വയനാട് പുനരധിവാസം: ഭൂമിക്ക് നൽകുക 26.56 കോടി
text_fieldsഎൽസ്റ്റൺ എസ്റ്റേറ്റ് (ഫയൽ ചിത്രം)
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിക്ക് നഷ്ടപരിഹാരമായി 26.56 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ടൗൺഷിപ് നിർമിക്കുന്നതിന് വൈത്തിരി താലൂക്ക് കൽപറ്റ വില്ലേജിൽ ബ്ലോക്ക് 19 ൽ റീസർവേ നമ്പർ 88/158, 88/159, 88/62 88/66, 88/137 എന്നിവയിൽപെട്ട എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്.
ഇതിന് വിശദ വില വിവര റിപ്പോർട്ടിൽ പരാമർശിച്ച 26,56,10,769 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന് പുറമെ, നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നത്. രണ്ടു എസ്റ്റേറ്റുകളിലുമായി പുനരധിവാസത്തിനുള്ള ടൗൺഷിപ് പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഇതിൽ ആദ്യഘട്ടമായി എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ് പദ്ധതിക്ക് ഈ മാസം 27ന് തറക്കല്ലിടുമെന്ന് മന്ത്രി കെ. രാജൻ കഴിഞ്ഞ 11ന് നിയമസഭയിൽ അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടി 10 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.
അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷം
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്കും മാതാപിതാക്കളിലൊരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 18 വയസ്സ് വരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം. നേരത്തെ വനിത ശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. തുക ജില്ല കലക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷാകർത്താവിന് ഓരോ മാസവും നൽകുന്നതിന് വയനാട് ജില്ല കലക്ടറെ ചുമതലപ്പെടുത്തി.
തസ്തികകൾ ഒരുക്കും
വയനാട് ടൗൺഷിപ് പദ്ധതികളുടെ നടത്തിപ്പിനായി രൂപവത്കരിച്ച പദ്ധതി നിർവഹണ യൂനിറ്റിൽ വിവിധ തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. അക്കൗണ്ട്സ് ഓഫിസർ, സിവിൽ എൻജിനീയർ എന്നീ തസ്തികകൾ സൃഷ്ടിക്കും. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ എന്ന തസ്തിക ഫിനാൻസ് ഓഫിസർ എന്ന് പുനർനാമകരണം ചെയ്യും. സ്റ്റാഫിന്റെ നിയമനം നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ വയനാട് ടൗൺഷിപ് പ്രോജക്ട് സ്പെഷൽ ഓഫിസർക്ക് അനുമതി നൽകും. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂനിറ്റിന്റെ തലവനായി വയനാട് ടൗൺഷിപ് പ്രോജക്ട് സ്പെഷൽ ഓഫിസറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.