ഇനി അവന്തിക മാത്രം; കണ്ണീർനോവായി കുടുംബത്തിലെ 10 പേർ
text_fieldsമനാമ: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബഹ്റൈൻ പ്രവാസിയായ സരിത കുമാറിന് നഷ്ടമായത് 10 ബന്ധുക്കളെയാണ്. സരിതയുടെ ചേച്ചിയുടെ വീട്ടിൽ അന്തിയുറങ്ങിയ ബന്ധുക്കളും പരിസരവാസികളുമായ 10 പേരെ മലവെള്ളപ്പാച്ചിൽ കൊണ്ടുപോയി. എട്ടുവയസ്സുകാരി അവന്തിക മാത്രമാണ് ബാക്കിയായത്.
മലപ്പുറം സ്വദേശിയായ സരിതയുടെ സഹോദരി രജിത വിവാഹശേഷം ഭർത്താവിന്റെ വീടായ മുണ്ടക്കൈയിലായിരുന്നു താമസം. മുണ്ടക്കൈയിലെ വീട്ടിൽ സഹോദരി ഭർത്താവിന്റെ അമ്മ നാഗമ്മയും (78) മറ്റു മക്കളും അവരുടെ കുടുംബാംഗങ്ങളുമുണ്ടായിരുന്നു. സഹോദരിയും ഭർത്താവും കുഞ്ഞുങ്ങളും ദുരന്ത ദിവസം അടിവാരത്തെ വീട്ടിലായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് സരിത പറയുന്നു.
മഴ ശക്തമായപ്പോൾ സമീപത്തുണ്ടായിരുന്ന ബന്ധുക്കളെല്ലാം നാഗമ്മയുടെ വീട്ടിൽ ഒന്നിച്ചുകൂടുകയായിരുന്നു. അത് കൂട്ട ദുരന്തത്തിലേക്കാണ് വഴിവെച്ചതെന്നു മാത്രം. നാഗമ്മക്ക് പുറമെ മകൾ മരുതാ (48), മരുതയുടെ ഭർത്താവ് രാജൻ (59), മക്കളായ ഷിജു (23), ജിനു (26), ജിനുവിന്റെ ഭാര്യ പ്രിയങ്ക (23), സഹോദരന്റെ മകൾ വിജയലക്ഷ്മി (30), അവരുടെ ഭർത്താവ് പ്രശോഭ് (38), മകൻ അശ്വിൻ (14) എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഇതിൽ ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരുതയുടെ മകൾ ആൻഡ്രിയ (15), പ്രശോഭ്, ജിനു എന്നിവരുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. രക്ഷപ്പെട്ട അവന്തിക വിജയലക്ഷ്മിയുടെയും പ്രശോഭിന്റെയും മകളാണ്. ആരോ കൈയിലെടുത്തോടിയതുകൊണ്ടു മാത്രമാണ് അവന്തിക രക്ഷപ്പെട്ടത്. അവന്തികയുടെ പിതാവിന്റെ ബന്ധുക്കളാണ് ഇപ്പോൾ ആശുപത്രിയിൽ കൂടെയുള്ളത്.
മരിച്ച ഷിജു കാമറ അസിസ്റ്റന്റായിരുന്നു. ഫെഫ്ക അംഗമായിരുന്ന ഷിജു നിരവധി സീരിയലുകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. ചിരപരിചിതരായ ബന്ധുക്കൾക്കുണ്ടായ ദുരന്തം സഹിക്കാവുന്നതല്ലെന്ന് 10 വർഷമായി ബഹ്റൈനിലുള്ള സരിത ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഭർത്താവ് മീനാകുമാറിനൊപ്പം ഗുദൈബിയയിൽ താമസിക്കുന്ന സരിത സംഘടന പ്രവർത്തനങ്ങളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.