിക്കും. ദുരന്തം കൈകാര്യം ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്തം ഉള്ളവർക്ക് ഇത് അനാവശ്യ ബുദ്ധിമുട്ടാകുന്നു.
മൂന്നാമത്തേത് ആളുകൾ അയക്കുന്ന ചില വസ്തുക്കൾ (മരുന്നുകൾ) കൃത്യമായി ഡേറ്റ് നോക്കി ഉപയോഗിക്കേണ്ട ആവശ്യമുണ്ട്. ഇത് ഡേറ്റ് കഴിഞ്ഞാൽ പിന്നെ അത് നശിപ്പിക്കുന്ന ബുദ്ധിമുട്ട് ഉണ്ട്. അന്താരാഷ്ട്രമായി ഒരു രാജ്യത്തെ മരുന്നുകൾ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കാൻ നിയന്ത്രണങ്ങൾ ഉണ്ട്. ഇതും നശിപ്പിക്കേണ്ടതായി വരും.
ആളുകൾക്ക് ആവശ്യമില്ലാത്ത തുണിയോ മറ്റു വസ്തുക്കളോ അയക്കുന്നതും കുഴപ്പമുണ്ടാക്കുന്നു.
പച്ചക്കറികളും ബേക്കറി ഐറ്റങ്ങളും ഉൾപ്പടെ വേഗത്തിൽ ചീത്തയാകുന്ന വസ്തുക്കൾ അയക്കുന്നതും അത് എത്തുന്ന പ്രദേശത്ത് കുഴപ്പം ഉണ്ടാക്കുന്നു.
ഇതൊന്നും കൂടാതെ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. ഒരു രാജ്യത്തോ പ്രദേശത്തോ വലിയ ദുരന്തങ്ങൾ ഉണ്ടായാൽ അവിടുത്തെ മൊത്തം സമ്പദ്‌വ്യവസ്ഥ നിശ്ചലമാവുമല്ലോ. അതിന് ജീവൻ വക്കണമെങ്കിൽ ആ പ്രദേശത്തുള്ള കച്ചവടം നടക്കണം. അതിന് ആ നാട്ടിലേക്ക് പണം വരികയും വേണം വസ്തുക്കളുടെ ആവശ്യം ഉണ്ടാവുകയും വേണം. ഒരു നാട്ടിലേക്ക് അടുത്ത ആറു മാസത്തേക്ക് വേണ്ട അരിയും തുണിയും ഒക്കെ പുറമെ നിന്ന് എത്തിയാൽ ആ പ്രദേശങ്ങളിൽ ഉള്ള കച്ചവട രംഗത്ത് ഉള്ളവരുടെ കച്ചവടം പൂട്ടിപ്പോകുന്ന സ്ഥിതി ഉണ്ടാകും.
ഇതൊക്കെ ലോകത്ത് അനവധി പ്രദേശങ്ങളിൽ കണ്ടിട്ടുള്ളത് കൊണ്ട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പക്ഷെ ദുരന്തം ഉണ്ടാകുമ്പോൾ നമ്മളും എന്തെങ്കിലും ചെയ്യണം എന്നും അത് പ്രകടമായി ചെയ്യണം എന്നുമുള്ള ആഗ്രഹം ആളുകളിൽ ഉണ്ടാകുന്നത് കൊണ്ട് കേരളത്തിലും ഇത്തരത്തിൽ ആവശ്യത്തിൽ കൂടുതലും ഉപയോഗിച്ച തുണികളും, കേടാവുന്ന വസ്തുക്കളും ഒക്കെ ലോറി കണക്കിന് അയക്കുന്ന രീതി പണ്ടും ഉണ്ടായിട്ടുണ്ട്.
മുൻപൊക്കെ ദുരന്തം ഉണ്ടാകുമ്പോൾ ഞാൻ ഇത് മുൻകൂട്ടി പറഞ്ഞിരുന്നു. മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ സഹായം പണമായി നൽകുന്നതാണ് നല്ലത്. ദുരന്തത്തിൽ പെട്ടവരുടെ കയ്യിൽ ഏറ്റവും വേഗത്തിൽ പണം എത്തിക്കുന്നതാണ് നല്ലത് എന്നുള്ള കാര്യം പലപ്പോഴും എഴുതിയിട്ടുണ്ട്.
