ഉരുൾ ദുരന്തം: കേരളത്തിന് കർണാടകയുടെ സഹായഹസ്തം, 100 വീടുകള്‍ നിര്‍മിച്ച് നല്‍കും; നന്ദി പറഞ്ഞ് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വയനാട് ഉരുൾ ദുരന്തത്തിൽ കേരളത്തിന് കർണാടകയുടെ സഹായഹസ്തം. 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള സർക്കാറിനെ അറിയിച്ചു. സഹായം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. വയനാട് മുൻ എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചിട്ടുണ്ട്. വി.ഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകളും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകളും വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകളും കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും വീട് നിർമിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ലൈബ്രറി കൗണ്‍സിലിന്‍റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിങ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്‍റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) ദുരിതബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്‍റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും കിംസ് ഹോസ്പിറ്റൽ ഒരു കോടി രൂപയും പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷം രൂപയും സംഭാവന നല്‍കി. ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയില്‍ തന്‍റെ അഞ്ച് സെന്‍റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനൽകാമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.