വയനാട്: ആവശ്യങ്ങൾ നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി
text_fieldsതിരുവനനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിതരോട് കേന്ദ്ര സർക്കാർ കാട്ടുന്നത് കടുത്ത അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായം ആവശ്യപ്പെട്ടെങ്കിലും ഒരു രൂപപോലും ലഭിച്ചില്ല. ഇതിനിടയിൽ മറ്റ് പല സംസ്ഥാനങ്ങൾക്കും രേഖാമൂലം ആവശ്യപ്പെടാതെ സഹായം നല്‍കി. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രിയുടെ സന്ദർശനം നടന്നിട്ട് നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമർപ്പിച്ചിട്ട് മൂന്ന് മാസത്തിലധികവും. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരുരൂപ പോലും കേരളത്തിന് നൽകിയില്ല. ഇതിനകം വിവിധ പ്രവർത്തനങ്ങൾക്കായി 25 കോടിയിലധികം രൂപ കേരളം അനുവദിച്ചു. പി.എം.എൻ.ആർ.എഫിൽനിന്ന് മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായമായും ഗുരുതര പരിക്കേറ്റവർക്കുള്ള ചികിത്സ സഹായമായും 3.31 കോടി രൂപ മാത്രമാണ് കേന്ദ്രം ലഭ്യമാക്കിയത്. റിക്കവറി ആൻഡ് റീകൺസ്ട്രക്ഷൻ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയത്.
മേപ്പാടി-ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് ‘തീവ്രസ്വഭാവമുള്ള ദുരന്തം’ ആയി പ്രഖ്യാപിക്കുക, ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുക, ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് അടിയന്തര സഹായം അനുവദിക്കുക എന്നീ കേരളം ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂല മറുപടി തന്നിട്ടില്ല. ഈ ആവശ്യങ്ങൾ നേടാൻ കേരളത്തിൽനിന്നുള്ള എം.പിമാരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എം.പിമാരായ കേരളീയരും ഒറ്റക്കെട്ടായി നിൽക്കണം. കേരളത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞ സാഹചര്യത്തിൽ 24,000 കോടി രൂപയുടെ സ്‌പെഷൽ പാക്കേജ് അനുവദിക്കുക, കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും നേടാൻ എം.പിമാരുടെ പിന്തുണ മുഖ്യമന്ത്രി അഭ്യർഥിച്ചു.
സംസ്ഥാനത്തിനായി ഇടപെടുെമന്ന് എം.പിമാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷിരാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കേരളത്തിൽനിന്നുള്ള എം.പിമാർ അറിയിച്ചു. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം ലഭിക്കാൻ ഒന്നിച്ചുള്ള ശ്രമങ്ങൾക്ക് തയാറാണെന്നും എം.പിമാർ വ്യക്തമാക്കി. യോഗത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എം.ബി. രാജേഷ്, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്, ഒ.ആർ. കേളു. ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ, ബെന്നി ബഹന്നാൻ, എൻ.കെ. പ്രമചന്ദ്രൻ, ഹൈബി ഈഡൻ, പി. സന്തോഷ് കുമാർ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, അടൂർ പ്രകാശ്, എം.കെ. രാഘവൻ, ജെബി മേത്തർ, എ.എ. റഹീം, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.