‘ഞങ്ങൾ 15 പേർ ഇവിടെ കുടുങ്ങിയിട്ടുണ്ട്.. തൊട്ടടുത്തുള്ള തോട്ടത്തിലും ആളുണ്ട്, ആരും ഇതുവരെ എത്തിയിട്ടില്ല’ -രക്ഷാപ്രവർത്തകരെ തേടി പ്രജീഷും കുടുംബവും
text_fieldsമുണ്ടക്കൈ(വയനാട്): ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലെ പുഞ്ചിരി 8-ാം നമ്പർ ഏലമല റോഡിൽ നിർമാണത്തിലുള്ള റിസോർട്ടിൽ 15ഓളം പേർ കുടുങ്ങിക്കിടക്കുന്നു. ഉരുൾപൊട്ടുന്നതറിഞ്ഞ് ഓടിരക്ഷപ്പെട്ടവരാണ് ഇവിടെ അഭയം പ്രാപിച്ചത്. ഇതിൽ ചിലരുടെ വീട് പൂർണമായും തകർന്നിട്ടുണ്ട്.
‘ഇവിടെ ഇപ്പോ കുട്ടികളും മുതിർന്നവരും അടക്കം15 പേരുണ്ട്. പുഞ്ചിരിമട്ടം വനറാണി എസ്റ്റേറ്റ് കഴിഞ്ഞ് 300 മീറ്റർ പിന്നിട്ടാലുള്ള നിർമാണം നടക്കുന്ന ഏല റിസോർട്ടിലാണ് ഞങ്ങളുള്ളത്. ഇതുവരെ രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താനായിട്ടില്ല. എന്റെ ഭാര്യയും രണ്ട് മക്കളും അമ്മയും ഇവിടെയുണ്ട്. തൊട്ടുമേലെയും താഴെയുമുള്ള വീട്ടുകാർ, അന്യസംസ്ഥാനക്കാരായ മൂന്ന് തൊഴിലാളികൾ എന്നിവർ ഇവിടെയുണ്ട്’ - റിസോർട്ടിൽ അഭയം തേടിയ പ്രജീഷ് ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു. കൂടെയുള്ളവരുടെ വീടുകൾ തകർന്നതായും തന്റെ വീട് നിൽക്കുന്ന സ്ഥലത്ത് ദുരന്തം ബാധിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടേക്കുള്ള പാലം തകർന്നിരിക്കുന്നതിനാൽ വഴി തടസ്സപ്പെട്ടിരിക്കുകയാണ്. സൈന്യവും രക്ഷാപ്രവർത്തകരും ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രജീഷും കുടുംബവും അടക്കം കഴിയുന്നത്. ഇന്നലെ എയർലിഫ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല.
അതിനിടെ, ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചു. സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എന്‍.ഡി.ആര്‍.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും തിരച്ചിൽ പങ്കാളികളാകും.
ഇതുവരെ മരിച്ചവരുടെ എണ്ണം 151 ആയി. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. നിരവധി പേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ 148 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൽപറ്റ ജനറൽ ആശുപത്രിയിൽ 15 പേരും വിംസ് മെഡിക്കൽ കോളജിൽ 106 പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തിൽ 27 പേരും ചികിത്സയിലുണ്ട്. 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽ മരിച്ച 129 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുക. തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുക. വീടിന്‍റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാൽ മാത്രമേ ആളുകളെ കണ്ടെത്താനാവൂ. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെടുത്ത ചാലിയാർ പുഴയിലും ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. കൂടുതൽ മൃതദേഹങ്ങൾ ഉൾവനത്തിലെ പുഴയിലുണ്ടോ എന്നറിയാനാണ് തിരച്ചിൽ. മലവെള്ളപ്പാച്ചിലിൽ മൃതദേഹങ്ങൾ ചാലിയാറിലൂടെ താഴോട്ട് ഒഴുകിപ്പോയിട്ടുണ്ടെന്ന സംശയവുമുണ്ട്. നിലമ്പൂർ, മുണ്ടേരി, പനങ്കയം പാലം, വെള്ളിലമാട്, ശാന്തിഗ്രാമം, കമ്പിപ്പാലം, ഇരുട്ടുകുത്തി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ മൃതദേഹങ്ങൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.