പക്ഷെ പൊതുവെ സമൂഹത്തിന് ഇക്കാര്യം ഓർമ്മിപ്പിക്കുന്നത് അത്ര ഇഷ്ടമല്ല. ദുരന്തത്തിൽ പെട്ടവർക്ക് എന്തെങ്കിലും സഹായം കിട്ടുന്നത് തടയുകയാണ് ഉദ്ദേശം എന്ന തരത്തിലും "ഇയ്യാൾക്ക് ദുരന്തത്തെ പറ്റി എന്തറിയാം?" എന്ന തരത്തിലും ഒക്കെ കമന്റുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പല ആളുകളും ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ ഞാൻ ഒന്നും പറഞ്ഞിരുന്നില്ല.
രണ്ടുദിവസമായി വയനാട്ടിൽ കുന്നുകൂടുന്ന ദുരിതാശ്വാസ സഹായവസ്തുക്കളുടെ വീഡിയോ കണ്ടപ്പോൾ തന്നെ ആവശ്യത്തിൽ അധികവും പെട്ടെന്ന് കേടായി പോകുന്നതും ഒക്കെയായി സഹായങ്ങൾ എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. ഇന്നിപ്പോൾ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കേൾക്കുന്നു.
ആവശ്യത്തിൽ അധികം വസ്തുവകകൾ എത്തിയിട്ടുണ്ട്. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.
അതിൽ പെട്ടെന്ന് കേടാവുന്ന പച്ചക്കറികളും ബേക്കറി ഐറ്റങ്ങളും ഉണ്ട്.
എട്ടു ടൺ പഴയ തുണിയാണ് എത്തിയിരിക്കുന്നത്. ഇനി അത് ഡിസ്പോസ് ചെയ്യേണ്ട ഉത്തരവാദിത്തം കൂടി സർക്കാരിന് ഉണ്ട്.
അപ്പോൾ ഒരിക്കൽ കൂടി പറയാം
ദൂരെ ദിക്കിൽ ദുരന്തം ഉണ്ടായാൽ വസ്തുവകകൾ അയക്കാതിരിക്കുന്നതാണ് നല്ലത്. വേഗത്തിൽ ചെയ്യാമെങ്കിൽ പണം സ്വരൂപിക്കുക, ദുരന്തം നടന്നതിന് ഏറ്റവും അടുത്ത് ദുരന്തബാധിതം അല്ലാത്ത ടൗണുകളിലും നഗരങ്ങളിലും നിന്ന് ആവശ്യമായി വസ്തുക്കൾ വാങ്ങുക. ആസ്സാമിൽ പ്രളയം ഉണ്ടായപ്പോൾ കേരളത്തിൽ നിന്നും കുപ്പി വെള്ളം കയറ്റി അയക്കുന്ന കാഴ്ച ഒരിക്കൽ കണ്ടതാണ് !
ഒരാഴ്ച കഴിഞ്ഞാൽ കുറച്ചെങ്കിലും പണം ദുരന്തബാധിതരുടെ അടുത്ത് എത്തിക്കാനുള്ള വഴി നോക്കുക.
കൂടുതൽ ധനസഹായം കൊടുക്കാൻ കഴിവും താല്പര്യവും ഉള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അല്ലെങ്കിൽ വിശ്വാസയോഗ്യമായ മറ്റു ഏജൻസികൾ ഇവക്ക് പണമായി കൊടുക്കുക.
ഒരു കാരണവശാലും പഴയ വസ്തുക്കൾ കൊടുക്കാതിരിക്കുക. അത് ലഭിക്കുന്നവരുടെ അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്. നാളെ അപകടത്തിൽ പെടുന്നതും ക്യാമ്പിൽ ഇരിക്കുന്നതും നിങ്ങൾ ആണെന്ന് ചിന്തിക്കുക. അന്ന് ആരുടെയെങ്കിലും ഉപയോഗിച്ച തുണിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?
മുരളി തുമ്മാരുകുടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.