വയനാട് ഉരുൾ ദുരന്തം; റുഖിയയെയും നജയെയും ഇനിയും കണ്ടെത്താനായില്ല
text_fieldsമലപ്പുറം: വയനാട് ഉരുൾപൊട്ടലിൽ ചൂരൽമല വലിയ പീടിയേക്കൽ തറവാടിന് നഷ്ടമായത് ഏഴുപേരെ. ഇവരിൽ മുത്തശ്ശി റുഖിയയെയും പേരമകൾ നജ ഫാത്തിമയെയും 10 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
ചൂരൽമല സ്കൂൾ റോഡിൽ, പുഴക്കു സമീപമുള്ള ഇവരുടെ രണ്ടു വീടുകളാണ് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. റുഖിയ (72 ), മകൻ ഉനൈസ് (39), ഭാര്യ ഷെഫീന (35), മക്കളായ നജ ഫാത്തിമ (16), അമീൻ (12), റുഖിയയുടെ മൂത്ത മകൾ റംലത്ത് (45), ഭർത്താവ് അഷ്റഫ് (50) എന്നിവരെയാണ് ഉരുൾപൊട്ടലിൽ കാണാതായത്. ഇവരിൽ റംലത്ത്, അഷ്റഫ്, ഉനൈസ്, ഷെഫീന, അമീൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചാലിയാറിലൂടെ ഒഴുകിയെത്തിയ ഉനൈസിന്റെ മൃതദേഹം നിലമ്പൂരിൽനിന്നാണ് കിട്ടിയത്. മേപ്പാടി സി.എച്ച്.സിയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.
മുത്തശ്ശി റുഖിയ, പേരമകൾ നജ ഫാത്തിമ എന്നിവരെപ്പറ്റി ഒരു വിവരവുമില്ല. റുഖിയയുടേതാണെന്ന സംശയത്തിൽ മേപ്പാടി സി.എച്ച്.സിയിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽ ചിലത് പലതവണ ബന്ധുക്കൾ പോയി നോക്കിയെങ്കിലും തിരിച്ചറിയാനായില്ല. ചാലിയാറിൽ കണ്ടെത്തുന്ന മൃതദേഹങ്ങളിൽ ഇവരുണ്ടോ എന്ന അന്വേഷണത്തിലാണ് കുടുംബം. റുഖിയയും മകൻ ഉനൈസും ഭാര്യയും മക്കളും ഒരു വീട്ടിലും റംലത്തും ഭർത്താവ് അഷ്റഫും തൊട്ടടുത്ത വീട്ടിലുമായിരുന്നു താമസം.
ഉനൈസിന്റെ വീട്ടിൽ ഇനി ആരും ബാക്കിയില്ല. റംലത്തിനും അഷ്റഫിനും ഒരു മകളും ഒരു മകനുമുണ്ട്. ഉപ്പയുടെയും ഉമ്മയുടെയും വേർപാടിനെ തുടർന്ന് മകൻ ദുബൈയിൽനിന്ന് തിരിച്ചെത്തിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു ഷെഫീന. നേരത്തേ മേപ്പാടി സ്കൂളിലെ പ്ലസ് വൺ തുല്യത പഠിതാവായിരുന്നു. നജ ഫാത്തിമയും അമീനും വെള്ളാർമല ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളായിരുന്നു. പഠനത്തിൽ മിടുക്കരായിരുന്നു ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.