ഉയിർപ്പിന്‍റെ മുഖമായി ശ്രുതി ആശുപത്രി വിട്ടു
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ആശുപത്രിവിട്ടു. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് ശ്രുതി ആശുപത്രിയിൽനിന്ന് മടങ്ങിയത്. ടി. സിദ്ദീഖ് എം.എൽ.എ ആശുപത്രിയിലെത്തിയിരുന്നു. ശ്രുതിക്ക് ജോലി ചെയ്യാൻ നാളെ തന്നെ ലാപ്ടോപ് എത്തിച്ചുനൽകുമെന്ന് അദ്ദേഹം പറഞ്ഞു.
എമിലിയിലെ അച്ഛന്‍റെ സഹോദരന്‍റെ വീട്ടിലേക്കാണ് ശ്രുതി ഇപ്പോൾ പോയിരിക്കുന്നത്. ഇരുകാലിലും ഒടിവും ചതവുമുണ്ടായിരുന്ന ശ്രുതിക്ക് ഇടതുകാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. വയനാട് ഉരുൾദുരന്തത്തിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. പിതാവിന്‍റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തിൽ നഷ്ടമായത്. പിന്നീട് താങ്ങായി കൂടെ നിന്ന പ്രതിശ്രുത വരൻ ജെൻസൺ വാഹനാപകടത്തിൽ മരിക്കുകയായിരുന്നു.
ഈ മാസം പത്തിന് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസിൽ ഇടിച്ചായിരുന്നു അപകടം. സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു ശ്രുതിയും ജെൻസണും. ഡിസംബർ ഇരുവരെയും വിവാഹം തീരുമാനിച്ചിരിക്കെയാണ് ജെൻസൻ ശ്രുതിയെ തനിച്ചാക്കി പോയത്.
ഇന്നലെ പുത്തുമലയിലെ പൊതുശ്മശാനത്തിൽനിന്ന് ശ്രുതിയുടെ അമ്മയുടെ മൃതദേഹം പുറത്തെടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ ശ്മശാനത്തിൽ ദഹിപ്പിച്ചിരുന്നു. ഇതിനായി ആശുപത്രിയിൽനിന്ന് ആംബുലൻസിൽ ശ്രുതിയെ ശ്മശാന പരിസരത്തേക്കു കൊണ്ടുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.