മനസ്സൊരുക്കും അതിജീവനത്തിനായി
text_fieldsകൽപറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ച കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായുള്ള മാനസിക പിന്തുണാ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.കെ, എസ്.സി.ഇ.ആര്.ടി എന്നിവയുടെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം മൊഡ്യൂളുകള്‍ സജ്ജമാക്കും. ആഗസ്റ്റ് 29 മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിക്കും. പരിശീലനം ലഭിച്ച അധ്യാപകര്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. ദുരന്തബാധിതരായ ആളുകളെ മാറ്റിപ്പാര്‍പ്പിച്ച മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികള്‍ക്ക് ക്ലാസ് ആരംഭിച്ചിട്ടുണ്ട്. സ്കൂളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് പത്താം തരക്കാര്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്.
വെള്ളരിമല വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മുണ്ടക്കൈ ഗവ. എല്‍.പി സ്കൂള്‍ എന്നിക്ക് പുറമെ മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ്സ് യു.പി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. ഹൈസ്കൂള്‍ റിപ്പണ്‍, അരപ്പറ്റ സി.എം.എസ് സ്കൂളുകളിലെ ഒന്നാംപാദ പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധിക സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ ഡൈനിങ് ഹാളിന് മുകള്‍ നിലയില്‍ രണ്ട് നിലയില്‍ 8 ക്ലാസ് മുറികളും അനുബന്ധമായി ശുചിമുറി സംവിധാനവും ഒരുക്കുന്നതിന് ബില്‍ഡിങ് കോണ്‍ട്രോക്ടര്‍ അസോസിയോഷനുമായി ധാരണയായിട്ടുണ്ട്. വെള്ളരിമല ഹയര്‍സെക്കന്‍ഡറി, മുണ്ടക്കൈ എല്‍.പി. സ്കൂളുകളിലെ നഷ്ടപ്പെട്ട മുഴുവന്‍ പാചക ഉപകരണങ്ങളും പുനഃസ്ഥാപിക്കുന്നതിന് വിവിധ എന്‍.ജി.ഒ സംഘടനകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് പറഞ്ഞു. ലാപ്ടോപ്, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ഐ.ടി ലാബ് എന്നിവ കൈറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും.
630 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു
കൽപറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്നാഴ്ചക്കകം ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സർക്കാർ. 160 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിശ്ചയിച്ചു നല്കി. പുനരധിവസിപ്പിച്ചതില്‍ 26 എണ്ണം സര്‍ക്കാര്‍ കെട്ടിടങ്ങളാണ്. നിലവില്‍ 5 ക്യാമ്പുകളില്‍ 97 കുടുംബങ്ങളാണ് തുടരുന്നത്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കല്പറ്റ, മുട്ടില്‍, അമ്പലവയല്‍, മീനങ്ങാടി, വേങ്ങപ്പള്ളി, പൊഴുതന തുടങ്ങിയ തദ്ദശ സ്വയംഭരണ സ്ഥാപന പരിധിയിലാണ് കൂടുതലായി പുനരധിവാസം നടന്നത്.
ദുരന്ത ബാധിതരുടെ താൽപര്യം കൂടി പരിഗണിച്ചാണിത്. 304 അന്തർ സംസ്ഥാന തൊഴിലാളികളെ ക്യാമ്പുകളില്‍നിന്ന് മാതൃ സംസ്ഥാനത്തേക്ക് അയച്ചു. ബാക്കിയുള്ളവരെ സുരക്ഷിതമായ മറ്റു തൊഴിലിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ക്യാമ്പുകളില്‍ ഉണ്ടായിരുന്ന 211 തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ 54 കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. സുരക്ഷിതമായ തൊഴിലിടങ്ങളിലേക്കും വാടക വീടുകളിലേക്കുമാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്.
ശുചീകരണത്തിന് തൊഴിലാളി സേന
ചൂരല്‍മല: തോട്ടം തൊഴിലാളികളുടെ കേന്ദ്രമായ ചൂരൽമലയിൽ സന്നദ്ധ പ്രവർത്തനം നടത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികൾ. എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളി സന്നദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് 250 ഓളം പ്രവർത്തകർ ചൂരൽമല ആശുപത്രി, ജുമാ മസ്ജിദ്, പൊതുസ്ഥലങ്ങള്‍ തുടങ്ങി വിവിധ ഭാഗങ്ങൾ വൃത്തിയാക്കിയത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പ്രവർത്തകർ എത്തിയത്. ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ എ. ശോഭ, കെ.സി. ജയപാലൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, പി.കെ. മൂർത്തി, സി.എസ്. സ്റ്റാന്‍ലി, വിജയന് ചെറുകര, കെ.കെ. അഷറഫ്, സി.പി. മുരളി, ആർ. പ്രസാദ്, എലിസബത്ത് അസീസി എന്നിവർ നേതൃത്വം നൽകി.
കാലിക്കറ്റ് സർവകലാശാല സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം
കൽപറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടിട്ടുള്ള കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിലവിൽ പഠിക്കുന്നവർ, പഠനം പൂർത്തിയാക്കിയവർ എന്നിവർക്ക് അപേക്ഷ നൽകാം. കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് കോഓഡിനേഷൻ സെല്ലിന്റെ നോഡൽ ഓഫിസിലെത്തി വ്യാഴാഴ്ച അപേക്ഷ നൽകാമെന്ന് നോഡൽ ഓഫിസർ സോബിൻ വർഗീസ് അറിയിച്ചു. നടപടിക്രമങ്ങൾ ലഘൂകരിച്ച് എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. നേരിട്ട് എത്താൻ സാധിക്കാത്തവർ 9496810543 നമ്പറിൽ ബന്ധപ്പെടണം.
റേഷൻ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്
കൽപറ്റ: ഉരുൾപൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.