ഉരുൾ പുനരധിവാസം: സ്വന്തം ഭൂമി വാങ്ങാനൊരുങ്ങി സർക്കാർ
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തബാധിതരുടെ ടൗൺഷിപ്പ് പദ്ധതിക്കായി, സർക്കാർ സ്വന്തം ഭൂമിതന്നെ വില കൊടുത്തുവാങ്ങാൻ കളമൊരുങ്ങുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടതുമായ ഭൂമി വൻകിട എസ്റ്റേറ്റ് ഉടമകളിൽനിന്ന് തിരിച്ചുപിടിക്കാൻ മുൻകാലങ്ങളിൽ നടപടി സ്വീകരിക്കാതിരുന്നതിനാലാണിത്.
1947ന് മുമ്പ് വിദേശകമ്പനികളും ബ്രിട്ടീഷ് പൗരന്മാരും കൈവശം വെച്ച ഏക്കർകണക്കിന് ഭൂമിയാണ് വയനാട്ടിലുള്ളത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതോടെ വിദേശകമ്പനികൾ അവരുടെ ഭൂസ്വത്തുക്കൾ ഇന്ത്യൻ സർക്കാറിന് കൈമാറണമെന്നാണ് നിയമം. ഇതിലുൾപ്പെട്ട ഭൂമിയാണ് എൽസ്റ്റൺ എസ്റ്റേറ്റും നെടുമ്പാല എസ്റ്റേറ്റും. ഇത്തരം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്നാണ് സർക്കാർ നിയമിച്ച വിവിധ കമീഷനുകൾ റിപ്പോർട്ടുകൾ നൽകിയതെങ്കിലും നടപടിയുണ്ടായില്ല.
ഹാരിസൺ ഭൂമി വര്‍ഷങ്ങള്‍ മുമ്പ് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടതാണെന്നാണ് സജിത് ബാബു, ജസ്റ്റിസ് മനോഹരന്, നിവേദിത പി. ഹരന് കമീഷനുകൾ കണ്ടെത്തിയത്. ലാൻഡ് റിസംപ്ഷൻ ഓഫിസറായി സംസ്ഥാന സർക്കാർ നിയമിച്ച എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ടും ഇക്കാര്യം ശരിവെച്ചിരുന്നു. എന്നിട്ടും സർക്കാർ നിയമനിർമാണത്തിന് തയാറായില്ല. രാജമാണിക്യം കേരളത്തിൽ ഇത്തരത്തിലുള്ള 1,40,000 ഏക്കർ ഭൂമി കണ്ടെത്തിയതിൽ 59,000 ഏക്കർ വയനാട്ടിലാണ്.
ഹാരിസൺസ് കേസിൽ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. അത് പ്രകാരം മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് 2019ൽ ഉത്തരവിട്ടെങ്കിലും വയനാട് ജില്ല ഭരണകൂടം ഫമൗനം പാലിച്ചു. എന്നാൽ, ടൗൺഷിപ്പ് വിഷയത്തിൽ എസ്റ്റേറ്റ് ഉടമകൾ ഹൈകോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് വയനാട് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ ഭൂമിയിൽ സർക്കാറിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സുൽത്താൻ ബത്തേരി സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഹൈകോടതിയുടെ കഴിഞ്ഞ ദിവസത്തെ പുതിയ ഉത്തരവോടെയാണ് സർക്കാറിന്റെ ഉടമസ്ഥാവകാശത്തിൽ എത്തേണ്ട ഭൂമി നിലവിലെ ഉടമകളിൽനിന്ന് സർക്കാർതന്നെ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ വന്നത്. ഇരു എസ്റ്റേറ്റുകളും നിയമ-തൊഴിൽ പ്രശ്നങ്ങളുള്ള ഭൂമിയാണെന്നത് സംബന്ധിച്ച് സെപ്റ്റംബർ 30ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ കല്പറ്റ ബൈപാസിനോട് ചേര്‍ന്ന പുല്പാറ ഡിവിഷനിലെ 78.73 ഏക്കറും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കര്‍ ഭൂമിയുമാണ് ടൗണ്‍ഷിപ്പ് പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉത്തരവിറക്കിയത്. എന്നാൽ, ഉത്തരവ് റദ്ദാക്കണമെന്നും തങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരം കിട്ടുന്ന എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഇരു എസ്റ്റേറ്റ് ഉടമകളും ഹൈകോടതിയെ സമീപിച്ചു.
പൊതുതാൽപര്യപ്രകാരം ഭൂമിയേറ്റെടുക്കാൻ സർക്കാറിന് പരമാധികാരമുണ്ടെന്നും തോട്ടം ഉടമകൾക്ക് നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം തിങ്കളാഴ്ച കൽപറ്റ പുൽപാറയിലെ ഭൂമിയിൽ റവന്യൂവകുപ്പിന്റെ സർവേ നടപടികൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.