കാണാമറയത്തുള്ളവരെ തേടി...
text_fieldsതുണിയിൽ പൊതിഞ്ഞ് കമ്പിൽകെട്ടി മൃതദേഹംപുറത്തെത്തിച്ച് ഡി.വൈ.എഫ്.ഐ
പോത്തുകല്ല്: ആനക്കാട്ടിലൂടെ ചെങ്കുത്തായ മലഞ്ചെരിവിൽ വഴിവെട്ടി അതിസാഹസികമായി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് സംഘം പുറത്തെത്തിച്ചത് 14 മൃതദേഹങ്ങൾ. മുണ്ടേരി ചാലിയാർ തീരത്ത് നിന്ന് ബുധനാഴ്ച രാവിലെ ആറിനാണ് സന്നദ്ധ പ്രവർത്തകർ തിരച്ചിൽ ആരംഭിച്ചത്. ചൊവ്വാഴ്ച തിരച്ചിൽ സംഘത്തിന് പോകാൻ കഴിയാത്ത ദുർഘട വനമേഖലയിലാണ് യൂത്ത് ബ്രിഗേഡ് തിരച്ചിൽ ആരംഭിച്ചത്.
കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് സന്നദ്ധ പ്രവർത്തകർ തിരച്ചിൽ ദുഷ്കരമായ ഉൾവനത്തിലെത്തിയത്. മരങ്ങൾക്കിടയിലും മണൽതിട്ടയിലും മറ്റും ആണ്ടുകിടന്നതും മറ്റുമായ മൃതദേഹങ്ങൾ ഒന്നിന് പിറകെ ഒന്നായി ഇവർ കണ്ടെത്തുകയായിരുന്നു.
വൻ മരങ്ങളും മണ്ണുംനീക്കി ഒരു പോറലുമേൽക്കാതെ ശരീരഭാഗങ്ങൾ സന്നദ്ധ പ്രവർത്തകർ പുറത്തെടുത്തു. പുഴയിൽ എത്തിച്ച് ചളിയും മണ്ണും കഴുകി വൃത്തിയാക്കി. മൃതദേഹവും ശരീര ഭാഗങ്ങളും തുണിയിൽ പൊതിഞ്ഞ്, കമ്പിൽ കെട്ടി സംഘം ചെങ്കുത്തായ മലഞ്ചെരിവിലൂടെ കിലോമീറ്ററുകൾ താണ്ടിയാണ് ആംബുലൻസ് നിൽക്കുന്ന സ്ഥലത്തേക്ക് എത്തിയത്.
മേപ്പാടിയിലേക്ക് കൊണ്ടുപോയത് 31 മൃതദേഹങ്ങളും41 ശരീര ഭാഗങ്ങളും
നിലമ്പൂർ: ചാലിയാറിൽ നിന്നും കിട്ടിയ 31 മൃതദേഹങ്ങളും 41 ശരീര ഭാഗങ്ങളും മേപ്പാടി പി.എച്ച്.എസിയിലേക്ക് കൊണ്ടുപോയി. രാത്രിയോടെ മുഴുവനും കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മഴ തുടരുന്നതിനാൽ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ മുതൽ ബാക്കിയുള്ളവ കൊണ്ടുപോകും. 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളുമാണ് ചാലിയാറിൽ നിന്നും ലഭിച്ചത്. ഇതിൽ 107 എണ്ണം പോസ്റ്റ്മോർട്ടം നടത്തി.
തിരച്ചിൽ തുടരും
നിലമ്പൂർ: ചാലിയാറിൽ ഇന്നും തെരച്ചിൽ തുടരും. ചാലിയാർ ഒഴുകിവരുന്ന വനമേഖല കേന്ദ്രീകരിച്ചാവും സംയുക്ത തെരച്ചിൽ. വനം വകുപ്പും പങ്കെടുക്കും.
ദുരന്ത മുഖത്ത് സജീവസാന്നിധ്യമായി ടീം വെൽഫെയർ
നിലമ്പൂർ: ചാലിയാറിലൂടെയുള്ള മൃതദേഹങ്ങൾ കണ്ടെടുക്കുന്ന പ്രവർത്തനങ്ങളിൽ രണ്ടാം ദിനവും ടീം വെൽഫെയർ വളന്റിയർമാർ സജീവമായ പങ്കാളിത്തം വഹിച്ചു.
172 വളന്റിയർമാരാണ് പോത്തുകല്ലിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്. നാല് ആംബുലൻസുകൾ മുഴുവൻ സമയവും സർവിസ് നടത്തി. കിലോമീറ്ററുകളോളം ദുർഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തി എത്തിച്ചത്. സ്ത്രീകളടക്കമുള്ള സേവനസംഘമാണ് ഉണ്ടായിരുന്നത്.
പോത്തുകല്ലിൽ സർവിസ് സെന്റർ തുറന്നുപ്രവർത്തിക്കുന്നുണ്ട്. വിവിധ രക്ഷാപ്രവർത്തകർക്ക് ഭക്ഷണങ്ങൾ ഒരുക്കിയാണ് സർവിസ് സെന്റർ പ്രവർത്തിക്കുന്നത്.
വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, ഇബ്രാഹിം കുട്ടി മംഗലം, ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ശാക്കിർ മോങ്ങം, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി ബാസിത് താനൂർ, സി.എം. അസീസ്, മുജീബ് വള്ളുവമ്പ്രം, ഹാരിസ് പടപ്പറമ്പ്, ബിന്ദു പരമേശ്വരൻ, ഫായിസ കരുവാരകുണ്ട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.